- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായപ്പോൾ കാറോടിച്ചത് താനല്ല; കൊല്ലത്തു നിന്നും ബാലഭാസ്കർ കാർ ഓടിച്ചപ്പോൾ താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു; ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും തയ്യാർ; ആവശ്യമെങ്കിൽ നുണ പരിശോധനക്ക് വിധേയനാകാനും ഒരുക്കം; പരിക്കുകളുടെ ചിത്രങ്ങളുമായി അർജുൻ സിബിഐ അന്വേഷണ സംഘത്തിന് മുമ്പിൽ; ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെ ശരിവെക്കുന്ന മൊഴിയുമായി ഡ്രൈവർ അർജുൻ
തൃശ്ശൂർ: ദുരൂഹമായി സാഹചര്യത്തിൽ സംഗീതജ്ഞൻ ബാലഭാസ്ക്കർ മരിച്ച സംഭവത്തിൽ നിർണായക മൊഴിയുമായി ഡ്രൈവർ അർജ്ജുൻ. കാറപടകത്തിൽ മരണമടഞ്ഞ സംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ താനല്ല ഓടിച്ചിരുന്നതെന്ന് ആവർത്തിച്ച് ഡ്രൈവറായിരുന്ന അർജുൻ രംഗത്തെത്തി. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും ഇതിനായി നുണ പരിശോധനക്ക് വിധേയനാകാൻ താൻ ഒരുക്കമാണെന്നും അർജുൻ കേസന്വേഷിക്കുന്ന സിബിഐയോട് വ്യക്തമാക്കിയതായി അദ്ദേഹംവ്യക്തമാക്കി.
കൊല്ലത്ത് നിന്ന് കാർ ഓടിച്ചത് ബാലഭാസ്കറാണെന്നും താൻ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നുമാണ് അർജുൻ മൊഴി നൽകിയിരിക്കുന്നത്. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അർജുൻ സിബിഐ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തൃശ്ശൂരിൽ സിബിഐ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം സമയമെടുത്താണ് അന്വേഷണ സംഘം അർജുനിനെ ചോദ്യം ചെയ്തത്.
അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. താനല്ല വണ്ടി ഓടിച്ചതെന്ന അർജുനിന്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് സിബിഐ ചോദ്യം ചെയ്യൽ ഉണ്ടായത്.മുൻപ് ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും വണ്ടിയോടിച്ചത് താനല്ലെന്ന് അർജുൻ പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
അതേസമയം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അർജുൻ നേരത്തെ മോട്ടോർ ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.അപകട സമയത്ത് ബാലഭാസ്ക്കറാണ് കാറോടിച്ചിരുന്നതെന്നും ഹർജിയിൽ പറയുന്നു. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിനിടയാക്കിയത്. ബാലഭാസ്കറിന്റെ കുടുംബത്തെ എതിർ കക്ഷിയാക്കിയാണ് അർജുന്റെ ഹർജി നൽകിയത്. ഇത് കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്.
അതേസമയം അപകടത്തിന്റെ ദുരൂഹത ഇതുവരെ മറനീക്കിയിട്ടില്ല. ഇന്നും ഇരുട്ടിൽ തപ്പുകയാണ് അന്വേഷണോദ്യോഗസ്ഥർ. വാഹനം ഓടിച്ചത് ആരാണെന്ന് പോലും ഇതുവരെ പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ഒരാഴ്ച്ചയോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബർ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിലായിരുന്നു മകളും ബാലഭാസ്കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നിരുന്നു.
അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കാർ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷർട്ടും ബർമുഡയുമാണെന്ന് അജി പറയുന്നു. എന്നാൽ, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അർജുനായിരുന്നു. ബാലഭാസ്കർ കുർത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതൽ സങ്കീർണമാക്കി. അതിനിടയിൽ ബാലഭാസ്ക്കറിനെതിരെ നടന്നതുകൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു.
എന്നാൽ ബാലഭാസ്ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അർജുൻ ആവർത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് അടുത്തുള്ള ഒരു കടയിൽ കയറി രണ്ടുപേരും ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിൻസീറ്റിൽ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടർന്നപ്പോൾ ഓടിച്ചത് ബാലഭാസ്കറാണെന്നുമാണ് അർജുൻ മൊഴി നൽകിയത്. അപകടശേഷം ബോധം വരുമ്പോൾ താൻ ആശുപത്രിയിൽ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അർജുൻ ആവർത്തിച്ചിരുന്നു. ബാലഭാസ്കർ കാർ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു.
അതിനിടയിൽ തിരുവനന്തപുരത്തു വച്ചു നടന്ന ഒരു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രണ്ടുപേർ ബാലഭാസ്ക്കറിനൊപ്പം പ്രവർത്തിച്ചിരുന്നതും കേസ് കൂടുതൽ വിവാദത്തിൽ ആകാൻ ഇടയാക്കി. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. പൊലീസിനു ലഭിച്ച പ്രധാന മൊഴികളിലെ അവ്യക്തത മൂലം ഒടുവിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും അപകടദിവസം വാഹനമോടിച്ചതാരെന്ന ചോദ്യം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം വീണ്ടും ഫോറൻസിക് സംഘം ബാലഭാസ്കർ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം പ്രകാരം അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അർജുൻ തന്നെയാണെന്ന നിഗമനത്തിൽ പരിശോധനാ റിപ്പോർട്ട് പുറത്തിറക്കി.
അപകടത്തിൽ അസ്വാഭാവികത കാണേണ്ടെന്ന തരത്തിലുള്ള അന്തിമ റിപ്പോർട്ടാണ് പിന്നീട് പുറത്തു വന്നത്. കാറിന്റെ സ്റ്റിയറിങ്ങിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. കൂടാതെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെൽറ്റ് ഇട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലഭാസ്കർ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നുണ്ട്. കാറിലുണ്ടായിരുന്നവർക്കേറ്റ മുറിവുകളും പരിക്കുകളും ഫോറൻസിക് സംഘം വിശകലനം ചെയ്തിട്ടുണ്ട്. അർജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് അപകടസമയത്ത് അർജുൻ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ബാലഭാസ്ക്കറിന്റെ മരണം സിബിഐ അന്വേഷിക്കാൻ സർക്കാർ ഒടുവിൽ തീരുമാനം കൈക്കൊള്ളുകയായിരുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിയെയു കണ്ടിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. കേസിൽ ആരോപണ വിധേയരായവരുടെ മൊഴികൾ ശേഖരിക്കുകയാണ് സിബിഐ ഇപ്പോൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് അർജ്ജുന്റെയും മൊഴി രേഖപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ