- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സന്ദർശിക്കണമെന്ന പോപ്പിന്റെ മോഹം സഫലമാകുമോ? ഇന്ത്യയിലേക്ക് ക്ഷണിക്കാമെന്ന സൂചന കത്തോലിക്കാ നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി മോദി; ക്രൈസ്തവ നേതാക്കൾക്ക് മോദി കൈ കൊടുക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെ; ഹിന്ദു-ക്രിസ്ത്യൻ ഐക്യത്തിന്റെ ഗുണഭോക്താക്കൾ ബിജെപി
ന്യൂഡൽഹി: കേരളത്തിലെ ബിജെപിയുടെ വളർച്ചക്ക് ഏറ്റവും തടസമായിരിക്കുന്നത് ഇവിടുത്തെ സമുദായ ഘടന തന്നെയാണ്. ക്രൈസ്തവ- മുസ്ലിം സമുദായങ്ങളുടെ അകൽച്ചയാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. എന്നാൽ, അടുത്തകാലത്തായി ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപി വലിയ പരിശ്രമമാണ് നടത്തുന്നത്. ഇതിന് പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെടൽ നടത്തുകയും ചെയ്യുന്നു. ഇപ്പോൾ വീണ്ടും ക്രൈസ്തവ നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുമ്പോൾ അത് തെരഞ്ഞെടുപ്പു ലക്ഷ്യം കൂടി വച്ചാണ്.
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ താൽപര്യം തന്റെ മനസ്സിലുമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യ സന്ദർശിക്കുക എന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ വലിയ ആഗ്രഹമാണ്. എന്നാൽ, രാഷ്ട്രത്തലവൻ കൂടി ആയതിനാൽ അതിന് ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ക്ഷണിക്കുകയാണ് വേണ്ടത്. ഈ ക്ഷണം സർക്കാർ തലത്തിലാണ് വേണ്ടത്. ഇതിന് തയ്യാറാണെന്ന സൂചനയാണ് മോദി നൽകുന്നത്.
ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയ്ക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യം സഭ നേരത്തേ ഉന്നയിച്ചതാണെന്നും പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കർദിനാൾമാർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മാറിയശേഷം സന്ദർശനത്തിനു സാഹചര്യമൊരുക്കാവുന്നതാണെന്നും വ്യക്തമാക്കി. അക്കാര്യം പരിഗണിക്കാവുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങൾ ചെയ്യാറുള്ളതുപോലെ, വത്തിക്കാൻ രാഷ്ട്രത്തലവൻ എന്നതിനൊപ്പം ആഗോള കത്തോലിക്കാ സഭയുടെ ഇടയൻ എന്ന നിലയിലുമുള്ള സന്ദർശനമാണ് സഭാ നേതൃത്വം താൽപര്യപ്പെടുന്നത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരാണു പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്.
വിദ്യാഭ്യാസ സ്കോളർഷിപ് ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നീതിപൂർവം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്ന് കത്തോലിക്കാ സഭയിലെ കർദിനാൾമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണു വേണ്ടതെന്നു കർദിനാൾമാർ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് െചയ്തു. മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുൻകയ്യെടുത്താണ് ചർച്ച സംഘടിപ്പിച്ചത്. യ
കേരളത്തിൽ പരിസ്ഥിതിലോല മേഖലകളിലെ നിയന്ത്രണങ്ങളും മൃഗങ്ങൾ മൂലമുള്ള വിളനാശവും കാർഷിക മേഖലയെയും ജനജീവിതത്തെയും ബാധിക്കുന്നുവെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഇക്കാര്യം പഠിക്കാൻ നിർദ്ദേശിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കർഷക സമരത്തിനു പരിഹാരമുണ്ടാക്കണമെന്ന് കർദിനാൾമാർ പറഞ്ഞപ്പോൾ, കർഷകർക്കു ഗുണകരമല്ലാത്തതായി എന്താണ് പുതിയ നിയമങ്ങളിലുള്ളതെന്ന് തന്നെ അറിയിക്കണമെന്നും ബോധ്യപ്പെട്ടാൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും മോദി പറഞ്ഞു.
ദലിത് ക്രൈസ്തവ ഉന്നമനത്തിനു നടപടികൾ വേണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. മതത്തിന്റെ പേരിൽ മാത്രം അവരെ മാറ്റിനിർത്തരുത്. മതമല്ല, പിന്നാക്കാവസ്ഥയാണു പരിഗണിക്കേണ്ടതെന്നു കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. എല്ലാവരുടെയും ഉന്നമനത്തിനുള്ള നടപടികൾക്കാണു താനും താൽപര്യപ്പെടുന്നതെന്നും 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയപ്പോൾ പ്രക്ഷോഭമുണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ജയിലിലാക്കപ്പെട്ട ഫാ.സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി തീർത്തും മോശമാണെന്നും പ്രായാധിക്യം കൂടി കണക്കിലെടുത്ത് മോചനത്തിനു നടപടി വേണമെന്നും കർദിനാൾമാർ ആവശ്യപ്പെട്ടു. എന്നാൽ, അന്വേഷണ ഏജൻസിയുടെ നടപടികളിൽ ഇടപെടാൻ സർക്കാർ താൽപര്യപ്പെടുന്നില്ലെന്നായിരുന്നു മറുപടി. കാരിത്താസിന്റെ വിവിധ ഏജൻസികളിലൂടെ കോവിഡ് കാലത്ത് ഇതിനകം സഭ 150 കോടിയിലേറെ രൂപ സേവനപ്രവർത്തനങ്ങൾക്കു ചെലവഴിച്ചിട്ടുണ്ടെന്ന് കർദിനാൾ ക്ലീമീസ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രതിസന്ധിയുണ്ടാക്കരുതെന്നു കർദിനാൾമാർ പറഞ്ഞു. നയം മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ചട്ടങ്ങളുണ്ടാക്കുമ്പോൾ ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം കൂടിക്കാഴ്ച്ചക്ക് ശേഷം ഒരു പാർട്ടിയോടും കത്തോലിക്കാ സഭയ്ക്കു തൊട്ടുകൂടായ്മയില്ലെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയ്ക്കു രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. നിർണായക തീരുമാനങ്ങളെടുക്കേണ്ടത് വ്യക്തികളാണ്. സമുദായം ഒന്നിച്ചല്ല മാർ ആലഞ്ചേരി പറഞ്ഞു.
ഗോവയിൽ ബിജെപി കത്തോലിക്കാ സഭയുമായി അടുത്ത നിന്നാണ് പ്രവർത്തിക്കുന്നത്. ഈ മാതൃക കേരളത്തിലും പിന്തുടരാൻ കഴിയുമെന്ന പ്രതീക്ഷ ബിജെപി വെച്ചുപുലർത്തുന്നുണ്ട്. കത്തോലിക്കാ സഭയുമായി ചേർന്നു നിന്നാൽ അതി്ൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം ഇങ്ങനെ വരുമ്പോൾ ഏറ്റവും ക്ഷീണം ചെയ്യുക കോൺഗ്രസിനാകും. അടുത്തകാലത്ത് ക്രൈസ്തവ മേഖലയിൽ നഷ്ടമായ സ്വാധീനം വീണ്ടെടുക്കാൻ വേണ്ടി വലിയ പരിശ്രമത്തിലാണ് കോൺഗ്രസും യുഡിഎഫും. ഇതിനായി കുഞ്ഞാലിക്കുട്ടിയും മറ്റു നേതാക്കളും സഭാ ആസ്ഥാനങ്ങളും സന്ദർശിക്കുകയുണ്ടായി. ഇതിനിയെയാണ് മോദിയുടെ ഇടപെടലുകളും.
മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്. ന്യൂനപക്ഷ അവകാശങ്ങൾ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും സഭാ തലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളർഷിപ്പുകളും സ്വാഗതാർഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങൾ അർഹരായ ക്രൈസ്തവർക്കു കിട്ടാതെ പോകുന്നുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്രം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ