- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രിക പത്രത്തിന്റെ നവീകരണത്തിന് ആയി ഗൾഫിൽ നിന്ന് പിരിച്ച പണം എത്താതിരുന്നത് ചന്ദ്രികയിൽ മാത്രം; വാർഷിക വരിസംഖ്യ ഇനത്തിൽ നാല് വർഷം മുമ്പ കിട്ടിയത് 16 കോടി; സ്പെഷ്യൽ ഫണ്ടും മുക്കി; ചോദ്യങ്ങളുമായി ജീവനക്കാർ
കോഴിക്കോട്: 2017 ൽ ചന്ദ്രികയുടെ നവീകരണത്തിനെന്ന പേരിലാണ് ഗൾഫിൽ നിന്ന് കോടിക്കണക്ക് രൂപ പിരിച്ചെടുത്തത്. പക്ഷെ പിരിച്ച പണം പത്രത്തിൽ എത്തിയില്ലെന്ന് ചന്ദ്രിക ജീവനക്കാരുടെ ആക്ഷേപം. 2016-17 ലെ ഔദ്യോഗിക കണക്ക് പ്രകാരം വാർഷിക വരിക്കാരെ ചേർത്ത വകയിൽ 16 കോടി രൂപ ലഭിച്ചിട്ടുണ്ട്. 2020 ലും വരിക്കാരെ ചേർത്ത് കോടികൾ ലഭിച്ചിട്ടുണ്ട്. ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് 2019-20 ലും സ്പെഷ്യൽ ഫണ്ട് പിരിച്ചിട്ടുണ്ട്. ഈ തുകയെല്ലാം എവിടെപ്പോയെന്നും ജീവനക്കാർ ചോദിക്കുന്നുണ്ട്.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട അഴിമതികളും അന്വേഷണങ്ങളുമെല്ലാം വാർത്തകളിൽ ഇടം പിടിക്കുകയും പത്രത്തിന്റെ അക്കൗണ്ടിലെത്തിയ കള്ളപ്പണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ ഡി നോട്ടീസ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് പത്രത്തിൽ നടക്കുന്ന ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജീവനക്കാർ രംഗത്തെത്തിയത്. ചന്ദ്രികയിലെ അഴിമതികൾ തുറന്നു കാട്ടി നേതൃത്വത്തിന് നൽകിയ പരാതിയിലും ജീവനക്കാർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
പത്രത്തിന്റെ അക്കൗണ്ട് സോഫ്റ്റ് വെയർ സെൻട്രലൈസിംഗിന് എന്ന പേരിൽ 35 ലക്ഷം രൂപയാണ് ചന്ദ്രികയിൽ ചെലവഴിച്ചത്. ഇതിന്റെ ഭാഗമായി സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിക്ക് 13 ലക്ഷത്തിലധികം രൂപ നൽകുകയും ചെയ്തു. ഈ പദ്ധതി പക്ഷെ യാഥാർത്ഥ്യമായില്ല. പദ്ധതിക്ക് വേണ്ടി മാറ്റിയ 35 ലക്ഷം രൂപ എവിടെപ്പോയെന്നും ജീവനക്കാർ ചോദിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി ചുമതലയേൽപ്പിച്ച ഫിനാൻസ് ഡയരക്ടർ പി എം എ സമീറിന്റെ നേതൃത്വത്തിലാണ് വലിയ തട്ടിപ്പുകൾ നടന്നതെന്നും ജീവനക്കാർ പറയുന്നു.
കോഴിക്കോട്ടെ ചന്ദ്രികയുടെ പ്രസ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. പ്രസ് മാറ്റി പുതിയത് സ്ഥാപിക്കാൻ നാലു കോടി രൂപയാണ് ഖത്തർ കെ എം സി സി നൽകിയത്. അന്നത്തെ ജനറൽ മാനേജർ പുതിയ പ്രസ് വാങ്ങുന്നതിന് ആവശ്യമായ തീരുമാനം കൈക്കൊള്ളുകയും ഡയരക്ടർ ബോർഡ് അനുമതി നൽകുകയും ചെയ്തു. എന്നാൽ ഫിനാൻസ് ഡയരക്ടർ ഇടപെട്ട് ആ പദ്ധതി നിർത്തിവെപ്പിക്കുകയായിരുന്നു.
ഇതിനായി മാറ്റിവെച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് അറിയില്ല. 2013-14 കാലത്ത് ചന്ദ്രികയുടെ ഔദ്യോഗിക കണക്ക് പ്രകാരം നഷ്ടം 85,600 രൂപയ്ക്ക് താഴെയായിരുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ അത് 3.69 കോടി രൂപയായി. ഫിനാൻസ് ഡയരക്ടർ ചാർജ് എടുക്കുമ്പോൾ തന്നെ, വർഷങ്ങൾക്ക് മുമ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ തുക അടയ്ക്കാനുണ്ടായിരുന്നു. എന്നാൽ അത് തീർപ്പാക്കുന്നതിന് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി എടുത്തില്ല. പലിശയും പിഴപ്പലിശയുമടക്കം രണ്ടു കോടിയിലധികം രൂപയാണ് ചന്ദ്രിക ഒടുക്കിയത്. കോടികൾ ചന്ദ്രികയുടെ നവീകരണത്തിനെന്നും പറഞ്ഞ് പിരിച്ചിട്ട് ഫിനാൻസ് ഡയരക്ടർ ഈ പണം അടച്ചുതീർക്കാൻ ശ്രമിച്ചില്ലെന്നും ജീവനക്കാർ പറയുന്നു.
നോട്ടു നിരോധനകാലത്താണ് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പത്തുകോടിയിലധികം രൂപ ഫിനാൻസ് ഡയരക്ടർ നിക്ഷേപിച്ചത്. എന്നാൽ ഉറവിടം കാണിച്ച് രേഖകൾ നൽകാത്തതിന്റെ പേരിൽ രണ്ടു കോടിയിലധികം രൂപ ഇൻകം ടാക്സിലേക്ക് പിഴ അടക്കേണ്ടിവന്നു. 2017 മുതൽ ജീവനക്കാരുടെ പേരിൽ പിരിച്ചെടുത്ത പി എഫ് സംഖ്യ പി എഫ് ഓഫീസിൽ അടച്ചിട്ടില്ലെന്നും പിഴയും പിഴപ്പലിശയുമായി ഇത് നാലു കോടിയിലെത്തിയെന്നും ജീവനക്കാർ പരാതിയിൽ വ്യക്തമാക്കുന്നു.
സ്ഥാപനത്തിന്റെ ബാധ്യതകൾ തീർക്കാൻ മാർഗങ്ങൾ പലതുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാതിരിക്കുകയാണ്. കട ബാധ്യത കൂട്ടിക്കാണിച്ച് സ്ഥാപനത്തിന്റെ സ്ഥലവും ആസ്തികളും വിൽപ്പന നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിൽ. പത്രത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട്ടെ അമ്പത് സെന്റോളം വരുന്ന സ്ഥലം കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കോടികൾ വിലമതിക്കുന്നതാണ് ഈ സ്ഥലം. നഗരത്തിലെ മറ്റൊരു സ്ഥലവും വെയർ ഹൗസും നേരത്തെ വിൽപ്പന നടത്തിയിരുന്നു. കൊച്ചിയിലെ കോടികൾ വിലമതിക്കുന്ന സ്ഥലം വിൽപ്പന നടത്തിയതും കുറഞ്ഞ വിലയ്ക്കായിരുന്നുവെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്.
സമീറിനെ ചന്ദ്രികയിൽ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹൈദരലി തങ്ങളുടെ മകൻ മൊയിൻ അലിയും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീൻ അലി വിശദീകരിച്ചിട്ടുണ്ട്.
അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൗണ്ടിൽ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00, 000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ അടച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നൽകിയിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.