കൊല്ലം: ബാങ്കിന് മുന്നിൽ കൂട്ടംകൂടി നിന്നുവെന്ന പേരിൽ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്ത ചടയമംഗലം സ്വദേശിനി ഗൗരിനന്ദ ഇപ്പോൾ സൈബർ ഇടത്തിലെ മിന്നും താരമാണ്. ഗൗരിക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും പിന്തുണ ഉയരാൻ ഇടയാക്കിയത് പൊലീസിന്റെ ഔചിത്യമില്ലാത്ത നടപടിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഷിഹാബുദ്ദീൻ എന്ന വയോധികനെതിരെയാണ് പൊലീസ് പെറ്റിയടച്ചത്. തൊഴിലുറപ്പ് പണിയെടുത്ത പണം വാങ്ങാൻ വേണ്ടിയായിരുന്നു ഇന്ത്യൻ ബാങ്കിനു മുന്നിൽ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീൻ ക്യൂ നിന്നത്. തനിക്ക് ചുറ്റും ആളുകൾ ഉണ്ടെങ്കിലും തനിക്കെതിരെ മാത്രമാണ് പൊലീസ് നടപടി കൈക്കൊണ്ടത് എന്നാണ് ഷിഹാബുദ്ദീൻ പറയുന്നത്. എന്റെ നിസ്സഹായാവസ്ഥ കണ്ടാണ് ഗൗരിനന്ദ പ്രതികരിച്ചതെന്നും ഷിഹാബുദ്ദിൻ  മറുനാടനോട് പറഞ്ഞു.

തൊഴിലുറപ്പു തുകയായി തുച്ഛമായ തുകയേ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ. അതു വാങ്ങാൻവേണ്ടിയാണ് ബാങ്കിൽ പോയത്, നിങ്ങൾ അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റിയാണെന്ന് പറഞ്ഞാണ് ചടയമംഗലം പൊലീസ് എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നും ഷിഹാബുദ്ദീൻ പറഞ്ഞു.

''എന്റെ ടോക്കൺ നമ്പർ ഒമ്പതായിരുന്നു. കുറച്ചു സമയം കാത്തു നിൽക്കേണ്ടി വന്നതോടെയാണ് പൊലീസ് വണ്ടി എസ്‌ഐയും സംഘവും എത്തിയത്. ബാങ്കിന് മുന്നിൽ നിന്ന പാവപ്പെട്ടവൻ ഞാനായിരുന്നു. ചുറ്റും മുപ്പതോളം ആൾക്കാർ ഉണ്ടായിട്ടും അവരെയൊന്നും തൊടാതെ എന്റെ അടുക്കൽ വന്നു. പേരെന്താണ എന്നു ചോദിച്ചപ്പോൾ ഷിഹാബുദ്ദീൻ എന്നു പറഞ്ഞു. ഞാൻ ചോദിച്ചു ഇത് എന്തിനാണെന്ന് ചോദിച്ചു. കൂലിപ്പണിയാണ് വായിക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ ചീട്ട കൈയിൽ തന്നു. അടുത്തുണ്ടായിരുന്ന ചേട്ടനോട് പറഞ്ഞപ്പോഴാണ് അകലം പാലിക്കാത്തതിന് പെറ്റിയാണെന്ന പറഞ്ഞത്.- ഷിഹാബുദ്ദീൻ പറഞ്ഞു.

മാസക്ക് ധരിച്ച് ക്യൂ പാലിച്ചായിരുന്നു ഞാൻ നിന്നത്. ഇത് ആർക്ക് വേണമെങ്കിലും അന്വേഷിക്കാം. ഈ പെറ്റി ഞാൻ അടക്കില്ലെന്ന് പറഞ്ഞു. മറ്റുള്ളവർക്ക് എന്തുകൊണ്ട് പെറ്റി കൊടുത്തില്ലെന്നാണ് ചോദിച്ചത്. പാവപ്പെട്ടവനായതു കൊണ്ടാണ് എന്റെ നെഞ്ചത്തു കയറിയത്. എന്റെ ടോക്കൺ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കയാണ്.. ആ സമയത്താണ് ഗൗരിനന്ദ ഇടപെട്ടത്. എന്താ മാമാ എന്നു ചോദിച്ചാണ് ആ പെൺകുട്ട് എന്റടുക്കൽ എത്തിയത്. മാമാ മാമൻ സംസാരിച്ചു വിഷയം ഉണ്ടാക്കണ്ട എന്നാണ് പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാം എന്നും പറഞ്ഞു. ഇതു കേട്ടതോടെയാണ് പൊലീസ് ആ പെൺകുട്ടിക്ക് നേരെ തിരിഞ്ഞത്. ആ പെൺകുട്ടിക്ക് നേരെ പറയാത്ത തെറിയൊന്നുമില്ല. ചടയമംഗലം എസഐ മോശമായാണ് പെൺകുട്ടിയോട് പറഞ്ഞത്. വീട്ടിലെ അവസ്ഥ പോലും മനസ്സിലാക്കാതെയാണ് ചെയ്യുന്നത്. ആകെ തൊഴിലുറപ്പിന് 294 രൂപയാണ്. പെറ്റി ആകട്ടെ 500 രൂപയും. പെറ്റിയടക്കാൻ ഞാൻ എഴവിടുന്ന് പണം കണ്ടെത്തും?- ഷിഹാബുദ്ദീൻ ചോദിക്കുന്നു.

എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്കൊപ്പം താനുണ്ടാകുമെന്നാണ് ഷിഹാബുദ്ദീൻ പറയുന്നത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണെന്നു അദ്ദേഹം വ്യക്തമാക്കുന്നു. തീർത്തും ദരിദ്ര പശ്ചാത്തലത്തിലാണ് ഷിഹാബുദ്ദീൻ കഴിയുന്നത്. ജീവിതം രണ്ടറ്റം കുട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് 500 രൂപ പെറ്റിയടക്കുക എന്നു പറഞ്ഞാൽ അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പൊലീസിനെ ഗൗരിനന്ദ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തുടർന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ഇത് വിവാദമായി. ഇതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(C) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പിന്നീട് തിരുത്തി. കേസിലെ പ്രതിയാണ് ഗൗരി ഇന്ന്. ഗൗരി പൊലീസിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതുമുതൽ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ ഉൾപ്പടെ ഗൗരിനന്ദയ്ക്ക് കട്ടസപ്പോർട്ടാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്. പ്ലസ്ടു റിസർട്ടിൽ എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ നേടിയത്. വിജയത്തിലും മിടുക്കിക്ക്. ഇതിന് പിന്നാലെയാണ് ഷിഹാബുദ്ദീൻ വീട്ടിലെത്തിയതും തന്റെ പിന്തുണ അറിയിച്ചതും.

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായ ഗൗരി കടയ്ക്കൽ ഹയർസെക്കന്ററി സ്‌കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്. ഭാവിയിൽ സിഎക്കാരിയാകണമെന്നാണ് കൊച്ചുമിടുക്കിയുടെ ആഗ്രഹം. അനുജൻ പത്താം ക്ലാസിൽ പഠിക്കുന്നു. പഠനത്തിലും മിടുക്ക് കാട്ടിയ ഗൗരിയെ സിങ്കക്കുട്ടിയെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കൂലിപ്പണിക്കാരനാണ് ഗൗരിയുടെ പിതാവ് അനിൽകുമാർ. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

നേരത്തെ ചടയമംഗലം സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നൽകണം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പൊലീസല്ലേ, പ്രശ്‌നമാകും, മാപ്പ് പറഞ്ഞ് തീർത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം.

പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.