തിരുവനന്തപുരം: മലയാളം ന്യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. രാഷ്ട്രീയ ചാനലുകളില്‍ സിപിഎമ്മിന്റെ കൈരളി ടിവിയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമ്പോള്‍ ആര്‍എസ് എസ് ചാനലെന്ന് അറിയപ്പെടുന്ന ജനം ടി വിയ്ക്ക് വീണ്ടും കുതിച്ചു കയറാനായി. അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയും മുന്നേറി. കൈരളി ടിവിയെ മറികടന്ന് ന്യൂസ് 18 കേരള റേറ്റിംഗില്‍ ഒരു സ്ഥാനം മുന്നിലെത്തി. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും എത്തി. മനോരമ ടിവിയ്ക്കും 2025ലെ രണ്ടാം ആഴ്ചയിലെ റേറ്റിംഗില്‍ തിരിച്ചടിയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യക്തമായ മുന്‍തൂക്കമാണ് ബാര്‍ക്ക് റേറ്റിംഗിലുള്ളത്.

2025ലെ രണ്ടാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 90.41 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയേക്കാള്‍ 3.21 പോയിന്റിന്റെ ഉയര്‍ച്ച. റിപ്പോര്‍ട്ടര്‍ ടിവിയ്ക്കാണ് പോയിന്റില്‍ ഏറ്റവും കൂടുതല്‍ നേട്ടം. 6.11 പോയിന്റ് കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ച്ചയുണ്ടായി. രണ്ടാം ആഴ്ചയില്‍ 69.51 പോയിന്റാണ് റിപ്പോര്‍ട്ടര്‍ ടിവിക്കുള്ളത്. കഴിഞ്ഞ ആഴ്ച ഇത് 63.40 ആയിരുന്നു. ട്വന്റി ഫോര്‍ ന്യൂസിന് പുതിയ ആഴ്ചയില്‍ 62.28 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയില്‍ ഇത് 58.97 ആയിരുന്നു. അതായത് ട്വന്റി ഫോറിനെതിരെ രണ്ടാം സ്ഥാനത്ത് ആറു പോയിന്റില്‍ അധികം വ്യത്യാസം നേടുകയാണ് റിപ്പോര്‍ട്ടര്‍ ടിവി. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ റിപ്പോര്‍ട്ടറിന് കഴിയില്ലെന്ന പൊതു ചിത്രമാണ് ബാര്‍ക്കിലുള്ളത്.

മാതൃഭൂമി ന്യൂസിനും ആശ്വാസമാണ്. 2.20 പോയിന്റാണ് അവര്‍ക്ക് കൂടിയത്. ഇതിലൂടെ മനോരമ ന്യൂസിനേക്കാള്‍ മുന്നിലെത്താന്‍ മാതൃഭൂമിക്ക് കഴിയുന്നു. മനോരമയ്ക്കും പ്രേക്ഷകര്‍ കൂടിയെങ്കിലും മാതൃഭൂമിയെ അപേക്ഷിച്ച് നിരക്ക് കുറവാണ്. ആദ്യ ആഴ്ചയില്‍ മനോരമാ ടിവിയായിരുന്നു പട്ടികയില്‍ നാലാം സ്ഥാനത്ത്. ആ നാലാം സ്ഥാനമാണ് മാതൃഭൂമി ന്യൂസ് രണ്ടാം ആഴ്ചയില്‍ നേടുന്നത്. 1.20 പോയിന്റാണ് ജനം ടിവിയ്ക്ക് കൂടുന്നത്. ഇതോടെ വീണ്ടും ഇരുപത് പോയിന്റിന് മുകളില്‍ ആര്‍ എസ് എസ് പിന്തുണയുള്ള ചാനല്‍ എത്തുന്നു. 20.05 ആണ് ആകെ പോയിന്റ്. കഴിഞ്ഞ ആഴ്ചയും ജനം ടിവി തന്നെയായിരുന്നു പോയിന്റില്‍ ആറാം സ്ഥാനത്ത്. ന്യൂസ് 18 കേരള ഏഴാം സ്ഥാനത്ത് എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. 1.27 പോയിന്റിന്റെ ഉയര്‍ച്ചയാണ് ന്യൂസ് 18 കേരള കൈവരിച്ചത്. ഇതോടെ അവര്‍ക്ക് 15.13 പോയിന്റായി.

2025ലെ ആദ്യ ആഴ്ചയില്‍ കൈരളി ന്യൂസിന് 14.31 പോയിന്റുണ്ടായിരുന്നു. ഇതില്‍ ഇടിവുണ്ടായി. 0.42 ശതമാനം പ്രേക്ഷക കുറവാണ് കൈരളിയ്ക്ക് ഉണ്ടായത്. ഇതും ന്യൂസ് 18 കേരളയ്ക്ക് ഏഴാം സ്ഥാനത്ത് എത്താന്‍ തുണയായി. മീഡിയാ വണ്‍ ടിവി പട്ടികയില്‍ അവസാന സ്ഥാനത്താണ്. പക്ഷേ അവരും രണ്ടാം ആഴ്ചയില്‍ 0.29 പോയിന്റിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതായത് ഈ ആഴ്ചയില്‍ പ്രേക്ഷക ഇടിവുണ്ടായത് കൈരളി ടിവിയ്ക്ക് മാത്രമാണ്. കേരളത്തിലെ രാഷ്ട്രീയത്തില്‍ സിപിഎമ്മിനുണ്ടാകുന്ന ഇടിവ് കൈരളിയുടെ ടിവി റേറ്റിംഗില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന വിലയിരുത്തലും സജീവമാണ്. സിപിഎം പാര്‍ട്ടി സമ്മേളന കാലത്താണ് ഇതെല്ലാം സംഭവിക്കുന്നുവെന്നതും കൈരളിയ്ക്ക് തിരിച്ചടിയാണ്.

ഏങ്ങനേയും ഏഷ്യാനെറ്റ് ന്യൂസിനെ തോല്‍പ്പിക്കാനുള്ള നീക്കത്തിലായിരുന്നു ആറു മാസം മുമ്പ് റിപ്പോര്‍ട്ടര്‍ ടിവി. ആ ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ട്വന്റി ഫോര്‍ നേരിയ മുന്‍തൂക്കം നേടി. ഷിരൂരിലെ രക്ഷാപ്രവര്‍ത്തന ദൗത്യ റിപ്പോര്‍ട്ടിംഗ് കാലത്തായിരുന്നു ഇത്. തൊട്ടു പിന്നാലെ ട്വന്റി ഫോറിനെ പിന്തള്ളി റിപ്പോര്‍ട്ടര്‍ കുതിപ്പു തടര്‍ന്നു. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനെ അവര്‍ക്ക് വെല്ലുവിളിച്ച് ഒന്നാമനാകാനുമായില്ല. കേരളാ വിഷയന്റെ സെറ്റ് ടോപ് ബോക്‌സ് ഓണ്‍ ചെയ്താല്‍ ആദ്യമെത്തുന്നത് റിപ്പോര്‍ട്ടാറാണ്. അതിന് ശേഷം ഏത് ബട്ടണ്‍ അമര്‍ത്തിയാലും ട്വന്റി ഫോര്‍ എത്തും. ഇത്തരം സാങ്കേതിക കളികളിലൂടെ ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളാനുള്ള ശ്രമം എങ്ങുമെത്തുന്നില്ലെന്നാണ് 2025 രണ്ടാം ആഴ്ചയിലെ ബാര്‍ക് റേറ്റിംഗും നല്‍കുന്ന പൊതു ചിത്രം.

കഴിഞ്ഞ 25 വര്‍ഷമായി മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ 2024 ഓഗസ്റ്ര് വരെ ചുടര്‍ച്ചയായി നാല് ആഴ്ചകളില്‍ ട്വന്റി ഫോര്‍ പിന്തള്ളിയിരുന്നു. പിന്നീട് ഒന്നാം പദവി അതിവേഗം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു പിടിച്ചു. 2024 30, 31, 32, 33 എന്നീ ആഴ്ചകളിലെ റേറ്റിംഗിലാണ് 24 ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. അതിന് ശേഷം ട്വന്റി ഫോര്‍ തളരുന്നതായിരുന്നു മലയാള ന്യൂസ് ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ കണ്ടത്.