സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ജയിച്ചതോടെ ടീം ഇന്ത്യ പിന്നിട്ടത് നിരവധി നാഴികക്കല്ലുകൾ. സെഞ്ചൂറിയനിൽ 113 റൺസിന്റെ ജയം നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ നാലാം ടെസ്റ്റ് വിജയമാണ് സ്വന്തമാക്കിയത്.

2006-07ൽ നടന്ന ഇന്ത്യൻ പര്യടനത്തിലായിരുന്നു ജൊഹന്നാസ്ബർഗിൽ ഇന്ത്യ ആദ്യജയം കുറിച്ചത്. അന്ന് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ചരിത്ര ജയം കുറിച്ചു. ഇന്ന് നാലാം ജയം സ്വന്തമാക്കിയപ്പോൾ ദ്രാവിഡ് പരിശീലകനായി കൂടെയുണ്ട്.

2010-11ൽ ഡർബനിലായിരുന്നു രണ്ടാംജയം. മുൻ ഇന്ത്യൻ താരം എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. 2017-18 പര്യടനത്തിൽ കോലിക്ക് കീഴിൽ ജൊഹന്നാസ്ബർഗിൽ മറ്റൊരു ജയം കൂടി സ്വന്തമാക്കി. ഇപ്പോൾ സെഞ്ചൂറിയനിലും.

ഈ വർഷം ഓവർസീസ് ഗ്രൗണ്ടുകളിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങൾ ജയിച്ചു. ഇക്കാര്യത്തിൽ അഞ്ച് ജയങ്ങൾ സ്വന്തമാക്കിയ പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിലുണ്ട്. ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേൻ, ഇംഗ്ലണ്ടിനെതിരെ ഓവൽ, ലോർഡ്സ് ഇപ്പോൽ സെഞ്ചൂറിയനിലും. 2018ലും ഇന്ത്യ ഇത്തരത്തിൽ നാല് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. അന്ന് ജൊഹന്നാസ്ബർഗ്, നോട്ടിങ്ഹാം, അഡ്ലെയ്ഡ്, മെൽബൺ എന്നിവിടങ്ങളിലാണ് ഇന്ത്യ ജയിച്ചത്.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്റെ ടെസ്റ്റ് കൂടിയാണിത്. സ്വന്തം നാട്ടിൽ മൂന്നാം തവണയാണ് അവർ രണ്ട് ഇന്നിങ്സിലും 200ൽ താഴെ റൺസിന് ഓൾഔട്ടാകുന്നത്. 2001-02ൽ ഓസ്ട്രേലിയക്കെതിരെ ജൊഹന്നാസ്ബർഗിലായിരുന്നു ആദ്യത്തേത്. 2017-18ൽ ഇന്ത്യക്കെതിരെ ഇതേ വേദിയിൽ ഇത്തരത്തിൽ പുറത്തായി. ഇപ്പോൾ സെഞ്ചൂറിയനിൽ മൂന്നാം തവണയും.

അതേ സമയം വിദേശത്തെ അതിവേഗ പിച്ചുകളിൽ ഇന്ത്യയുടെ മിന്നൽപ്പിണറായി മാറാറുള്ള പേസ് ബൗളർ ജസ്പ്രീത് ബുംറ അപൂർവ നേട്ടത്തിലേക്കാണ് കുതിച്ചെത്തിയത്. വിദേശ മണ്ണിൽ ഏറ്റവും വേഗത്തിൽ നൂറു വിക്കറ്റുകൾ പൂർത്തിയാക്കുന്ന ഇന്ത്യൻ ബൗളർ എന്ന റെക്കോഡ് ബുംറ സ്വന്തം പേരിലാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ റാസി വാൻ ഡെർ ഡ്യുസെനെ ക്ലീൻ ബൗൾഡാക്കിയാണ് ബുംറ വിക്കറ്റിൽ സെഞ്ചുറി പൂർകത്തിയാക്കിയത്. ഈ നേട്ടത്തിലെത്താൻ ബുംറ 23 മത്സരങ്ങളാണെടുത്തത്. ഇതിന് മുമ്പ് ഇന്ത്യയുടെ മുൻ ലെഗ് സ്പിന്നർ ബിഎസ് ചന്ദ്രശേഖറിന്റെ പേരിലായിരുന്നു റെക്കോഡ്. ചന്ദ്രശേഖർ 25 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റെടുത്തു. 26 ടെസ്റ്റുകൾ കളിച്ച ആർ അശ്വിനാണ് ഈ പട്ടികയിൽ മൂന്നാമത്. ബിഷൻ ബേദി (28), ജവഗൽ ശ്രീനാഥ് (28), മുഹമ്മദ് ഷമി (28) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ.

105 ടെസ്റ്റു വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിൽ ആകെയുള്ളത്. അതിൽ 101 എണ്ണവും വിദേശ പിച്ചിലാണ് നേടിയത്. നാലെണ്ണം മാത്രമാണ് ഇന്ത്യൻ മണ്ണിൽ വീഴ്‌ത്തിയത്. 2018-19ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ബുംറ ടെസ്റ്റിൽ അരങ്ങേറിയത്. അതേ രാജ്യത്തുവെച്ചുതന്നെ വിദേശത്ത് നൂറാം വിക്കറ്റ് നേട്ടവും ആഘോഷിച്ചു എന്ന പ്രത്യേകതയും ബുംറയ്ക്ക് സ്വന്തം.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല. ഇത്തവണ അപൂർവ നേട്ടത്തിൽ ഇന്ത്യയെ എത്തിക്കാൻ കോലിക്കും സംഘത്തിനും സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.