- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 മണിക്കൂർ കൊണ്ട് പാഞ്ഞത് 40 കിലോമീറ്റർ; പാറമടയിലെ കുളത്തിൽ ചാടിയെന്ന സംശയത്തിൽ തെരയാൻ ഫയർഫോഴ്സുമെത്തി; ബൈക്കിലെത്തി മാല മോഷ്ടിച്ചവരെ ഒടുവിൽ പിടികൂടിയത് കെഎസ്ആർടിസി ബസിൽ നിന്ന്; പ്രതികളെ കൊണ്ടു ചെന്നു കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാരി; ചടയമംഗലം പൊലീസ് പിടിച്ച പുലിവാൽ ഇങ്ങനെ
ചടയമംഗലം: 10 മണിക്കൂർ ഓടി, 40 കിലോമീറ്റർ താണ്ടി കഷ്ടപ്പെട്ട് പിടിച്ചത് ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ. തങ്ങളുടെ കഷ്ടപ്പാടിന് ഫലമുണ്ടാകട്ടെ എന്ന് കരുതി മോഷ്ടാക്കളെ പിടിച്ച സാഹസിക ദൗത്യം പത്രങ്ങളിൽ വാർത്തയുമാക്കി. മോഷ്ടാക്കളുമായി അയൽ ജില്ലയിലെ സ്റ്റേഷനിലെത്തിയപ്പോൾ പരാതിക്കാരി പറയുന്നു തന്റെ മാല പൊട്ടിച്ചത് ഇവരല്ല. പെട്ടു പോയ പൊലീസുകാർ ഒടുവിൽ യുവാക്കളെ നല്ല വാക്ക് പറഞ്ഞ് തിരികെ വീട്ടിൽ കൊണ്ടു വിട്ടു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഓട്ടത്തിന് പരിസമാപ്തി ആന്റി ക്ലൈമാക്സിലെത്തിയത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. സംഭവത്തിൽ പെട്ടു പോയത് ചടയമംഗലം എസ്ഐയും സംഘവുമാണ്.
കഥയിങ്ങനെ:
പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു മാല കവർച്ചയാണ് എല്ലാത്തിന്റെയും തുടക്കം.തിങ്കളാഴ്ച രാവിലെ 11 നാണ് കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിമുരുപ്പിൽ വച്ച് മാങ്കുഴിയിൽ ഉണ്ണിയുടെ മകൾ പ്രീതയുടെ മാല ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പൊട്ടിച്ചു കടന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. പരാതി ലഭിച്ചയുടൻ കൂടൽ പൊലീസ് വിവരം സമീപ ജില്ലകളിലെ സ്റ്റേഷനുകളിലേക്കും കൈമാറി. യുവതിയുടെ മൊഴിയിൽ പ്രതികളുടെ വേഷം, ബൈക്ക് എന്നിവയെ കുറിച്ച് സൂചനയുണ്ടായിരുന്നു. അലെർട്ട് സന്ദേശം കിട്ടിയതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പൊലീസ് കർശന വാഹന പരിശോധന തുടങ്ങി. ഇതിനിടെ എംസി റോഡിൽ ആയൂരിൽ വച്ച് മോഷ്ടാക്കളെന്ന് കരുതുന്നവരെ ഹൈവേ പൊലീസ് കണ്ടു. അവർ പിന്തുടർന്നു. ഇതിനിടെ വിവരം ചടയമംഗലം പൊലീസിനും കൈമാറി.
എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ എംസി റോഡിൽ ജീപ്പ് റോഡിന് കുറുകേയിട്ട് ബൈക്ക് തടയാൻ നോക്കി. മോഷ്ടാക്കൾ അതിനേക്കാൾ മിടുക്കന്മാരായിരുന്നു. അവർ സമീപത്തെ പഴയ എംസി റോഡിലേക്ക് ബൈക്ക് തിരിച്ച് രക്ഷപ്പെട്ടു. നെട്ടേത്തറ ഭാഗത്തെ ക്വാറിക്കു സമീപത്തേക്ക് ഇവർ പോയത്. പൊലീസും വിട്ടില്ല. സിനിമാ സ്റ്റൈൽ ചേസ്. രക്ഷയില്ലെന്ന് കണ്ടപ്പോൾ പ്രതികൾ ബൈക്കും കളഞ്ഞിട്ട് ഓടി. പ്രതികൾ പാറമടയിലെ വെള്ളക്കെട്ടിൽ വീണെന്ന അഭ്യൂഹം പ്രചരിച്ചു. പൊലീസ് ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി പാറമടയിൽ തെരച്ചിൽ തുടങ്ങി. ഇതിനിടെ അഞ്ചൽ, കടയ്ക്കൽ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാർ എത്തി. നാട്ടുകാരുടെ സഹായത്തോടെ ക്വാറിക്ക് സമീപത്തെ കാടുമൂടിയ ഭാഗങ്ങളിലും മറ്റും പരിശോധന നടത്തി.
തുമ്പൊന്നും ലഭിക്കാതെ വന്നപ്പോൾ പൊലീസ് മടങ്ങി. രാത്രിയിൽ പ്രതികൾ പുറത്തു വരുമെന്നും പരിചയമില്ലാത്തവരെ കണ്ടാൽ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയാണ് പൊലീസ് പോയത്. രാത്രി എട്ടരയോടെ, പരിചയമില്ലാത്ത രണ്ടുപേർ കെഎസ്ആർടിസി ബസിൽ കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചു. ബസ് തിരിച്ചറിഞ്ഞ പൊലീസും നാട്ടുകാരും പിന്തുടർന്ന് ആയൂരിലെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ രണ്ടു യുവാക്കൾ ബസിൽ നിന്ന് ചാടി ഓടിയെന്നും ഇവരെ ഓടിച്ചിട്ട് കസ്റ്റഡിയിൽ എടുത്തുവെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
ആലങ്കോട് സ്വദേശി കാശിനാട്, കടയ്ക്കാവൂർ സ്വദേശി അജിത്ത് എന്നിവരാണ് പ്രതികൾ എന്ന് വിവരവും നൽകി. ചൊവ്വാഴ്ച രാവിലെ പുറത്തിറങ്ങിയ പത്രങ്ങളിൽ പൊലീസിന്റെ സാഹസിക പ്രവർത്തി വാർത്തയാവുകയും ചെയ്തു. പിന്നീടാണ് ട്വിസ്റ്റ്. തങ്ങൾ പിടികൂടിയ പ്രതികളെ കൂടൽ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇതല്ല യഥാർഥ പ്രതികൾ എന്ന് പരാതിക്കാരിയും സാക്ഷ്യപ്പെടുത്തി. അപ്പോഴാണ് പൊലീസിന് അമളി മനസിലാകുന്നത്. തിരുവനന്തപുരത്ത് കല്യാണത്തിന് പോയി മടങ്ങിയതായിരുന്നു കാശിനാഥനും അജിത്തും. ഇവരെ പിന്നീട് ചടയമംഗലം പൊലീസ് വീട്ടിൽ കൊണ്ടു ചെന്നാക്കിയെന്ന് പറയുന്നു. യഥാർഥ മോഷ്ടാക്കൾ ഇതിനോടകം രക്ഷപ്പെട്ടിരുന്നു
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്