കൊച്ചി: മത്സ്യകയറ്റുമതിയിൽ ക്രമക്കേട് ആരോപിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. എംപി, കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്‌ഐആറിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.

മത്സ്യത്തിന് കൂടിയ വില നൽകാമെന്ന് വാഗ്ദാനം നൽകി സംഭരിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ വഴി കയറ്റുമതി നടത്തി, പണം നൽകാതെ പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്കും, സഹകരണ സ്ഥാപനത്തിനും 9 കോടിയുടെ നഷ്ടം വരുത്തി എന്നിവയാണ് എഫ്‌ഐആറിലെ സിബിഐയുടെ കണ്ടെത്തൽ.

എൻസിപി നേതാവ് കൂടിയായ മുഹമ്മദ് ഫൈസൽ ആണ് കേസിൽ ഒന്നാം പ്രതി. ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും ശ്രീലങ്കൻ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങൾ, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ്.ആർ.ടി ജനറൽ മർച്ചന്റ് ഇംപോർട്ടേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ്, ലക്ഷദ്വീപ് കോഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയരക്ടർ എംപി. അൻവർ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസിൽ കൂട്ടുപ്രതികളാക്കിയാണ് എഫ്.ഐ.ആർ.

2016-17 കാലയളവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 24ന് കവരത്തിയിലെ എൽ.സി.എം.എഫ് ഓഫിസിലും, കോഴിക്കോട്ടും മിന്നൽ പരിശോധന നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂഡൽഹിയിലെ സിബിഐ ഓഫിസറുടെ പരാതിയിൽ കേസ് എടുക്കുന്നതെന്ന് സിബിഐ അവകാശപ്പെട്ടു.

കൊളംബോയിലെ എസ്.ആർ.ടി ജനറൽ മർച്ചന്റ് എക്‌സ്‌പോർട്ടേഴ്‌സ് വലിയ വിലക്ക് വാങ്ങുമെന്ന് വ്യാജ വാഗ്ദാനം നടത്തി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മൽസ്യതൊഴിലാളികളിൽ നിന്ന് 287 മെട്രിക് ടൺ എൽ.സി.എം.എഫ് മുഖേന സംഭരിച്ചുവെന്ന് എഫ്.ഐ.ആർ പറയുന്നു. ഫൈസൽ നൽകിയ കേവലമൊരു ഉറപ്പിൽ ടെണ്ടർ വിളിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും എൽ.സി.എം.എഫ് മാനേജിങ് ഡയറക്ടർ എംപി അൻവർ ഇതിന് അവസരമൊരുക്കി.

കൊളംബോയിലേക്ക് ഉണക്ക ചൂര മൽസ്യം കയറ്റുമതി ചെയ്യാൻ ഏൽപിച്ച കൊച്ചിയിലെ എ.എഫ്.ഡി.സി കമ്പനി ആദ്യം 10 മെട്രിക് ടൺ കയറ്റി അയച്ചു. എന്നാൽ അവർക്ക് വാഗ്ദാനം ചെയ്ത 60 ലക്ഷം കിട്ടാതിരുന്നതിനാൽ കയറ്റുമതിയിൽ നിന്ന് പിന്മാറി. ഇതോടെ എൽ.സി.എം.എഫിനും ലക്ഷദ്വീപ് മൽസ്യ തൊഴിലാളികൾക്കും ഒമ്പത് കോടി നഷ്ടമുണ്ടായെന്നാണ് കേസ്. ഈ നഷ്ടത്തിനിടയാക്കിയത് മുഹമ്മദ് ഫൈസലും മുഹമ്മദ് അബ്ദുറാസിഖ് തങ്ങളും എൽ.സി.എം.എഫ് എം.ഡി അൻവറും, ശ്രീലങ്കൻ കമ്പനിയും നടത്തിയ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് സിബിഐ ആരോപണം.