- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക, ഇതെന്തുപൊലീസ് നടപടിയെന്ന് വിനു വി ജോൺ; ഡോക്യുമെന്ററിയെ ചൊല്ലി ബിബിസി ഓഫീസിലെ റെയ്ഡിനെ അപലപിച്ചവർ മറുനാടൻ മലയാളിയിലെ റെയ്ഡും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ലെന്നും മാധ്യമ നിരീക്ഷകൻ
തിരുവനന്തപുരം: ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഓഫീസിൽ, റെയ്ഡ് നടത്തിയപ്പോൾ, അതിനൊക്കെ എതിരെ ശക്തമായ നിലപാട് സ്വീകരിച്ചവർക്ക് മറുനാടൻ മലയാളിയിലെ റെയ്ഡിന്റെ കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാവില്ല എന്ന് മാധ്യമ നിരീക്ഷകനായ സെബാസ്റ്റ്യൻ പോൾ. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ 'ഭരണത്തിന് ഭ്രാന്തിളകുമ്പോൾ' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുസ്വകാര്യ അന്യായ വിഷയത്തിൽ പൊലീസ് ഇത്ര സന്നാഹത്തോടെ എന്തിനു വേണ്ടിയാണെന്ന്
മനസ്സിലാക്കാൻ കഴിയുന്നില്ല.
'ഷാജൻ സ്കറിയയുടെ പേരിലുള്ള കേസിന്റെ കാര്യത്തിൽ, അതിൽ എന്തിന് വേണ്ടിയാണെന്ന് അറിയില്ല, ഈ രീതിയിലുള്ള, വലിയ തോതിൽ, എല്ലാ ഓഫീസുകളിലും റെയ്ഡ്, അത് പുലർച്ചെ മുതൽ പാതിരാ വരെ നീണ്ടുപോകുന്ന റെയ്ഡ്. അവിടെ കമ്പൂട്ടർ, ലാപ്ടോപ് ഉൾപ്പടെ എല്ലാ സാധന സാമഗ്രികളും, പൊലീസ് കണ്ടുകെട്ടുകയാണ്. അവിടേക്ക് സ്റ്റാഫിന് പ്രവേശനമില്ല. എന്നുമാത്രമല്ല, സ്ത്രീകൾ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലും, പരിശോധന നടക്കുന്നു. ഇങ്ങനെ, പരിശോധന നടത്തി എന്താണ് ഇവർക്ക് നേടിയെടുക്കാൻ ഉള്ളത് എന്ന കാര്യത്തിൽ നമുക്കാർക്കും വ്യക്തതയില്ല. അതുകൊണ്ട് കഠിനമായ ഭാഷയിൽ അപലപിക്കേണ്ടതായ പ്രവൃത്തിയാണ് ഷാജൻ സ്കറിയയുടെ കാര്യത്തിൽ ഇപ്പോൾ കേരള പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുകളിൽ ആ പൊലീസിനെ നിയന്ത്രിക്കുന്നത്, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്, പൊലീസിനെ പിൻവലിക്കേണ്ടതാണ്. അതിനപ്പുറത്തേക്ക് ലഘുവായി ചർച്ച ചെയ്തോ, പരിഹരിക്കാവുന്ന വിഷയം അല്ലാതായി ഇതുമാറിയിരിക്കുന്നു'-സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ചർച്ചയുടെ പ്രസക്ത ഭാഗം:
വിനു വി ജോൺ: സാധാരണ എന്തുകേസ് നടന്നാലും ആ സ്ഥാപനത്തിൽ നിന്ന് ചിലപ്പോൾ, ആ വാർത്ത റെക്കോഡ് ചെയ്ത ക്യാമറ അല്ലെങ്കിൽ കാർഡ്, പണ്ടൊക്കെയാണെങ്കിൽ ടേപ്പ്, അത് ഇപ്പോഴത്തെ സാഹചര്യത്തിൽ, എഡിറ്റ് ചെയ്യുന്ന കമ്പ്യൂട്ടറോ, ഹാർഡ് ഡിസ്കോ ഒക്കെ വേണമെങ്കിൽ, പൊലീസിന് പരിശോധനയ്്ക്ക് എടുക്കാം. അതുപോലും ആവശ്യമില്ലാത്തതാണ് പുതിയ സാങ്കേതിക വിദ്യകളുടെ കാലം. അതിന് പകരം ഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക. എന്തൊക്കെയുണ്ട്, അതെല്ലാം എടുത്തുകൊണ്ടുപോകുക, ജീവനക്കാരെ ഭീഷണിപ്പെടുത്തുക, ഇനി വന്നുപോയാൽ കേസുകളിൽ കുടുക്കുമെന്ന് പറയുക, ഇത് എന്തുതരം പൊലീസ് നടപടിയാണ് സെബാസ്റ്റ്യൻ പോൾ.
സെബാസ്റ്റ്യൻ പോൾ: എനിക്ക് പറഞ്ഞുകേട്ടിടത്തോളവും, വായിച്ചുഅറിഞ്ഞതുമായ കാര്യങ്ങളെ കുറിച്ച്, കടുത്ത വിയോജിപ്പുണ്ട്. അതുഞാൻ ആദ്യമേ രേഖപ്പെടുത്തുകയാണ്. ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഓഫീസിൽ, പൊലീസ് അല്ലെങ്കിൽ മറ്റുവകുപ്പുകൾ, ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോൾ, അതിനൊക്കെ എതിര ശക്തമായ നിലപാട് നമ്മളൊക്കെ സ്വീകരിച്ചിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കാനാവില്ല.
ഷാജൻ സ്കറിയയുടെ ജേണലിസത്തോട്, അദ്ദേഹത്തിന്റെ പ്രവർത്തന രീതിയോട്, ശൈലിയോട് ഒരുരീതിയിലും, യോജിപ്പുള്ള ആളല്ല ഞാൻ, അക്കാര്യത്തിലെ വിയോജിപ്പ് ആദ്യമേ രേഖപ്പെടുത്തി കൊള്ളുന്നു. പക്ഷേ ഇവിടെ മനസ്സിലാക്കിയിടത്തോളം, ഒരു എംഎൽഎ നൽകിയ അപകീർത്തി കേസാണ് വിഷയം. അപകീർത്തി കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് നമ്മുടെ നിയമത്തിൽ പറയുന്നുണ്ട്. ഒരു സ്വകാര്യ അന്യായത്തിൽ ആരംഭിക്കേണ്ടതായ വിഷയമാണിത്. അവിടെ പൊലീസ് ഇത്രവലിയ സന്നാഹത്തോടെ ഇറങ്ങി തിരിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നത്, മനസ്സിലാക്കാൻ പ്രയാസമുണ്ട്. ക്രിമിനൽ കേസ്, അല്ലെങ്കിൽ അപകീർത്തി കേസ്, ഡിഫമേഷൻ കേസിന്റെ ക്രിമിനൽ സ്വഭാവം തന്നെ ഇല്ലാതാക്കണം എന്ന്, ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. പല രാജ്യങ്ങളിലും, അമേരിക്കയിലും, ബ്രിട്ടനിലും, അടുത്ത് ശ്രീലങ്കയിലും ഡിഫമേഷൻ എന്നത് ക്രിമിനൽ സ്വഭാവം അല്ലാതായി കഴിഞ്ഞു. പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും, അത് ക്രിമിനൽ കേസിന് വകനൽകുന്ന ഒന്നാണ്. എന്നാൽ, പിന്നെ ആയിക്കൊള്ളട്ടെ, ഷാജൻ സ്കറിയയ്ക്ക് എതിരെ ശ്രീനിജനോ മറ്റാർക്കെങ്കിലുമോ,അപകീർത്തി കേസ് ഫയൽ ചെയ്യാൻ മജിസ്ട്രേറ്റ് കോടതിയിൽ, അവിടെ കാര്യങ്ങൾ മുന്നോട്ടുപോകട്ടെ, അതിനു പകരം, ഇവിടെയിപ്പോൾ, തെളിവുശേഖരണത്തിന് വേണ്ടിയാണെന്ന് പറഞ്ഞാൽ പോലും, യോജിക്കുന്നില്ല. കാരണം സ്വകാര്യ അന്യായത്തിൽ, തെളിവുശേഖരിച്ചുകൊടുക്കുക എന്നത് പൊലീസിന്റെ ചുമതലയല്ല. പക്ഷേ ഇവിടെയൊരു മാധ്യമ സ്ഥാപനം, അതെത്ര അനഭിമതമായ രീതിയിലും, സാമൂഹിക വിരുദ്ധമായ രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനം ആണെങ്കിലും, ആ സ്ഥാപനത്തെ ഇപ്രകാരം കൈകാര്യം ചെയ്യുന്നതിന്, ഒരുഭരണസംവിധാനത്തിനും, ഒരു നിയമവും അധികാരം നൽകിയിട്ടില്ല.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു പത്ര പ്രവർത്തകനാണ് ഞാൻ. അതുകൊണ്ട് അന്നുമുതൽ സ്വീകരിച്ചിട്ടുള്ള നിലപാടുണ്ട്, ആ നിലപാടിൽ നിന്ന് മാറ്റം വരുത്താൻ എനിക്ക് കഴിയില്ല. ഇവിടെ പൊലീസിന്റെ തേർവാഴ്ച എന്നൊക്കെ ചിലപ്പോൾ പറയാറുണ്ട്. അത്തരത്തിലുള്ള കഠിനമായ പദങ്ങൾ ഉപയോഗിച്ച്, അപലപിക്കേണ്ടതായ രീതിയാണ് ആ മാധ്യമ സ്ഥാപനത്തിൽ, പൊലീസ് അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ഷാജൻ സ്കറിയയുടെ പേരിലുള്ള കേസിന്റെ കാര്യത്തിൽ, അതിൽ എന്തിന് വേണ്ടിയാണെന്ന് അറിയില്ല, ഈ രീതിയിലുള്ള, വലിയ തോതിൽ, എല്ലാ ഓഫീസുകളിലും റെയ്ഡ്, അത് പുലർച്ചെ മുതൽ പാതിരാ വരെ നീണ്ടുപോകുന്ന റെയ്ഡ്. അവിടെ കമ്പൂട്ടർ, ലാപ്ടോപ് ഉൾപ്പടെ എല്ലാ സാധന സാമഗ്രികളും, പൊലീസ് കണ്ടുകെട്ടുകയാണ്. അവിടേക്ക് സ്റ്റാഫിന് പ്രവേശനമില്ല. എന്നുമാത്രമല്ല, സ്ത്രീകൾ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലും, പരിശോധന നടക്കുന്നു.
ഇങ്ങനെ, പരിശോധന നടത്തി എന്താണ് ഇവർക്ക് നേടിയെടുക്കാൻ ഉള്ളത് എന്ന കാര്യത്തിൽ നമുക്കാർക്കും വ്യക്തതയില്ല. അതുകൊണ്ട് കഠിനമായ ഭാഷയിൽ അപലപിക്കേണ്ടതായ പ്രവൃത്തിയാണ് ഷാജൻ സ്കറിയയുടെ കാര്യത്തിൽ ഇപ്പോൾ കേരള പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് മുകളിൽ ആ പൊലീസിനെ നിയന്ത്രിക്കുന്നത്, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്, പൊലീസിനെ പിൻവലിക്കേണ്ടതാണ്.അതിനപ്പുറത്തേക്ക് ലഘുവായി ചർച്ച ചെയ്തോ, പരിഹരിക്കാവുന്ന വിഷയം അല്ലാതായി ഇതുമാറിയിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ