ന്യൂഡൽഹി: നിലവിലെ കോവിഡ് സാഹചര്യവും, ബ്രിട്ടനിൽ നിന്നുള്ള പുതിയ വകഭേദത്തിന്റെ വരവും കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് ചില നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 30,31,ജനുവരി 1 തീയതികളിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാം.

കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത് കോവിഡ് ആക്റ്റീവ് കേസുകളുടെ എണ്ണം കുറയുകയാണ്. യൂറോപ്പിലും അമേരിക്കയിലും മറ്റും കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുക്കുമ്പേൾ. സമഗ്രമായ മുൻകരുതലും കർശനമായ നിരീക്ഷണവും രാജ്യത്ത് ആവശ്യമാണെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

പുതുവത്സരത്തിനും തലേന്നുമായി പ്രമുഖരുടേതടക്കം പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശൈത്യകാലം കൂടിയായതിനാൽ, കർശന നിരീക്ഷണം ആവശ്യമാണ്. അതല്ലെങ്കിൽ ആൾക്കൂട്ടം ഉണ്ടാകുന്നിടത്ത് സൂപ്പർ സ്‌പ്രെഡിന് സാധ്യതയുണ്ട്.എന്നാൽ, അന്തർസംസ്ഥാനയാത്രയ്ക്ക് ഒരുനിയന്ത്രണവും ആവശ്യമില്ലെന്നും കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു.

ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് 20 പേരിൽ

യു.കെയിൽ റിപ്പോർട്ട് ചെയ്ത സാർസ് കോവ്-2-ന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് 20 പേരിൽ സ്ഥിരീകരിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്ത ആറ് പേരുൾപ്പെടെയാണിത്. (ബംഗളൂരു നിംഹാൻസിൽ 3 പേർ, ഹൈദരാബാദ് സി.സി.എം.ബിയിൽ 2 പേർ, പൂണെയിലെ എൻ.ഐ.വിയിൽ ഒരാൾ).10 ലാബുകളിലായി 107 സാമ്പിളുകളാണ് പരിശോധിച്ചത്.

കേന്ദ്ര സർക്കാർ രൂപം നൽകിയ പത്തു ലാബുകൾ ഉൾക്കൊള്ളുന്ന INSACOG (ഇന്ത്യൻ SARS-CoV-2 ജിനോമിക്‌സ് കൺസോർഷ്യം) ആണ് സാമ്പിളുകൾ പരിശോധിക്കുന്നത് (എൻ.ഐ.ബി.എം.ജി കൊൽക്കത്ത, ഐ.എൽ.എസ് ഭുവനേശ്വർ, എൻ.ഐ.വി പൂണെ, സി.സി.എസ് പൂണെ, സി.സി.എം.ബി ഹൈദരാബാദ്, സി.ഡി.എഫ്.ഡി ഹൈദരാബാദ്, ഇൻസ്റ്റെം ബംഗളൂരു, നിംഹാൻസ് ബംഗളൂരു, ഐ.ജി.ഐ.ബി ഡൽഹി, എൻ.സി.ഡി.സി ഡൽഹി എന്നിവ ഉൾപ്പെടുന്നതാണിത്). ഈ ലാബുകളിൽ ജീനുകളുടെ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. സാമ്പിളുകളുടെ വിദഗ്ധ പരിശോധനയ്ക്കായി INSACOG ലാബുകളിലേക്ക് സാമ്പിളുകൾ അയക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 33 ദിവസം തുടർച്ചയായി രാജ്യത്ത് പ്രതിദിന രോഗമുക്തർ ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,549 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,572 പേർ രോഗമുക്തരായി.

രാജ്യത്ത് ആകെ രോഗമുക്തർ 98,34,141 ആണ്. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലാണ്. രോഗമുക്തി നിരക്ക് ഏകദേശം 96% (95.99%) ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും സ്ഥിരമായി വർധിക്കുകയാണ് (95,71,869).രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്് 2,62,272 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 2.56% മാത്രമാണ്. പുതിയ രോഗമുക്തർ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 6,309 ന്റെ കുറവിന് ഇടയാക്കി.

ആഗോളതലത്തിലെ പട്ടിക താരതമ്യപ്പെടുത്തുമ്പോൾ, ദശലക്ഷം പേരിൽ ഏറ്റവും കുറഞ്ഞ രോഗബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (7,423). റഷ്യ, ഇറ്റലി യുകെ, ബ്രസീൽ, ഫ്രാൻസ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷം ജനസംഖ്യയിൽ ഇതിലേറെയാണ് രോഗബാധിതർ.

പുതുതായി രോഗമുക്തരായവരിൽ 78.44% പത്ത് സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ; 5572 പേർ. കേരളത്തിൽ 5,029 പേരും ഛത്തീസ്‌ഗഢിൽ 1,607 പേരും രോഗമുക്തരായി.പുതിയ രോഗബാധിതരിൽ 79.24% പത്ത് സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്.

കേരളത്തിലാണ് കൂടുതൽ- 5,887 പേർ. 3,018 പുതിയ കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. പശ്ചിമ ബംഗാളിൽ 1,244 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 286 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇതിൽ 79.37% പത്ത് സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് (68 മരണം). പശ്ചിമ ബംഗാളിലും ഡൽഹിയിലും യഥാക്രമം 30 ഉം 28 ഉം പേർ മരിച്ചു.

കൃത്യമായ പരിശോധന, രോഗബാധിതരെ നേരത്തെ കണ്ടെത്തൽ, ഫലപ്രദമായ ക്വാറന്റൈൻ, സമഗ്ര ചികിത്സ, കൃത്യമായ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവയിലൂടെ പ്രതിദിന മരണസംഖ്യ 300ൽ താഴെ നിലനിർത്താൻ കഴിയുന്നു.രാജ്യത്ത് ദശലക്ഷം പേരിലെ മരണസംഖ്യ (107) ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ്