- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കൈപ്പറ്റിയിട്ട് വ്യാജരേഖ നൽകി പറ്റിച്ചു; മൂന്നു പേരിൽ നിന്നായി നികുതി ഇനത്തിൽ തട്ടിയെടുത്തത് 27,400 രൂപ; കുരമ്പാല വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബിനുവിനെതിരേ അടൂർ പൊലീസ് പണാപഹരണത്തിന് കേസെടുത്തു
അടൂർ: മൂന്നു പേരിൽ നിന്നായി നികുതിയിനത്തിൽ 27,400 രൂപ തട്ടിയെടുക്കുകയും ട്രാൻസാക്ഷൻ പൂർത്തിയാകാത്ത ഇടപാടിന്റെ വിൻഡോ സ്‌ക്രീൻ ഷോട്ടെടുത്ത് പ്രിന്റായി നൽകുകയും ചെയ്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെതിരേ അടൂർ പൊലീസ് പണാപഹരണത്തിന് കേസെടുത്തു. കുരമ്പാല വില്ലേജിൽ ഫീൽഡ് അസിസ്റ്റന്റായ കെപി ബിനുവിനെതിരേയാണ് അടൂർ തഹസിൽദാരുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബിനു പള്ളിക്കൽ വില്ലേജിൽ ജോലി ചെയ്തിരുന്ന 2019-21 കാലഘട്ടത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. മൂന്നു പേർ കെട്ടിട നികുതി അടയ്ക്കാൻ കൊടുത്ത പണമാണ് തട്ടിയെടുത്തത്.
2019 ഡിസംബർ 24 ന് തെങ്ങമം ശ്രീകൃഷ്ണ ഭവനിൽ താരാദേവി എന്നയാളിൽ നിന്ന് 6000 രൂപ, 2021 ജൂൺ 17 ന് തോട്ടുവ അമ്പാടിയിൽ ജ്യോതിഷ്‌കുമാറിൽ നിന്ന് 3900 രൂപ, ശൂരനാട് നോർത്ത് കയ്‌പ്പള്ളിൽ ഡോ. സതീഷ് കുമാറിൽ നിന്ന് 2021 മെയ് 28 ന് 17500 രൂപ എന്നിങ്ങനെയാണ് തട്ടിയെടുത്തിട്ടുള്ളത്.
സതീഷ്‌കുമാറിനോട് കെട്ടിട നികുതി അടയ്ക്കാത്തത് എന്താണെന്ന് വില്ലേജ് ഓഫീസർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വരുന്നത്. താൻ പണം അടച്ചതാണെന്ന് അദ്ദേഹം മറുപടി നൽകി. 2021 മെയ് 28 ന് പണം അടച്ചതിന്റെ ഒരു രസീതും ഹാജരാക്കി. ഈ രസീതിൽ അപേക്ഷന്റെ പേരും വിലാസവും അടച്ച സമയവും ഫയൽ ക്രിയേറ്റ് ചെയ്തതിന്റെ നമ്പരുമെല്ലാം ഉണ്ടായിരുന്നു. ഇതു വച്ച് പേമെന്റ രജിസ്റ്റർ പരിശോധിച്ചപ്പോൾ അപ്രകാരം ഒരു രസീത് അന്നേ ദിവസം ജനറേറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
തുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ടു പേരുടെ പണം കൂടി ഇങ്ങനെ തട്ടിയെടുത്തിട്ടുള്ളതായി കണ്ടെത്തിയത്. കമ്പ്യൂട്ടറിൽ പണമിടപാട് പൂർത്തിയായി എന്ന രസീത് ജനറേറ്റ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ഘട്ടത്തിലെ പേജിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രിന്റായി നൽകിയാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്.
രസീത് കിട്ടിയവർ ഇത് വേണ്ട രീതിയിൽ പരിശോധിക്കാത്തത് കാരണം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നുമില്ല. കെട്ടിട നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ പട്ടിക എടുത്തു നോക്കിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. പള്ളിക്കൽ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടൂർ തഹസിൽദാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്