പത്തനംതിട്ട: കുമ്പനാട് നാഷണൽ ക്ലബിൽ പണം വച്ച് ചീട്ടുകളിച്ച കേസിൽ പ്രതികളായ ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്ക് സസ്പെഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ എസ്‌കെ അനിൽ, പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടർ യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അനൂപ് കൃഷ്ണൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അനൂപിനെ സംഭവ സ്ഥലത്ത് വച്ചു തന്നെ പിടികൂടിയിരുന്നു. ഗ്രേഡ് എസ്ഐയെ തിരിച്ചറിഞ്ഞ റെയ്ഡിനെത്തിയ പൊലീസുകാർ ഇയാളെ അപ്പോൾ വിട്ടയച്ചെങ്കിലും പിന്നീട് എസ്‌പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കോയിപ്രം സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഹാജരായി ജാമ്യം എടുത്തിരുന്നു. അനിൽ കുറേക്കാലമായി മെഡിക്കൽ ലീവിലാണ്.

നേരത്തേ കുമ്പനാട് ക്ലബിൽ ചീട്ടുകളിച്ചതിന് അനിലിനെതിരേ നടപടിയുണ്ടായിരുന്നു. ആറന്മുളയിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. ശിക്ഷാ നടപടിയുടെ ഭാഗമായി തണ്ണിത്തോട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. അവിടെ നിന്ന് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരിടെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലേക്ക് മാറ്റം വാങ്ങി എത്തിയെങ്കിലും ഇവിടെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. വീണ്ടും നിയമനം കിട്ടിയത് റാന്നിയിലാണ്.

ഇവിടെ വച്ച് സല്യൂട്ട് ചെയ്തില്ല എന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ മർദിച്ചുവെന്ന പരാതിയിൽ ഇയാളെ എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് മെഡിക്കൽ ലീവിൽ പ്രവേശിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് ക്ലബിൽ എസ്‌പിയുടെ ഡാൻസാഫ് ടീം പരിശോധന നടത്തിയത്. 10.13 ലക്ഷം രൂപയും കണ്ടെടുത്തു. 11 പേരെ അറസ്റ്റ് ചെയ്തു. പൊലീസുകാരൻ അനൂപ് കൃഷ്ണൻ ഇന്നാട്ടുകാരനല്ലാത്തതിനാലാണ് അന്ന് പ്രതിയാക്കപ്പെട്ടത്. റെയ്ഡിന് ചെന്ന പൊലീസുകാർക്ക് ഇയാളെ അറിയില്ലായിരുന്നു. അറിയാമായിരുന്നുവെങ്കിൽ അനിലിനെപ്പോലെ ഒഴിവാക്കി വിട്ട ശേഷം നടപടി എടുക്കുമായിരുന്നു.

മുൻ ഡിജിപി, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, കേരളത്തിലും വിദേശത്തുമുള്ള അതിസമ്പന്നർ എന്നിവരുൾപ്പെടുന്നതാണ് നാഷണൽ ക്ലബ്. ഇവിടെ അംഗത്വമെടുക്കാൻ ലക്ഷങ്ങളാണ് നൽകേണ്ടത്. ജീവകാരുണ്യ പ്രവർത്തനം, ഭവന നിർമ്മാണ ധനസഹായം, വിവാഹ സഹായം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ക്ലബിന്റെ ഭാഗമായുണ്ട്. പക്ഷേ, പണം വച്ചുള്ള ചീട്ടുകളിക്ക് കുപ്രസിദ്ധമാണ് ഇവിടം. മുൻപും ഇവിടെ പരിശോധന നടന്നിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയിലെ ഭിന്നതയാണ് ഇത് പൊലീസ് റെയ്ഡിലേക്ക് എത്തിച്ചത്.