- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്ക്ക് എടുത്ത കാർ പണയം വച്ചു പണം പങ്കിട്ടു; റിസോർട്ടിൽ അടിപൊളി ജീവിതം; മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്
പത്തനംതിട്ട: വാടകയ്ക്ക് എടുത്ത കാർ സംഘം ചേർന്ന് പണയം വയ്ക്കുകയും പണം പങ്കിട്ടെടുത്ത് റിസോർട്ടുകളിൽ ആഡംബര ജീവിതം നയിക്കുകയും ചെയ്ത മൂന്നു യുവാക്കളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ കെ.ജി. ഗോപു(27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറ തുണ്ടിയിൽ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര കാർത്തികയിൽ സുജിത് (32) എന്നിവരെയാണ് ചെറായിയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്.
പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അഖിലിന്റെ അമ്മയുടെ പേരിലുള്ള വാഗണർ കാർ മാർച്ച് നാലിനാണ് ഗോപു വാടകയ്ക്ക് എടുത്തത്. കോയമ്പത്തൂരിൽ നിന്നും മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് കാർ വാങ്ങിയത്.
രണ്ടു മാസം കഴിഞ്ഞിട്ടും കാർ തിരികെ നൽകാതെ വന്നപ്പോൾ വിശ്വാസ വഞ്ചനയ്ക്ക് അഖിലിന്റെ മൊഴിവാങ്ങി കോയിപ്രം പൊലീസ് ജൂൺ ഒന്നിന് കേസെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം കോയിപ്രം പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. ഗോപുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എറണാകുളത്ത് ഉള്ളതായി വ്യക്തമായി.
തുടർന്ന്, ഒന്നിന് രാത്രി മുനമ്പം ചെറായി കടപ്പുറത്തെ റിസോർട്ടിൽ നിന്നും മൂന്നുപേരെയും പിടികൂടുകയായിരുന്നു. ഗോപുവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കാർ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ അനീഷ് കുമാറിന് കൈമാറിയതായി വ്യക്തമായി. ഒരു വീട്ടിൽ നിന്നും ഓട്ടത്തിനായി എടുത്തു കൊണ്ടു വന്ന കാർ ആണെന്ന് രണ്ടാം പ്രതിക്ക് അറിയാമായിരുന്നു. പൊലീസ് സംഘം അനീഷ് കുമാറിന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തശേഷം ചോദ്യം ചെയ്തപ്പോൾ, മൂന്നാം പ്രതിക്ക് വാഹനം കൈമാറിയതായി അറിഞ്ഞു.
സുജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊല്ലം കുരീപ്പുഴയിലുള്ള ഹർഷാദ് എന്നയാൾക്ക് കാർ പണയം വച്ചതായും കിട്ടിയ പണം മൂവരും പങ്കിട്ടെടുത്തതായും മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവല്ല ഡിവൈഎസ്‌പി. ടി. രായപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ കോയിപ്രം എസ്ഐ അനൂപ്, എഎസ് ഐ ഷിറാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ബാബു, സിപിഒ. സുജിത് പ്രസാദ്, ബിനു കെ ഡാനിയേൽ അജിത്, സുശാന്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്