- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാതീയതി ജൂൺ ഒന്നിന് പ്രഖ്യാപിക്കും; പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം; പ്രധാന വിഷയങ്ങളുടെ പരീക്ഷ സമയം ചുരുക്കി നടത്താൻ നിർദ്ദേശം; 45 ദിവസംകൊണ്ട് പരീക്ഷാ നടപടികൾ പൂർത്തിയാക്കാമെന്ന് വിലയിരുത്തൽ; പരീക്ഷ വേണ്ടെന്ന നിലപാടുമായി ഡൽഹിയും മഹാരാഷ്ട്രയും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷാ നടത്തിപ്പു സംബന്ധിച്ച ആശങ്കകൾക്കിടെ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിതല സംഘവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും ഞായറാഴ്ച നടത്തിയ ഉന്നതതല യോഗത്തിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
പരീക്ഷയുടെ തീയതിയും രീതിയും ജൂൺ ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രവൃത്തങ്ങൾ അറിയിച്ചു. എന്നാൽ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം.
വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് സെപ്റ്റംബറിൽ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. നീറ്റ് പോലുള്ള മറ്റു പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
രാജ്യത്ത് കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായം സംസ്ഥാനങ്ങൾ പ്രകടിപ്പിച്ചത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലായ് മാസത്തിന് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്.
പരീക്ഷാ നടത്തിപ്പു സംബന്ധിച്ച് സിബിഎസ്ഇയുടെ രണ്ടു നിർദ്ദേശങ്ങളാണ് യോഗത്തിൽ കേന്ദ്ര സർക്കാർ മുൻപോട്ടുവച്ചത്. ഒന്ന്, പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക. ഓരോ വിദ്യാർത്ഥിക്കും ആറ് വിഷയങ്ങൾ വരെയാണ് 12ാം ക്ലാസിലുള്ളത്. പ്രധാനമായി നാലു വിഷയങ്ങളുടെ പരീക്ഷ നടത്തിയശേഷം ഇതിലെ മികവു പരിഗണിച്ചാകും മറ്റുള്ളവയ്ക്കു മാർക്കു നൽകുക. ഇതിന്റെ തയ്യാറെടുപ്പും നടത്തിപ്പും ഫലപ്രഖ്യാപനവും പൂർത്തിയാക്കാൻ കുറഞ്ഞതു 3 മാസം വേണ്ടിവരും.
ആകെയുള്ള 174 വിഷയങ്ങളിൽ എഴുപതോളം വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുകയും ഈ വിഷയങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു വിഷയങ്ങൾക്ക് മാർക്ക് നൽകാനുമായിരുന്നു നിർദ്ദേശം.
പ്രധാന വിഷയങ്ങളുടെ പരീക്ഷ സമയം ചുരുക്കി നടത്തുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശം. നിലവിൽ, മൂന്നു മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈർഘ്യം. ഒബജക്ടീവ് ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി, പരീക്ഷ ഒന്നര മണിക്കൂറായി ചുരുക്കി, അതതു സ്കൂളുകളിൽ തന്നെ പരീക്ഷ നടത്താനാണ് നിർദ്ദേശം. ഇങ്ങനെയെങ്കിൽ കുറഞ്ഞത് 45 ദിവസംകൊണ്ട് പരീക്ഷാ നടപടികൾ പൂർത്തിയാക്കാമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ. ഈ രീതിയോടാണ് കേന്ദ്ര സർക്കാരിന് യോജിപ്പ്.
പരീക്ഷയുടെ സമയദൈർഘ്യത്തിൽ ഒന്നര മണിക്കൂറായി കുറവുവരുത്തുകയും പ്രധാനപ്പെട്ട 19 വിഷയങ്ങളിൽ പരീക്ഷ നടത്തുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു നിർദ്ദേശം. ഒരു ഭാഷാവിഷയവും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുക എന്നതാണ് ഇത്. വിദ്യാർത്ഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുക എന്ന നിർദ്ദേശവും ചർച്ചയ്ക്കുവന്നു.
അതേസമയം, പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ചില സംസ്ഥാനങ്ങൾ രംഗത്തെത്തി. പരീക്ഷ വേണ്ടെന്ന നിലപാടാണ് ഡൽഹിയും മഹാരാഷ്ട്രയും സ്വീകരിച്ചത്. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാൽ മതിയെന്നാണ് ഇവരുടെ അഭിപ്രായം. പരീക്ഷയ്ക്ക് മുൻപ് വിദ്യാർത്ഥികൾക്കു വാക്സീൻ നൽകണമെന്ന നിർദ്ദേശവും ചില സംസ്ഥാനങ്ങൾ മുൻപോട്ടുവച്ചു.
വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടററും പരീക്ഷാ കമ്മീഷണറുമായ ജീവൻ ബാബു.കെ ഐ.എ.എസും പങ്കെടുത്തു.കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.
വലിയൊരു വിഭാഗം കുട്ടികളും രക്ഷകർത്താക്കളും ദേശീയ തലത്തിൽ നടത്തപ്പെടുന്ന സി.ബി.എസ്.ഇ പരീക്ഷകൾ എഴുതുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഇതിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.
ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തിൽ പൊതുപരീക്ഷകൾ നടത്താൻ തീരുമാനമെടുത്താൽ ഇതിലേക്കുള്ള സമയക്രമം മുൻകൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവൻ സ്കൂൾ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തണമെന്ന നിർദ്ദേശവും കേരളം കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതുവരെ പരീക്ഷ നടത്തരുതെന്ന് ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളുടെയും തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വനിതാ, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.