ന്യൂഡൽഹി: ട്വിറ്റർ അടക്കമുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവന കമ്പനികൾക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെ ടിവി ചാനലുകളെയും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ചാനലുകളെ നിരീക്ഷിക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ്. ചാനലുകളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നൽകി ഉത്തരവിട്ടു. ചാനലുകൾക്ക് എതിരെയുള്ള പരാതി പരിഹാരം നിർദ്ദേശിച്ച് വിജ്ഞാപനവും പുറത്തിറക്കി. ടിവി പരിപാടികൾ ചട്ടം ലംഘിച്ചാൽ സംപ്രേഷണം നിർത്തിവെക്കാൻ സർക്കാർ ഇടപെടും.

മൂന്ന് തട്ടുള്ള പരാതി പരിഹാരമാണ് കേന്ദ്രം നിർദ്ദേശിച്ചത്. ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസർക്കാരിന്റെ നിരീക്ഷണ സമിതിയാണ് മൂന്നാമത്തെ തട്ട്. സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവിൽ പറയുന്നില്ല. എന്നാൽ സമിതിക്ക് നിയമപരിക്ഷ നൽകും.

മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്ട്രേഷൻ അനുവദിക്കും. ഏതെങ്കിലും ടിവി പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാൽ സംപ്രേഷണം നിർത്തിവെക്കുമെന്നും ഉത്തരവിൽ പറയുന്നു. ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോൾ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല. പരാതികൾ പരിഗണിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുൾപ്പെട്ട സമിതിയാണ് ഇപ്പോഴുള്ളത്.

പത്രങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഇപ്പോൾ നിലവിലുണ്ട്. ടിവി രംഗത്ത് സ്വയം നിയന്ത്രണം എന്നതിനാണ് സർക്കാർ ഇതുവരെ മുൻതൂക്കം കിട്ടിയിരുന്നത്. മുതിർന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രസ് കൗൺസിൽ പോലെ ഒരു സംവിധാനത്തിനു പകരം ഉദ്യോഗസ്ഥർ അടങ്ങിയ നിരീക്ഷണ സമിതിക്ക് നിയമപരിരക്ഷ നൽകാനാണ് സർക്കാരിന്റെ ശ്രമം. നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വാർത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയത്.