- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നീണ്ടത് 18 മിനിട്ട് മാത്രം; കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന നിലപാടിലുറച്ച് സർക്കാർ; കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശം; പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകരും
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം തുടരാൻ തന്നെയുറച്ച് കർഷകരും നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ട് വരണം എന്ന ആവശ്യം കർഷക സംഘടനകൾ ഇന്നത്തെ യോഗത്തിൽ ഉന്നയിച്ചു.അടുത്ത ചർച്ചയ്ക്കുള്ള തിയതി സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുർജീത് സിഭ് ഫുൽ പറഞ്ഞു. ഇന്നത്തെ ചർച്ച 18 മിനുട്ട് മാത്രമാണ് നീണ്ടുനിന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഏറ്റവും മികച്ചതും ഒടുവിലത്തേതുമാണെന്ന് സർക്കാർ കർഷകരോടു പറഞ്ഞു. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർഷകർ പുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നിയമം പിൻവലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി കർഷകർക്ക് എന്തെങ്കിലും ഉപാധികളുണ്ടെങ്കിൽ അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടു.
പത്താംവട്ട ചർച്ചയിലാണ് നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ഇത് ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിനു ശേഷം സംയുക്ത കിസാൻ മോർച്ച തള്ളിയിരുന്നു. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ മേൽ ചർച്ച നടത്താൻ കർഷകർ തയ്യാറാകുമ്പോൾ മാത്രമേ അടുത്ത ചർച്ച നടക്കുകയുള്ളൂവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുടെ ആശങ്കകൾക്ക് ഇടം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നിർദ്ദേശത്തിൽ അപാകമുണ്ടായിരുന്നില്ല. ഏറ്റവും മികച്ച വാഗ്ദാനമാണ് സർക്കാർ കർഷകർക്ക് നൽകിയത്. ദൗർഭാഗ്യവശാൽ നിങ്ങൾ അത് തള്ളിക്കളഞ്ഞു- കർഷകരുമായുള്ള യോഗത്തിൽ തോമർ പറഞ്ഞു.
അതേസമയം, മന്ത്രി തങ്ങളെ മൂന്നര മണിക്കൂറോളം കാത്തുനിർത്തിച്ചുവെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രതിനിധി എസ്.എസ്. പാൻധർ പറഞ്ഞു. ഇത് കർഷകരോടുള്ള അപമാനമാണ്. മന്ത്രി വന്നതിനു ശേഷം, സർക്കാരിന്റെ നിർദ്ദേശം പരിഗണിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയും യോഗ പരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു- പാൻധർ കൂട്ടിച്ചേർത്തു. സമരം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.
മറുനാടന് മലയാളി ബ്യൂറോ