- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം തുറന്ന് കൊടുത്തതോടെ ചൈനയിലെ എയർപോർട്ടുകളുടെ എണ്ണം 241 ആയി; 14 വർഷം കൊണ്ട് 161 എയർപോർട്ടുകൾ കൂടി നിർമ്മിക്കും; ലോകം പ്രതിസന്ധിയിലാകുമ്പോൾ ചൈന കുതിക്കുന്ന കഥ
ബീജിങ്: ലോകത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ചൈനയിൽ ഈ മേഖല മുന്നോട്ട് കുതിക്കുകയാണ്. പ്രതിവർഷം 120 മില്ല്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനതാവളം ചെംഗ്ഡു ടിയാൻഫു തുറന്നുകൊടുത്തുകൊണ്ട് ചൈന ലോകത്തോട് പറയുന്നത് ഇതാണ്. ഇതുകൂടാതെ 2035 ആകുമ്പോഴേക്കും 160 പുതിയ വിമാനത്താവളങ്ങൾ കൂടി പണിപൂർത്തിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ചൈന. നിലവിൽ പുതിയ വിമാനത്താവളം കൂടി കണക്കിലെടുക്കുമ്പോൾ ആകെ 241 വിമാനത്താവളങ്ങളാണ് ചൈനയിലുള്ളത്.
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ചൈന മുൻപന്തിയിലാണ്. നേരത്തേ 2060 ആകുമ്പോഴേക്കും ചൈനയെ കാർബൺ വിസരണ രഹിത രാജ്യമാക്കി മാറ്റുമെന്ന് പ്രസിഡണ്ട് ഷീ ജീൻപിങ് പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും വിമാനത്താവളം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിൽ ചൈനയ്ക്ക് തടസ്സമായില്ല. നിലവിൽ ലോകത്തിലെ ഹരിതവാതക പ്രസരണത്തിന്റെ 30 ശതമാനത്തോളം ഉണ്ടാകുന്നത ചൈനയിൽ നിന്നാണ്. വികസിത രാജ്യങ്ങൾ മുഴുവനും ചേർന്ന് പുറത്തുവിടുന്ന ഹരിതവാതകത്തിന്റെ അളവിനേക്കാൾ കൂടുതൽ വരും ഇത്.
കാലാവസ്ഥ വ്യതിയാനത്തിനു വഴിതെളിക്കുന്ന മലിനീകരണം നിയന്ത്രിക്കണമെന്ന ലോകനേതാക്കളുടെ അഭ്യർത്ഥന മാനിക്കാതെ ചൈന കൂറ്റൻ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഇനിയും ഏറെ വിമാനത്താവളങ്ങൾ ആവശ്യമാണെന്നാണ് ചൈന പറയുന്നത്. വിമാനങ്ങൾ കൂടിയ അളവിൽ കാർബൺ പുറത്തുവിടുമെന്നു മാത്രമല്ല, ഇതിന്റെ നിർമ്മാണവും പരിപാലനവും അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്തും.
ജെറ്റ് ഇന്ധനവും മറ്റ് രാസപദാർത്ഥങ്ങളും കൈകാര്യം ചെയ്യുന്നതിനാൽ വിമാനത്താവളങ്ങൾ ജല മലിനീകരണത്തിനും ഇടയാക്കുന്നുണ്ട്. അതോടൊപ്പംതന്നെ വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ലോകത്ത് പ്രതിവർഷം 6,800 പേരുടെ മരണത്തിനും ഇടയാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പരിസ്ഥിതി പ്രവർത്തകർ പൊതുവേ വ്യോമയാന മേഖലയിലെ വികസനങ്ങൾക്ക് എതിരാണ്. ഗ്രെറ്റാ തുംബർഗിനെ പോലുള്ളവർ വിമാന യാത്രകൾ വരെ ഒഴിവാക്കുന്ന കാലമാണിത്.
ഫോസിൽ ഇന്ധനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതിനാൽ ചൈനയിലെ വൻ നഗരങ്ങളിലെല്ലാം കടുത്ത അന്തരീക്ഷ മലിനീകരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സമ്പദ്വ്യവസ്ഥ വികസിക്കുന്നതിനൊപ്പം ചൈന പുറന്തള്ളുന്ന ഹരിത വാതകങ്ങളുടെ അളവും വർദ്ധിക്കുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.
മറുനാടന് ഡെസ്ക്