- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട് ഇടത് സർക്കാർ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്; സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് കൈമാറും; സിപിഎമ്മിലെ വിയോജിപ്പ് തള്ളി തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത്.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.
2018 ഒക്ടോബറിലാണ് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
നിലവിൽ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകൾ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
നേരത്തെ തന്നെ സർക്കാർ ഏജൻസികളുടെയും ജുഡീഷ്യൽ അന്വേഷണത്തിനും വിധേയമായതാണ് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികൾ.
സോളാർ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മിൽ വിയോജിപ്പ് ഉള്ളതായി വാർത്തകൾ വന്നിരുന്നു. സോളർ ഉയർത്തിക്കൊണ്ടു വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തൽ. ഇതെല്ലാം തള്ളിയാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം.
സർക്കാരിനെ തിരിഞ്ഞു കൊത്തുന്ന ആയുധങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ പ്രയോഗിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മിൽ ഉയർന്ന ചർച്ച. രാഷ്ട്രീയ വിഷയങ്ങൾ യുഡിഎഫിനെതിരെ ഉപയോഗിച്ചാൽ മതിയെന്നായിരുന്നു പൊതുധാരണ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയോഗിച്ചതിന് പിന്നാലെയാണ് സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് സർക്കാർ ഇപ്പോഴത്തെ നിർണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.
മറുനാടന് മലയാളി ബ്യൂറോ