തിരുവല്ല: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ പാലിയേക്കര സ്വദേശിനിയെ അടിച്ചു വീഴ്‌ത്തി ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്നു. ശ്രീവല്ലഭ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ പാലിയേക്കര ശ്രീ ശൈലത്തിൽ ഗിരിജാകുമാരി (58)യുടെ മാലയാണ് കവർന്നത്.

മതിൽ ഭാഗം ബ്രഹ്മകുമാരീസ് ധ്യാന കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. പിന്നാലെ നടന്നെത്തിയ മോഷ്ടാവ് ഗിരിജയെ അടിച്ചു വീഴ്‌ത്തിയ ശേഷം മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പകച്ചു പോയ ഗിരിജ സമനില വീണ്ടെടുത്ത് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപെട്ടു.

സ്ഥലത്തെ സി.സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.