അടൂർ: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിർധന കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും ഏഴു സെന്റ് സ്ഥലവും വീടും ഇഷ്ടദാനം ചെയ്ത മണ്ണടി മുഖമുറി ചൂരക്കാട് വീട്ടിൽ ചന്ദ്രമതിയമ്മ(77)യുടെ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതിഅമ്മാൾ, മകൾ പൊന്നു എന്നിവരാണ് ചന്ദ്രമതിയുടെ സ്നേഹത്തലിൽ ഭാവി സുരക്ഷിതമാക്കിയത്. പക്ഷേ, എങ്ങനെയാണ് സരസ്വതിയമ്മാളും മകളും ചന്ദ്രമതിയമ്മയുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്. ഇതേപ്പറ്റി അന്വേഷിച്ച മറുനാടന് സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന ഒരു ജീവിതകഥയാണ് ലഭിച്ചത്.

മണ്ണടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്കെത്തിയതായിരുന്നു ജോസഫ്. കൽപ്പണിക്കാരുടെ കുടുംബത്തിലുള്ള സരസ്വതിയമ്മാളെ ജോലി സ്ഥലത്ത് വച്ചാണ് പരിചയപ്പെടുന്നത്. പരിചയം പ്രണയമായപ്പോൾ സരസ്വതി ജോസഫിനൊപ്പം ഇറങ്ങിപ്പോയി. വീട്ടുകാരെ ധിക്കരിച്ചായിരുന്നു സരസ്വതി ജോസഫിനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. വാടകവീട്ടിൽ ഇരുവരും താമസമാക്കി. അവർക്കൊരു മകൾ ജനിച്ചു-പൊന്നു. സാമ്പത്തിക പരാധീനത ഉടലെടുത്തപ്പോൾ ജോസഫും കുടുംബവും ബുദ്ധിമുട്ടിലായി. കുറഞ്ഞ വാടകയ്ക്ക് ഒരു വീടു തേടിയുള്ള പ്രയാണം ചന്ദ്രമതിയമ്മയുടെ അടുത്ത് അവസാനിച്ചു.

14 വർഷം മുമ്പായിരുന്നു അത്. അന്ന് പൊന്നുവിന് നാലര വയസ്. അവിവാഹിതയായ ചന്ദ്രമതിയമ്മ തനിച്ചു താമസിക്കുകയാണ്. 500 രൂപ വാടകയ്ക്ക് കരാറെഴുതി ചന്ദ്രമതിയമ്മ ജോസഫിനെയും കുടുംബത്തെയും ഒപ്പം കൂട്ടി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ പൊന്നുവും ചന്ദ്രമതിയമ്മയുമായി ആത്മബന്ധം ഉടലെടുത്തു. രണ്ടു മാസം മാത്രമാണ് ഇവരിൽ നിന്ന് ചന്ദ്രമതിയമ്മ വാടകവാങ്ങിയത്. പിന്നീട് പൊന്നുവും ജോസഫും സരസ്വതിയും ചന്ദ്രമതിയമ്മയുടെ കുടുംബാംഗങ്ങളായി. കുടുംബാംഗങ്ങളോട് എങ്ങനെ വാടകവാങ്ങും.

ഇതിനിടെ ജോസഫിന്റെ ജീവിതം പച്ച പിടിച്ചു തുടങ്ങി. കെട്ടിട നിർമ്മാണ കരാറുകൾ ധാരാളം ലഭിച്ചു. ഇവരുടെ ജീവിതം സുഭിക്ഷവും സന്തോഷപൂർണവുമായി. ജോസഫ് വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് ചന്ദ്രമതിയമ്മയ്ക്ക് മനസിലായി. തനിച്ച് ജീവിച്ചിരുന്ന അവർക്ക് ജോസഫും കുടുംബവും ഏറെ പ്രിയപ്പെട്ടവരായി. അങ്ങനെയിരിക്കേ 2015 ൽ ജോസഫ് പക്ഷാഘാതം ബാധിച്ച് തളർന്നു വീണു. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെൺകുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരസ്വതി അമ്മാളും ചന്ദ്രമതിയും പകച്ചു നിന്നു പോയി. ഏഴാം ക്ലാസിലായിരുന്ന പൊന്നുവിനെ ബുദ്ധിമുട്ട് അറിയിക്കാതെ അവർ പഠിപ്പിച്ചു.

2018 ജനുവരി 18 നാണ് ജോസഫ് മരിച്ചത്. പ്രായമായ മകളെയും കൊണ്ട് ഏത് നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഓർത്ത് പിന്നീട് സരസ്വതിയമ്മാൾ ഉറങ്ങിയിട്ടില്ല. ഇവരെ എന്തിന് ഇനിയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ഇറക്കി വിട്ടൂടെ എന്ന് നാട്ടുകാരിൽ ചിലരുടെ ചോദ്യം ചന്ദ്രമതിയമ്മ മുഖവിലയ്ക്കെടുക്കാതെ ചിരിച്ചു തള്ളി. പ്ലസ്ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനേയും അമ്മയേയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് ചന്ദ്രമതിയമ്മ കുടുംബസ്വത്തായി കിട്ടിയ തന്റെ ഏഴു സെന്റും വീടും സകല സ്വത്തുക്കളും കഴിഞ്ഞ ദിവസം പൊന്നുവിന്റെ പേരിൽ പ്രമാണം രജിസ്റ്റർ ചെയ്തു കൊടുത്തത്.

തന്റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നാണ് ഇപ്പോൾ ചന്ദ്രമതിയുടെ ഏക ആഗ്രഹം. അത് സാധിച്ചുകൊടുക്കുമെന്ന് വാശിയിലാണ് പൊന്നുവും.