- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലും സ്വപ്നാ സുരേഷിന്റെ സാന്നിധ്യം; ആസൂത്രകയുടെ നീക്കങ്ങൾ നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഈ ദൃശ്യങ്ങൾ കൈമാറേണ്ടെന്ന് ഉന്നത തലത്തിൽ തീരുമാനിച്ചതെന്ന് റിപ്പോർട്ട്; സെർവ്വർ റൂമിലേക്ക് ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന പഴുതടച്ച സുരക്ഷയും; പ്രവേശനം ഡ്യൂട്ടി ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകിയാൽ ഉണ്ടാവുക രാഷ്ട്രീയ ഭൂകമ്പം; കരുതലോടെ ഇനി സർക്കാർ നീക്കങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഉടൻ കൈമാറേണ്ടതില്ലെന്ന സർക്കാർ തീരുമാനം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാന്നിധ്യം മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കിൽ തെളിഞ്ഞപ്പോൾ എന്ന് റിപ്പോർട്ട്. നിരീക്ഷണ ക്യാമറകളുടെ കൺട്രോൾ റൂമിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി. ഇതേസമയം 14 മാസത്തെ ദൃശ്യങ്ങൾ സെർവറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രി കെ.ടി.ജലീലിന്റെയും ഓഫിസുകളിൽ സ്വപ്ന എത്താറുണ്ടായിരുന്നോ എന്നു സ്ഥിരീകരിക്കാനാണു മൂന്നാഴ്ച മുൻപ് ദൃശ്യങ്ങളെപ്പറ്റി എൻഐഎ നിർദ്ദേശം നൽകിയത്. 2019 ജൂലൈ മുതൽ 2020 ജൂലൈ 5 വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കണമെന്നാണു ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്തു നൽകിയത്. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിനു പിൻവശത്തുള്ള കൺട്രോൾ റൂമിൽ കഴിഞ്ഞ വർഷത്തെ ആദ്യ ദിനങ്ങളിലെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. സെക്രട്ടേറിയറ്റിലും അനക്സ് മന്ദിരങ്ങളിലുമായി 83 ക്യാമറയുണ്ട്. ഇതിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 എണ്ണം കഴിഞ്ഞ മേയിൽ ഒരാഴ്ച കേടായിരുന്നുവെന്നു പൊതുഭരണ അഡീഷനൽ സെക്രട്ടറി എൻഐഎയെ അറിയിച്ചിരുന്നു. അതൊഴികെ ദിവസങ്ങളിലെ എല്ലാ ദൃശ്യവും ഉണ്ടെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്കു സ്വപ്ന പോയിവരുന്നതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ കണ്ടതായാണു സൂചനയെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ മുകൾ നിലയിലാണു ശിവശങ്കറിന്റെ ഓഫിസ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പഴ്സനൽ സ്റ്റാഫ് അംഗവും എൻഐഎയുടെ നിരീക്ഷണത്തിലാണെന്നും മനോരമ പറയുന്നു. ഇയാൾക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ട്. ഇതോടെയാണ് സിസിടിവിയിൽ സർക്കാർ ഒളിച്ചു കളി തുടങ്ങുന്നത്. പല ന്യായങ്ങൾ അവർ തിരയുന്നുണ്ട്. എൻഐഎ വീണ്ടും സിസിടിവി ആവശ്യപ്പെട്ടാൽ എന്തെങ്കിലും പുതിയ തടസവാദം ഉന്നയിക്കാനാണ് നീക്കം.
സ്വപ്നയുടെ സാന്നിധ്യം നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഈ ദൃശ്യങ്ങൾ കൈമാറേണ്ടെന്ന് ഉന്നത തലത്തിൽ തീരുമാനിച്ചത്. എൻഐഎ വീണ്ടും കത്തു നൽകിയാൽ അപ്പോൾ ആലോചിക്കാമെന്നാണു നിലപാട്. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട ചീഫ് സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞില്ല. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ലോബിയാണ് ഈ തീരുമാനം എടുത്തത്. ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള സാധ്യത തേടുന്നതായും റിപ്പോർട്ടുണ്ട്. ഇതിന് വേണ്ടി കൂടിയാണ് സെർവർ റൂമിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്ന സംശയവും സജീവമാണ്. ഡാറ്റ് കോപ്പി ചെയ്യുമ്പോൾ നഷ്ടമായി എന്ന് വരുത്താനാകും ശ്രമിക്കുക.
പൊതുഭരണ അഡീഷനൽ സെക്രട്ടറിയുടെ നിയന്ത്രണത്തിലാണു കൺട്രോൾ റൂം. ഇദ്ദേഹത്തിനാണു സെക്രട്ടേറിയറ്റ് ഹൗസ്കീപ്പിങ് ചുമതല. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ഉടൻ കൈമാറേണ്ടതില്ല എന്നു തീരുമാനിച്ചതിനു പിന്നാലെ കൺട്രോൾ റൂമിൽ ജീവനക്കാർ ഒഴികെയുള്ളവർക്കു പ്രവേശനം വിലക്കി. ക്യാമറ നിരീക്ഷിക്കാൻ ചുമതലപ്പെട്ടവർ വരുന്നതും പോകുന്നതുമായ സമയം രജിസ്റ്ററിൽ രേഖപ്പെടുത്തണം, അവിടെ ഡ്യൂട്ടിയില്ലാത്ത ആരും പ്രവേശിക്കരുത് എന്നിവയാണു പുതിയ നിർദ്ദേശം. കൺട്രോൾ റൂമിൽ ആരൊക്കെ വരുന്നു, എന്തൊക്കെ ചെയ്യുന്നു എന്നു കണ്ടെത്താൻ അതിനുള്ളിലും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുടെ മൊഴികളിൽ നിന്നു തന്നെ സ്വപ്നയും മറ്റു ചില പ്രതികളും എം.ശിവശങ്കറിന്റെ ഓഫിസിൽ പലവട്ടം വന്നുപോയതായി വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മറ്റൊരു ഉദ്യോഗസ്ഥനെ കണ്ടതായും പറയുന്നു. മന്ത്രി ജലീലിന്റെ കാര്യത്തിൽ, ഓഫിസിലെ സ്വപ്നയുടെ സാന്നിധ്യത്തെക്കാൾ മറ്റു ചില തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ ഏജൻസികൾ. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ നൽകാതിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് സെക്രട്ടേറിയറ്റിലെത്തിയോ എന്നറിയുന്നതിനായി സി.സി. ടിവി ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ എൻഐഎ നൽകിയ നോട്ടീസിൽ സർക്കാർ ഉടനൊന്നും നടപടി എടുക്കില്ല. ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഹാർഡ് ഡിസ്ക് വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ വേണമെന്ന ന്യായവും ചർച്ചാകുന്നുണ്ട്.
എൻ.ഐ.എ. നിർദ്ദേശപ്രകാരം ഉടനടി സി.സി. ടിവി ദൃശ്യങ്ങൾ കൈമാറണമെങ്കിൽ പുതിയ ഹാർഡ്ഡിസ്ക് വേണ്ടിവരുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു പൊതുഭരണ വകുപ്പ് റിപ്പോർട്ട് നൽകി. ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ 400 ടെറാബൈറ്റിന്റെ(ഒരു ടെറാബൈറ്റ്-1024 ജിബി) ഹാർഡ് ഡിസ്ക് വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകിയ ശിപാർശ. ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്ക് ഇന്ത്യയിൽ ലഭ്യമല്ല. വിദേശത്തുനിന്ന് എത്തിക്കേണ്ടിവരും. ഇതിനായി തയ് വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം. ധനവകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്ക് വാങ്ങാൻ പൊതുഭരണവകുപ്പിനു കഴിയൂ. രണ്ടുഘട്ടമായിട്ടായിരിക്കും തുക അനുവദിക്കുക. ഓരേഘട്ടത്തിലും 68 ലക്ഷം രൂപ വീതം. ഫലത്തിൽ സ്വർണക്കടത്തിലൂടെ സർക്കാരിനും കോടികളുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ഇങ്ങനെ പല ന്യായങ്ങൾ ചർച്ചയാണ്.
കഴിഞ്ഞ ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനാണ് എൻഐഎ ചീഫ് സെക്രട്ടറിക്കു 19 ദിവസം മുൻപു കത്തു നൽകിയത്. എന്നാൽ അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കിയിരുന്നില്ല. ഈ പഴുതിൽ പിടിച്ചാണു ദൃശ്യങ്ങൾ തൽക്കാലം ശേഖരിച്ചു സൂക്ഷിക്കേണ്ടതില്ലെന്ന നിലപാട് ഉന്നതതലത്തിൽ കൈക്കൊണ്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇത് ചർച്ചയായപ്പോഴാണ് പുതിയ വാർത്ത എത്തുന്നത്. ഇനി ഹാർഡ് ഡിസ്ക് എത്തിയാലേ ദൃശ്യ ശേഖരണം തുടങ്ങൂ. നേരത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സ്വർണ്ണ കടത്തിൽ പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് കിട്ടിയത്. സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നതിന് തെളിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ജലീലിനെതിരെ കുരുക്കുകൾ മുറുകുകയും ചെയ്തു. ഇതോടെയാണ് സിസിടിവിയിൽ സർക്കാർ പതിയെ പിന്മാറുന്നത് എന്ന വിലയിരുത്തലും സജീവമാണ്.
മറുനാടന് മലയാളി ബ്യൂറോ