തൃശൂർ: പതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നാക്രമിച്ച, ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ആറു വർഷം കഠിന തടവ്. അയ്യന്തോൾ സ്വദേശി മോഹൻ രാജ് (60) നെയാണ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 35000 രൂപ പിഴയും ഒടുക്കണം.

ഫ്ലാറ്റ് വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളിൽ സ്പർശിച്ച് അശ്ലീല ഭാഷണം നടത്തിയെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേടിച്ചോടിയ കുട്ടി വീട്ടിൽ പറയുകയും തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിക്കുകയും ചെയ്തു.

ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെയും സെക്യൂരിറ്റി ഓഫീസ് ജീവനക്കാരേയും സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി.

പോക്സോ നിയമം 9, 10 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനും 12 ,11 വകുപ്പുകൾ പ്രകാരം ഒരു വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് വിധി. പിഴയടക്കാത്ത പക്ഷം തടവുശിക്ഷ 4 മാസം കൂടി നീളും. പിഴ തുക അതിജീവിതക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.