തൃക്കരിപ്പൂർ: ഷാർജയിലെ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ തൃക്കരിപ്പൂർ സ്വദേശിക്കെതിരെ ചന്തേര പൊലീസിൽ ലഭിച്ച പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തൃക്കരിപ്പൂർ മട്ടമ്മൽ ചേനോത്ത് തുരുത്തുമ്മൽ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ റഹ്മാനാണ് ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും 83.65 കോടി രൂപ കടമെടുത്ത് ബാങ്കിനെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്.

2017-ൽ ഈ ബാങ്കിൽ നിന്നും കടമെടുത്ത അബ്ദുറഹ്മാൻ 2018 ലാണ് ബാങ്കിനെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്. ബിസിനസ് ആവശ്യത്തിനായി 2017 -ൽ 68.159 മില്യൺ ദിർഹമാണ് ഇദ്ദേഹം ഷാർജ ഇൻവെസ്റ്റ് ബാങ്കിൽ നിന്നും കടമെടുത്തത്. ഇതിൽ 42.8 മില്യൺ ദിർഹം അടച്ചു തീർത്തിരുന്നു. 83,65,65,507 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് അബ്ദുറഹ്മാൻ ബാങ്കിൽ തിരിച്ചടക്കേണ്ടത്. ഷാർജയിലെ ഹെക്‌സാ ഓയിൽ ആൻഡ് ഗ്യാസ് എൽസിസി കമ്പനിയുടെ പേരിലാണ് ബിസിനസ് ആവശ്യം കാണിച്ച് ബാങ്ക് വായ്പ സംഘടിപ്പിച്ചത്.

വായ്പയെടുത്ത തുക ബിനാമി ബിസിനസുകളിൽ നിക്ഷേപിച്ച അബ്ദുറഹ്മാൻ ബാക്കി തുക തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ച് ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നു. ഷാർജ ഇൻവെസ്റ്റ് ബാങ്കിന്റെ പവർ ഓഫ് അറ്റോർണിയായ എറണാകുളത്തെ എക്‌സ്ട്രീം കൺസൾട്ടൻസിയാണ് അബ്ദുറഹ്മാനെതിരെ ചന്തേര പൊലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാരനായ തൃശ്ശൂർ കൈപ്പമംഗലത്തെ പി.എസ് അസിനാണ് പരാതിക്കാരൻ. അബ്ദുറഹ്മാൻ എറണാകുളത്ത് ബിസിനസ് നടത്തി വരുന്നതായാണ് വിവരം.

അതേ സമയം അമ്പതിനായിരം കോടിക്ക് മുകളിലാണ് യുഎഇ ബാങ്കുകളിൽ നിന്നും ഇന്ത്യക്കാർ വായ്പയായി വാങ്ങി കിട്ടാക്കടമായി മാറിയിരിക്കുന്നത് ഇതിൽ കോർപ്പറേറ്റ് - വ്യക്തിഗത വായ്പകളും ഉൾപ്പെടും. അമ്പതിനായിരം കോടി വായ്പകൾ എടുത്ത് മിക്ക കേസുകളും ദുബായ്, അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനികളുടെ കോർപ്പറേറ്റ് വായ്പകളാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിലും വ്യക്തികൾ കൈവശപ്പെടുത്തിയ വായ്പകളും, 6000 കോടിക്ക് മുകളിൽ വരും.

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻബിഡി, മഷ്റെക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക് എന്നിവയും ദുബൈയിലോ അബുദാബിയിലോ ഉള്ള ശാഖകളിലൂടെ ഇന്ത്യൻ സ്ഥാപനങ്ങളോടെ പൗരന്മാരോടെ സമ്പർക്കം പുലർത്തുന്ന ദോഹ ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഒമാൻ, നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ എന്നിവ പോലുള്ള മറ്റ് ചില വായ്പക്കാരും ഇതിനകം വായ്പാ കേസുകളുമായി ബന്ധപ്പെട്ട് യുഎഇയിലെ കോടതികളിലേക്ക് കേസ് കൈമാറിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളിൽ യു.എ.ഇ. സിവിൽ കോടതികളിലെ വിധികൾ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ. ബാങ്കുകളുടെ നീക്കം. ബാങ്കുകൾക്ക് നഷ്ടമായ തുകയിൽ 70 ശതമാനത്തിലധികവും വൻ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാർഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.

യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 2017-ൽ 7.5 ശതമാനമായി ഉയർന്നിരുന്നു. ചില ബാങ്കുകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞു. ഇതോടെ അവ പരസ്പരം ലയിച്ചു. യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എൻ.ബി.ഡി., അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ഉൾപ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾകൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. വൻതുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ ബാങ്കുകൾ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയിൽ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകൾ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖർ സ്ഥിരീകരിക്കുന്നു.

2017-ൽ നിഷ്‌ക്രിയ വായ്പകൾ 7.5 ശതമാനമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് വൻതുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്. ബാങ്കുകൾക്ക് നഷ്ടംവരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവർ തൊഴിൽരഹിതരുമാക്കി.പക്ഷേ ഇപ്പോൾ ബാങ്കുകൾക്ക് ഇന്ത്യയിൽ നടപടിയെടുക്കാൻ കഴിയുമെന്നുളതുകൊണ്ട് യുഎഇ കോടതിയിൽ നിന്ന് ഒരു ഉത്തരവ് എടുത്ത ശേഷം യുഎഇ ബാങ്കുകൾക്ക് ഇന്ത്യയിലെ നിയമ സഹായ ഏജൻസികൾ വഴി പണം തിരിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബാങ്കുകൾ ആദ്യം നോട്ടീസ് നൽകാനും വീഴ്ച വരുത്തിയയാളുടെ പ്രതികരണം തേടാനും ശ്രമിക്കും. പ്രതികരണം തൃപ്തികരമല്ലെങ്കിൽ ഇതിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ ഇന്ത്യയിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത് .