- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വോട്ട് എനിക്കുതന്നെ ചെയ്യണം..നിങ്ങൾക്ക് കുറച്ച് പൈസ തരാം..ആരും അറിയില്ല': തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർക്ക് പണം വാഗ്ദാനം ചെയ്ത കേസിൽ യുഡിഎഫ് കൗൺസിലർ വി.പി. ഫിറോസിന് കോടതിയുടെ നോട്ടീസ്; മാർച്ച് ഒമ്പതിന് കോടതിയിൽ ഹാജരാകണം
മലപ്പുറം: വോട്ട് എനിക്കുതന്നെ ചെയ്യണം. നിങ്ങൾക്ക് കുറച്ച് പൈസ തരാം ആരും അറിയില്ല. വോട്ടർക്ക് പണം വാഗ്ദാനംചെയ്ത് സംസാരിച്ച കേസിൽ മുൻ മഞ്ചേരി നഗരസഭാ വൈസ് ചെയർമാനും പുതിയ കൗൺസിലറുമായ കോൺഗ്രസിലെ വി.പി. ഫിറോസിന് കോടതിയുടെ നോട്ടീസ്.
നോട്ടീസയക്കാൻ മഞ്ചേരി മുൻസിഫ് കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) ആർ കെ രമ ഉത്തരവിട്ടു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് സംഭവം. മഞ്ചേരി നഗരസഭ വാർഡ് 43 പൊറ്റമ്മലിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി പി ഫിറോസ് (45)നും നറുകര ആണ്ടിക്കടവൻ അനിൽദാസ് (38), മഞ്ചേരി പുതുശ്ശേരി അബ്ദുൽ റസാഖ് (48) എന്നിവർക്കാണ് 2021 മാർച്ച് ഒമ്പതിന് കോടതിയിൽ ഹാജരാകാൻ നോട്ടീസയച്ചത്.
തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് തനിക്കനുകൂലമായി ചെയ്യുന്നതിനായി വി പി ഫിറോസ് വോട്ടറോട് ഫോണിൽ ആവശ്യപ്പെടുന്നതും ഇതിനായി പണം വാഗ്ദാനം ചെയ്യുന്നതുമടങ്ങുന്ന ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 23 പോസ്റ്റൽ വോട്ടുകളാണ് 43ാം വാർഡിൽ ഉണ്ടായിരുന്നത്. 52 വോട്ടിന് വി പി ഫിറോസിനോട് പരാജയപ്പെട്ട സി പി എം സ്ഥാനാർത്ഥി എം നിസാറലി എന്ന കുട്ട്യാൻ (51) ആണ് മഞ്ചേരി മുൻസിഫ് കോടതിയെ സമീപിച്ചത്. പണം വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയത് ജനാധിപത്യ വിരുദ്ധമാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി നൽകിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.പി ഫിറോസും കുടുംബനാഥനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരുന്നത്. സംഭാഷണത്തിന്റെ ചുരുക്കം താഴെ:നിങ്ങൾ 15 മിനുട്ടിനുള്ളിൽ തന്റെ വീട്ടിലേക്ക് വരണം. ബൈക്ക് എടുത്ത് വന്നാൽ മതി. ഞാൻ ഗേറ്റിന് മുമ്പിലുണ്ടാകും. വോട്ട് എനിക്കുതന്നെ ചെയ്യണം. നിങ്ങൾക്ക് കുറച്ച് പൈസ തരാം ആരും അറിയില്ല. വേഗം വരണമെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
വാർഡിൽ 47 പോസ്റ്റൽ വോട്ടുകൾ ഉണ്ട്. 35 വോട്ട് ഞാൻ ഉറപ്പിച്ചു. നിങ്ങളും ചെയ്യണം. വോട്ട് രേഖപ്പെടുത്തിയശേഷം അതിന്റെ കോപ്പി വാട്‌സാപ്പിൽ അയച്ചുതരണമെന്നും ഫിറോസ് വോട്ടറോട് ആവശ്യപ്പെടുന്നതും സംഭാഷണത്തിൽ വ്യക്തമായിരുന്നു. ഫോൺ സംഭാഷണം പുറത്തായതോടെ വോട്ടർമാരും പ്രതിഷേധമായി എത്തിയിരുന്നു. എന്നാൽ തന്നെ മോശമാക്കാൻ മറ്റൊരാൾ തന്റെ ശബ്ദത്തിൽ സംസാരിച്ചതാണെന്നായിരിന്നു ഫിറോസിന്റെ വാദം