- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച വിളവിലും ഏലം കർഷകർക്ക് തിരിച്ചടിയായി വിലത്തകർച്ച; കിലോയ്ക്ക് 2200 രൂപ വരെയുണ്ടായിടത്ത് നിലവിലെ വില 800 രൂപ മാത്രം; വിലത്തകർച്ചയ്ക്ക് കാരണമായത് ലോക്ഡൗണിനെത്തുടർന്ന് കയറ്റുമതി നിലച്ചത്; മികച്ച വിളവിലും കോവിഡിനെ ശപിച്ച് വയനാട്ടിലെ ഏലം കർഷകർ
വയനാട്: മികച്ച വിളവുണ്ടായിട്ടും അതിന്റെ ഗുണഫലങ്ങൾ ഒന്നും തങ്ങൾക്ക് ലഭിക്കാത്തതിന്റെ കഷ്ടതയിലാണ് വയനാട്ടിലെ ഏലം കർഷകർ.കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായ മറ്റൊരു വിഭാഗം.മറ്റു കൃഷികളെ അപേക്ഷിച്ച് ഏലം കൃഷിയുടെ മുതൽമുടക്ക് വലുതാണ്.അപ്പോൾ മികച്ച വിളവ് ലഭിച്ചില്ലെങ്കിൽ അത് കർഷകനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.എന്നാൽ ഇത്തവണ മികച്ച വിളവ് ലഭിച്ചിട്ടാണ് വയനാട്ടിലെതുൾപ്പടെ ഏലം കർഷകർക്ക് ഈ ദുരിതം.
കോവിഡ് മഹാമാരിക്കാലത്ത് വിലയിടിവാണ് ഏലം കർഷകർ നേരിടുന്ന പ്രതിസന്ധി. കൊവിഡിന് മുമ്പ് 2200 രൂപവരെ കിലോഗ്രാമിന് വിലയുണ്ടായിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്നത് 800 രൂപയാണ്. രോഗങ്ങൾ കാരണം മരുന്നടിക്കാനും മറ്റും തൊഴിലാളികളെ കൂടുതൽ ആവശ്യം വന്ന കാലം കൂടിയാണിതെന്ന് കർഷകർ പറയുന്നു. അതിനാൽ തന്നെ കിലോക്ക് 800 രൂപ ലഭിച്ചാൽ മുടക്ക് മുതൽ പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണ്. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം കർഷകർ ഉള്ള ജില്ല കൂടിയാണ് വയനാട്.
പുൽപ്പള്ളി, മേപ്പാടി, മുപ്പൈനാട് പഞ്ചായത്തുകളിലാണ് ഇവരിൽ ഭുരിഭാഗവും
രണ്ട് വർഷങ്ങളിലായി ഉണ്ടായ പ്രളയം ഏലച്ചെടികളെ സാരമായി ബാധിച്ചിരുന്നു. ഇതോടെ മികച്ച വിളവും ഗുണമേറിയ കായ്കളും എന്നത് ഭാഗ്യം മാത്രമായി. അതുകൊണ്ട് തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ വർഷങ്ങളിൽ കർഷകനുണ്ടായത്. പക്ഷെ കഴിഞ്ഞ മൂന്ന് വർഷങ്ങളെ വച്ച് നോക്കുമ്പോൾ ഇത്തവണ നല്ല വിളവ് തന്നെയാണ് കർഷകർക്ക് ലഭിച്ചത്. അപ്പോഴേക്കും തിരിച്ചടിയായിവിലയിടിയുകയായിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കയറ്റുമതിയെ ബാധിച്ചതോടെയാണ് വിലയിടിഞ്ഞതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 800 രൂപ ലഭിക്കുന്നുവെന്ന് പറയുന്നത് ഒന്നാംതരം ഏലക്കായക്ക് മാത്രമാണ്. ബാക്കിയുള്ളത് അതിലും കുറവ് വിലയ്ക്കാണ് വിൽക്കുന്നത്. മുൻവർഷങ്ങളിൽ ഉത്പാദനം കുറഞ്ഞെങ്കിലും ഉള്ളവയ്ക്ക് നല്ല വില ലഭിച്ചിരുന്നു. അങ്ങിനെയാണ് ഇത്തവണ കൃഷി ചെയ്യാനെങ്കിലും കർഷകർക്ക് സാധിച്ചത്. ബാക്കി എല്ലാ കാർഷിക വിളകളും തകർച്ച നേരിട്ടപ്പോഴും ഏലം പിടിച്ചുനിന്നതോടെയാണ് കൂടുതൽ പേർ ഏലകൃഷിയിലേക്കെത്തിയത്. നിലവിൽ വയനാട്ടിൽ അഞ്ഞൂറിനടുത്ത് പേർ ഏലം കൃഷിചെയ്യുന്നതായാണ് കണക്ക്.
ഇടനിലക്കാരെ ആശ്രയിച്ചാണ് ഇടുക്കിയിലെ വണ്ടന്മേട്ടിലുള്ള വിപണിയിലേക്ക് വയനാട്ടിൽ നിന്ന് സാധനമെത്തിക്കുന്നത്. അപ്പോൾ അതിലും പ്രതിസന്ധിയുണ്ടാകും.എന്നാൽ വയനാട്ടിൽ ലേലകേന്ദ്രമുണ്ടായിരുന്നെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസമാകുമായിരുന്നുവെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.മുൻകാലങ്ങളിൽ 7000 രൂപ വരെ ലഭിച്ചിരുന്നുവെന്ന് കർഷകർ ഓർത്തെടുക്കുന്നു. കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് വരെ നാലായിരം രൂപക്കടുത്തായിരുന്നു വില. കഴിഞ്ഞ വർഷം 2200 രൂപ ആദ്യഘട്ടത്തിൽ ലഭിച്ചതായും കർഷകർ പറയുന്നു. ലോക്ഡൗണിന് ശേഷമെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
മറുനാടന് മലയാളി ബ്യൂറോ