പത്തനംതിട്ട: വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ച് പരുക്കേൽപ്പിച്ച് മാല കവർന്ന് കടന്നു കളഞ്ഞ മോഷണസംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കൾ ഉപേക്ഷിച്ച വസ്ത്രങ്ങളും ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

രണ്ടാം പ്രതി തമിഴ്‌നാട് കന്യാകുമാരി കാരൻകാട് പുല്ലുവിള 3/32 ൽ നിന്നും അയിരൂർ പേരൂർച്ചാൽ വടക്കിനേത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് പിടിയിലായത്. കൂട്ടുപ്രതി തമിഴ്‌നാട് കന്യാകുമാരി പൊട്ടാൽക്കുഴി കൽക്കുളം 8/50 വീട്ടിൽ പ്രദീബൻ ചിദംബരത്തിനായി അന്വേഷണം വ്യാപിപ്പിച്ചു. സ്വർണമെന്ന് കരുതിയാണ് മാല പൊട്ടിച്ചത്. പക്ഷേ ഇത് മുക്കുപണ്ടം ആയിരുന്നു.

21 ന് വൈകിട്ട് നാലിന് കോയിപ്രം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കാഞ്ഞീറ്റുകര പേരൂർച്ചാൽ വടക്കിനേത്ത് കെപി രമണിയമ്മയെയാണ് വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ച ശേഷം മാല കവർന്നത്. രമണിയമ്മയുടെ കഴുത്തിൽ കുത്തിപ്പിടിക്കുകയും പുറത്തിടിക്കുകയും കഴുത്തിലെ മാല പറിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഒന്നാം പ്രതി കൈകൊണ്ട് മുഖത്തിടിച്ച് ഒരു പല്ലൊടിയാനും മറ്റും ഇടയാക്കുകയും ചെയ്ത കുറ്റകൃത്യം നടത്തിയശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

പിറ്റേന്ന് രാവിലെ രമണിയമ്മ കോയിപ്രം സ്റ്റേഷനിൽ പരാതി നൽകി. ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കകം രണ്ടാം പ്രതിയെ പേരൂച്ചാലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇയാളുടെയും സുഹൃത്തിന്റെയും ഉപയോഗത്തിലുള്ള ഓരോ ഫോണുകൾ കണ്ടെടുത്തു.ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം ഫോണുകൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

കവർച്ച നടന്ന വീട്ടിൽ നിന്നും പൊലീസ് പിന്നീട് രണ്ടാം പ്രതി ധരിച്ച കൈലി, ചെരുപ്പ്, കൃത്യസ്ഥലത്തിന് സമീപം കാണപ്പെട്ട തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അനൂപ്, സി പി ഓ മാരായ ബിലു,ഷെബി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.