അടൂർ: രണ്ടു ജില്ലകളിലായി കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് വഴിയാത്രക്കാരുടെ മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് കുടുക്കി. കായംകുളം ചേരാവള്ളി വൈഷ്ണവം രാകേഷ്(37), നൂറനാട് പാലമേൽ തത്തംമുന്ന പുത്തൻപുരയിൽ കണ്ണൻ എന്ന് വിളിക്കുന്ന മനു(31) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിഹാരം.

അടൂർ, നൂറനാട്, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി മാല മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ട്. മുൻപ് നടന്നിട്ടുള്ള മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളെ പിടിക്കുവാൻ രണ്ടു ജില്ലകളിലെയും പൊലീസിന് സാധിച്ചിരുന്നില്ല. പ്രതികളിൽ നിന്ന് സ്വർണവും ഇരുചക്രവാഹനങ്ങളും പൊലീസ് കണ്ടെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നൂറ് കിലോമീറ്റർ പരിധിയിൽ ഇരുന്നൂറോളം സിസിടിവി കാമറകളാണ് പൊലീസ് പരിശോധിച്ചത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതുമായി ബന്ധപ്പെട്ട സൂചന ലഭിച്ച പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, എസ്‌ഐ എം. മനീഷ്., തിരുവല്ല ഡാൻസാഫ് അംഗം സുജിത്ത്, പത്തനംതിട്ട ഡിവൈ.എസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.