- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Channel
- /
- MINI SCREEN
'സേഫ് ഗെയിം ഈസ് എ ഡേര്‍ട്ടി ഗെയിം'! ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന് ആവേശത്തുടക്കം; മുണ്ടുടുത്ത് കലക്കന്‍ ലുക്കില്‍ മോഹന്‍ ലാല്‍; അടിമുടി പുതുമകള്‍; സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി ഇനി ബിഗ് ബോസിന്റെ സ്വന്തം ഹൗസ്; ആദ്യ മത്സരാര്‍ഥികളെ അറിയാം
ബിഗ് ബോസ് സീസണ്‍ 7ന് ആവേശത്തുടക്കം
തിരുവനന്തപുരം: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന്റെ ഗ്രാന്‍ഡ് ലോഞ്ചിന് തുടക്കമായി. മുണ്ടുടുത്ത് കലക്കന്‍ ലുക്കിലാണ് അവതാരകനായ മോഹന്‍ ലാല്‍ ബിഗ് ബോസിന്റെ വലിയ വീട്ടിലേക്കെത്തിയത്. പുതിയ വീടും മത്സരാര്‍ഥികള്‍ക്ക് കൊടുക്കാന്‍ പോകുന്ന കലക്കന്‍ പണികളും മോഹന്‍ലാല്‍ വിശദീകരിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ലോഞ്ച് ആരംഭിച്ചത്. ആരൊക്കെയാണ് ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ആവേശം, ത്രില്‍, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം കൂടിചേരുന്ന ഈ സീസണ്‍ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയാണ്.
പ്രൊമോയില്‍ മാത്രമല്ല ബിഗ് ബോസ് സീസണിലുടനീളം കലിപ്പ് മോഡും കടുത്ത നിലപാടുകളും തുടരുമെന്ന് നയം വ്യക്തമാക്കി മോഹന്‍ലാല്‍. 'സേഫ് ഗെയിം ഈസ് എ ഡേര്‍ട്ടി ഗെയിം, അത്തരം ഗെയിമുകള്‍ ബിഗ് ബോസ് വീട്ടില്‍ അനുവദിക്കില്ല' എന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് മോഹന്‍ലാല്‍.
അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് മലയാളം സീസണ്‍ 7 എത്തുന്നത് എന്ന് റിപ്പോര്‍ട്ട്. മുംബൈയിലും ചെന്നൈയിലും ലൊക്കേഷനുകളിലാണ് സാധാരണ ബിഗ് ബോസ് ഷൂട്ട് ചെയ്യാറുള്ളത്. തമിഴ്, ഹിന്ദി ഭാഷാ ബിഗ് ബോസുകള്‍ക്കെല്ലാം സ്ഥിരം ലൊക്കേഷനുകള്‍ ഉണ്ടെങ്കിലും മലയാളത്തിനു ഇതുവരെ സ്ഥിരമായൊരു ലൊക്കേഷന്‍ ഇല്ലായിരുന്നു. എന്നാല്‍, ആ പ്രശ്‌നം ഈ സീസണോടെ പരിഹരിക്കപ്പെടുകയാണ്. ചെന്നൈയില്‍ മലയാളം ബിഗ് ബോസിനായി സ്വന്തമായി ഒരു വീട് തന്നെ നിര്‍മിച്ചിരിക്കുകയാണ്. സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി മാറ്റങ്ങള്‍ അനവധിയാണ് ഇത്തവണ ബിഗ് ബോസ് വീടിനകത്ത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ മത്സരിക്കാന്‍ എത്തുന്നത് 20 മത്സരാര്‍ത്ഥികളെന്ന് സൂചന. അഭിനേതാക്കള്‍, റേഡിയോ ജോക്കി, അവതാരക, ഗായകന്‍,സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍, ഫുഡ് വ്‌ളോഗര്‍, ലെസ്ബിയന്‍ കപ്പിള്‍സ്, ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റാന്‍ഡ് അപ്പ് കോമഡി ആര്‍ട്ടിസ്റ്റ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുന്നത്.
മത്സരാര്‍ഥികളെ പരിചയപ്പെടാം...
1. അനീഷ് ടി.എ
ആദ്യ മത്സരാര്‍ഥിയായി വീട്ടിലേക്ക് മോഹന്‍ലാല്‍ ക്ഷണിച്ചത് കോടന്നൂര്‍ സ്വദേശിയായ അനീഷ് ടി.എ ആണ്. മൈജി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്‍ എന്ന നിലയിലാണ് അനീഷിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്. കോമണര്‍ മത്സരാര്‍ത്ഥിയായ അനീഷ് തറയിലിനെ മോഹന്‍ലാല്‍ ആദ്യ മത്സരാര്‍ത്ഥിയായി ഷോയിലേക്ക് സ്വാഗതം ചെയ്തു. ഗവണ്‍മെന്റ് ജോലിയില്‍ നിന്നും അഞ്ചുവര്‍ഷത്തെ ലീവ് എടുത്ത് ബിഗ് ബോസില്‍ സെലക്ഷനു വേണ്ടി പരിശ്രമിക്കുകയായിരുന്നു താനെന്ന് അനീഷ് പറഞ്ഞു. കൃഷിയില്‍ താല്‍പ്പര്യമുള്ള അനീഷ് ഒരു എഴുത്തുകാരന്‍ കൂടിയാണ്. ശാരീരീകമായും മാനസികവുമായി ഒരുങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് എത്തുന്നത് എന്ന് അനീഷ് പറയുന്നു. പുരുഷന്‍മാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യുമെന്നും അനീഷ് പറയുന്നു.
2. അനുമോള്‍
രണ്ടാമത്തെ മത്സരാര്‍ഥിയായി എത്തിയത് സിനിമാ-സീരിയല്‍ നടിയായ അനുമോള്‍ ആണ്. മോഹന്‍ലാലിനെ കെട്ടിപ്പിടിക്കണമെന്ന ആഗ്രഹവുമായാണ് അനുമോള്‍ ബിഗ് ബോസിലെത്തിയത്. ജെനുവിനായി മത്സരിക്കുമെന്നും അനുമോള്‍ പറഞ്ഞു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാലാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയും പ്രശസ്തയായി.
അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താല്‍പര്യം ഉണ്ടായിരുന്ന അനുമോള്‍ നിരവധി ബ്രാന്‍ഡുകള്‍ക്ക് മോഡല്‍ ആയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള താരം കൂടിയാണ് അനുമോള്‍. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അനുമോള്‍ക്ക് ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. കോമഡിയും അനായാസേന കൈകാര്യം ചെയ്യുന്ന താരമാണ് അനുമോള്‍. കുറിക്കുകൊള്ളുന്ന കൗണ്ടറുകളും അനുമോളിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരുടെ ഇഷ്ട താരം അനുമോളും ബിഗ് ബോസിലേക്ക് എത്തുന്നതോടെ മറ്റ് മത്സരാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.
3. നടനും ക്രിക്കറ്ററുമായ ആര്യന്‍
ഇക്കുറി നടനും ക്രിക്കറ്ററുമായ ആര്യനാണ് ഷോയിലെ മൂന്നാമത്തെ മത്സരാര്‍ഥി. വടക്കന്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യയുടെയും കേരളത്തിന്റേയും അണ്ടര്‍ 14 ക്രിക്കറ്റ് ടീമുകളില്‍ കളിച്ചിട്ടുണ്ടെന്നും ആര്യന്‍ പറയുന്നു.
ഒരു നടനെന്ന നിലയിലുള്ള ആര്യന്റെ യാത്ര വളരെ ശ്രദ്ധേയമാണ്. അവിസ്മരണീയമായ വേഷങ്ങളും അഭിനയവും കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആര്യന് കഴിഞ്ഞിട്ടുണ്ട്. 50 ല്‍ അധികം പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ച ആര്യന്‍ പതിയെ സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു.
നിവിന്‍പോളി നായകനായെത്തിയ '1983'എന്ന ചിത്രത്തിലൂടെയാണ് ആര്യന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് 'ഓര്‍മ്മകളില്‍', 'ഫാലിമി' എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വെച്ചു. ഈ വര്‍ഷം റിലീസ് ആയ വടക്കന്‍ എന്ന ചിത്രത്തിലും ആര്യന്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2022 ല്‍ ആമസോണ്‍ പ്രൈം ഡേറ്റിംഗ് റിയാലിറ്റി ഷോയായ 'ഡേറ്റ് ബാസി' യിലും ആര്യന്‍ കദൂരിയ പ്രത്യക്ഷപ്പെട്ടിരുന്നു.
പരസ്യ ചിത്രങ്ങളിലും സിനിമയിലും മാത്രമല്ല മോഡലിംഗിലും ആര്യന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കീ ഐസ്‌ക്രീമിന്റെ മുഖമായി തിളങ്ങിയ ആര്യനില്‍ നിന്നും വടക്കനിലെ പ്രധാന കഥാപാത്രമായി എത്തി നില്‍ക്കുന്ന ആര്യനിലേക്കുള്ള ദൂരം ചെറുതല്ല. സ്‌പോര്‍ട്‌സ്, ഡാന്‍സ്, നാടകം എന്നീ മേഖലകളിലും ആക്റ്റീവ് ആയ ആര്യന്റെ കളി ഇനി ബിഗ് ബോസ്സിലാണ്.
4. കലാഭവന്‍ സരിഗ
ചിരിയുടെ ലോകത്ത് നിന്ന് കലാഭവന്‍ സരിഗ. മിമിക്രിയിലൂടെയും സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് കൊയിലാണ്ടിക്കാരിയായ സരിഗ. 20 വര്‍ഷമായി കലാ ലോകത്തെത്തിയിട്ടെന്ന് സരിഗ പറഞ്ഞു. ലോകമറിയപ്പെടുന്ന ഒരു സ്റ്റേജ് പെര്‍ഫോമറായി മാറണമെന്ന് സരിഗ പറഞ്ഞു.
മിമിക്രിയ്ക്ക് പുറമെ ടെലിവിഷനിലെ അറിയപ്പെടുന്ന മുഖമായതോടെയാണ് സരിഗയ്ക്ക് കൂടുതല്‍ ജനപ്രീതി ലഭിക്കുന്നത്. സരിഗയുടെ കൊയിലാണ്ടി ഭാഷയും കോമഡി ടൈമിങ്ങും വോയ്‌സ് മോഡുലേഷനും അവരെ സ്റ്റേജ് ഷോകളില്‍ തന്നെ വ്യത്യസ്തയാക്കി. കോമഡിക്ക് പുറമെ ഇമോഷണല്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സരിഗ തെളിയിച്ചത്. നാടന്‍ പാട്ടുപാടി സ്റ്റേജില്‍ ആവേശം തീര്‍ക്കുന്ന സരികയെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. സെലിബ്രിറ്റി കിച്ചണ്‍ മാജിക് എന്ന ഷോയിലൂടെ കുടുംബത്തെ കൂടി പരിചയപ്പെടുത്തിയതോടെ സരിഗ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വന്തം ആളായി.
മിമിക്രി കലാകാരന്മാരുടെ സ്റ്റേജ് മുതല്‍ മെയിന്‍സ്ട്രീം ടെലിവിഷന്‍ വരെയുള്ള പരിണാമവും വളര്‍ച്ചയും അടയാളപ്പെടുത്തിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സരിഗ. മൂന്നു വയസു മുതല്‍ പാട്ടും നൃത്തവും പഠിച്ചു തുടങ്ങിയ സരികയെ പുളിയഞ്ചേരി യുപി സ്‌കൂള്‍ ആണ് ഒരു കലാകാരിയാക്കിയതെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. നാട്ടിലും സ്‌കൂളിലും ചെറിയ പരിപാടികള്‍ അവതരിപ്പിച്ചാണ് തുടക്കം. കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം കൂടി നേടിയതോടെ സരിഗ നാടിനു തന്നെ അഭിമാനമായി. ആണ്‍കുട്ടികള്‍ കുത്തകയാക്കി വച്ചിരുന്ന ഒരു കലാ മേഖലയില്‍ സരിഗയുണ്ടാക്കിയ നേട്ടം തന്നെയാണ് അവരെ ശ്രദ്ധേയയാക്കിയത്. ശേഷം കലാഭവനില്‍ എത്തിയതോടെ സ്റ്റേജ് ഷോകളില്‍ തിളങ്ങി.
സിനിമാല, വരന്‍ ഡോക്ടറാണ്, ഭാര്യമാര്‍ സൂക്ഷിക്കുക, ലൗഡ് സ്പീക്കര്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമുകളും സീരിയലുകളും സരിഗയെ പ്രേക്ഷകന് പ്രിയങ്കരിയാക്കി. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീസണ്‍ 7 തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സരിഗയുടെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ വന്നു തുടങ്ങിയത്. എന്നാല്‍ വളരെ ലൗഡ് ആയ കലാഭവന്‍ സരിഗ ബിഗ് ബോസില്‍ എത്തുമ്പോള്‍ പതുങ്ങിയിരിക്കുമെന്ന് കരുതാനാകില്ലല്ലോ.. ബിഗ് ബോസില്‍ ആദ്യദിവസങ്ങളില്‍ തന്നെ ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദമാകും സരിഗയെന്ന് തന്നെയാണ് പ്രതീക്ഷ.
5. അക്ബര്‍ ഖാന്‍
ഗായകനും സംഗീത സംവിധായകനുമായ അക്ബര്‍ ഖാനാണ് അടുത്ത മത്സരാര്‍ഥി. സീ മലയാളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളത്തിലെ ഒരു മത്സരാര്‍ഥിയായാണ് ഈ അനുഗ്രഹീത ഗായകനെ മലയാളികള്‍ ആദ്യം കാണുന്നത്. പാട്ട് മാത്രമല്ല ചുറ്റുപാടിലും ഊര്‍ജ്ജം നിറയ്ക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.
സംഗീത റിയാലിറ്റി ഷോയില്‍ അദ്ദേഹം പാടിയ ഹിന്ദി ഗാനങ്ങളാവും ഏറ്റവും ആസ്വാദകപ്രീതി നേടിയത്. ഗായകന്‍ എന്ന നിലയില്‍ ഈ ഷോ ആണ് അക്ബറിനെ സ്വയം പുതുക്കാന്‍ സഹായിച്ചത്. അതുവരെ അറബിക് സംഗീതമാണ് തന്റെ വഴിയെന്നാണ് കരുതിയിരുന്നതെന്നും സ രി ഗ മ പയില്‍ വന്നതിന് ശേഷമാണ് ക്ലാസിക്കല്‍ മ്യൂസിക്കിനെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങിയതെന്നും അക്ബര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്.
ആലാപനത്തിലെ മികവിനൊപ്പം ആ വേദിയിലേക്ക് എത്തുന്നതുവരെ കടന്നുവന്ന കഠിനവഴികള്‍ കൂടിയാണ് അക്ബര്‍ ഖാനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ഷോയിലേക്ക് വരുന്ന സമയത്ത് തന്റെ കുടുംബത്തിന് 35 ലക്ഷം കടം ഉണ്ടായിരുന്നുവെന്നും തിരിച്ചടവിന് പ്രതിമാസം ചുരുങ്ങിയത് ഒരു ലക്ഷം വേണ്ടിയിരുന്നുവെങ്കിലും അക്ബര്‍ പറഞ്ഞിട്ടുണ്ട്. പണത്തിന് അത്രയും ആവശ്യമുള്ള സമയത്ത് ജെസിബി ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് ഈ ഗായകന്‍. ഒപ്പം വേദികളില്‍ പാടാനും പോകുമായിരുന്നു. ഒരു വേദിയിലേക്ക് പാടാനായി കയറുന്നതിന് തൊട്ടുമുന്‍പ് കടക്കാര്‍ എത്തിയ ഭീഷണിപ്പെടുത്തിയ കാര്യമൊക്കെ അക്ബര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
നിലവില്‍ പിന്നണിഗായകനും സംഗീത സംവിധായകനും ഒക്കെയാണ് അക്ബര്‍ ഖാന്‍. ഒപ്പം ഏഷ്യാനെറ്റിന്റെ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലെ മെന്ററുമാണ് നിലവില്‍ അക്ബര്‍. സ രി ഗ മ പ ഗായകനെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധയാണ് അക്ബറിന് നേടിക്കൊടുത്തത്. വിശേഷിച്ചും സംഗീത പ്രേമികള്‍ക്കിടയില്‍. ആ പ്രീതി മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് ആകെ പടര്‍ത്താനുള്ള അവസരമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ അക്ബറിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണുകളില്‍ പലപ്പോഴും ഗായകര്‍ മത്സരാര്‍ഥികളായി എത്തിയിട്ടുണ്ട്. അതില്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്.
6. ആര്‍ജെ ബിന്‍സി
റേഡിയോ ജോക്കിയും ഹേറ്റേഴ്സ് ഇല്ലാത്ത അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് ബിന്‍സി. ബിജുവാണ് ബിന്‍സിയുടെ പിതാവ്. ഓട്ടോക്കാരന്റെ മകളായ ആര്‍ ജെ ബിന്‍സി ഇപ്പോഴുണ്ടാക്കിയ സ്‌പേസ് ഒറ്റയ്ക്ക് പോരാടി ഉണ്ടാക്കിയെടുത്തതാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടില്‍ കയറുന്ന മറ്റ് മത്സരാത്ഥികള്‍ക്കൊപ്പം പോരാടി അതിജീവിക്കാന്‍ ബിന്‍സിയ്ക്ക് സാധിക്കുമെന്ന ഉറപ്പിലാണ് പ്രിയപ്പെട്ടവര്‍. അനായാസമായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ബിന്‍സി ബിഗ് ബോസ് വീട്ടിലെ പ്രധാന എന്റര്‍ടൈനറാവാനും സാധ്യതയുണ്ട്. നിര്‍ത്താതെ സംസാരിക്കുന്ന ചാറ്റര്‍ ബോക്‌സ് എന്ന രീതിയില്‍ ബിഗ് ബോസ് വീട്ടില്‍ മറ്റ് മത്സരാത്ഥികള്‍ ബിന്‍സിയില്‍ ഇന്‍ഫ്‌ലുന്‍സ് ആവാനുംചാന്‍സുണ്ട്.
ഏഴിന്റെ പണിയുമായി ബിഗ് ബോസ് ഏഴാം സീസണ്‍ എത്തുമ്പോള്‍ ഒരുകൂട്ടം ശക്തമായ മത്സരാര്‍ഥികള്‍ക്കൊപ്പം ആര്‍ ജെ ബിന്‍സി എത്തുമ്പോള്‍ ആവശ്യമുള്ളത് മാത്രം പറഞ്ഞ് അവിടെയുള്ള ഫേക്ക് മുഖങ്ങള്‍ക്ക് ഒരു വെല്ലുവിളിയാകുമോയെന്ന് നമുക്ക് കണ്ടറിയാം. ആര്‍ ജെ ബിന്‍സി പൊതുവെ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു അവതാരകയും ഇന്‍ഫ്‌ലുന്‍സറുമാണെന്ന പ്രത്യേകതയുണ്ട്. ഒപ്പം കാര്‍ത്തിക് സൂര്യയെ പോലുള്ള ജനപ്രിയ ഇന്‍ഫ്‌ലുവന്‍സഴ്‌സിന്റെ പിന്തുണ കൂടി വരുമ്പോള്‍ വോട്ടിങ് നിലയില്‍ വലിയ സപ്പോര്‍ട്ട് ആര്‍ ജെ ബിന്‍സിയ്ക്ക് ഉണ്ടായേക്കാം. കാര്‍ത്തിക് സൂര്യയുടെ ഒരുപാട് സെലിബ്രിറ്റികളും ഇന്‍ഫ്‌ലുന്‍സേഴ്സും വന്ന റിസപ്ഷന്‍ ഇവന്റില്‍ ആങ്കറിംഗ് ചെയ്തു തിളങ്ങിയ ആര്‍ ജെ ബിന്‍സിയെ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
7. ഒനിയല്‍ സാബു
അഭിഭാഷകനും ഗവേഷകനുമായ ഒനിയല്‍ സാബു ബിഗ് ബോസ് വീട്ടിലെത്തി. ഭക്ഷണം, നിയമം, ചരിത്രം, കഥപറച്ചില്‍ ഇങ്ങനെ വൈവിധ്യപൂര്‍ണ്ണമായ വഴികളൊക്കെ മനോഹരമായി ചേരുന്ന ഒരു മനുഷ്യന്‍. അതാണ് ഒണിയല്‍ സാബു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരുപക്ഷേ ഇത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ജീവിതവഴികളില്‍ നിന്നുള്ള ഒരു മത്സരാര്‍ഥി എത്തിയിട്ടുണ്ടാവില്ല.
എഫ്‌സി ബോയ് എന്നാണ് ഒണിയല്‍ സാബുവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി. അതിലെ എഫ്‌സി എന്നത് ഫോര്‍ട്ട് കൊച്ചിയുടെ ചുരുക്കെഴുത്താണ്. നാടിനെ അത്രയും സ്‌നേഹിക്കുന്ന അതിന്റെ കഥകളും പുരാവൃത്തവുമൊക്കെ മറ്റുള്ളവരോട് മനോഹരമായ ഭാഷയില്‍ പറഞ്ഞുകൊടുക്കാനും സ്വാദിഷ്ടമായ ഭക്ഷണം പരിചയപ്പെടുത്താനും കഴിയുന്ന ഒരാള്‍. നാടിന്റെ പരിമിതവൃത്തം വിട്ട് പുറത്ത് പോയാല്‍ മാത്രമേ സ്വന്തം നാടിനെ ശരിക്കും വിലയിരുത്താനാവൂ എന്ന് പറയാറുണ്ട്. ഫോര്‍ട്ട് കൊച്ചിയോടുള്ള ഒണിയല്‍ സാബുവിന്റെ മതിപ്പും അങ്ങനെയുള്ള സഞ്ചാരത്തിന് ശേഷം വന്നതാണ്.
യുഎഇയിലെ ഫുജൈറയിലായിരുന്നു സാബുവിന്റെ കുട്ടിക്കാലം. പത്താം ക്ലാസിന് ശേഷമാണ് മാതാപിതാക്കളുടെ നാടായ ഫോര്‍ട്ട് കൊച്ചിയിലേക്ക് സാബു എത്തുന്നത്. അമ്മൂമ്മ പറഞ്ഞ കഥകളിലൂടെയാണ് ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് സാബു അറിയാന്‍ തുടങ്ങുന്നത്. അവിടുത്തെ വൈവിധ്യമാര്‍ന്ന വിഭവങ്ങളും സാബുവില്‍ വലിയ മതിപ്പാണ് ഉണ്ടാക്കിയത്. പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പുതിയ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച സാബു നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസില്‍ പഠനവും ആരംഭിച്ചു. എന്നാല്‍ ആ സമയത്ത് ഫോര്‍ട്ട് കൊച്ചിയോട് വലിയൊരു കണക്ഷന്‍ തനിക്ക് തോന്നിയിരുന്നില്ലെന്ന് സാബു പറഞ്ഞിട്ടുണ്ട്.
8. ബിന്നി സെബാസ്റ്റ്യന്‍
പ്രൊഫഷന്‍ കൊണ്ട് ഡോക്ടറും നടിയുമാണ് ബിന്നി സെബാസ്റ്റ്യന്‍. ഗീതാ ഗോവിന്ദം എന്ന സീരിയലിലൂടെ പ്രശസ്തയാണ്. ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2023ല്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് ഗീതാഗോവിന്ദം. ഗോവിന്ദ് മാധവന്റെയും ഗീതുവിന്റെയും കഥ പറഞ്ഞ സീരിയലിന് പ്രേക്ഷകര്‍ ഏറെയാണ്. ഇതില്‍ ഗോവിന്ദ് ആയി സാജന്‍ സൂര്യ എത്തിയപ്പോള്‍ ഗീതുവായി വേഷമിടുന്നത് ബിന്നി സെബാസ്റ്റ്യനാണ്. ഗീതുവിലൂടെയാണ് മലയാളികള്‍ക്ക് ബിന്നി ഏറെ സുപരിചിതയും പ്രിയങ്കരിയും ആകുന്നത്.
കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി സെബാസ്റ്റ്യന്‍. ഒരു ഡോക്ടര്‍ കൂടിയായ ഇവര്‍ ജോലിയില്‍ നിന്നും ബ്രേക്കെടുത്താണ് അഭിനയത്തിലേക്ക് കടന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ബിന്നി ഒരു വേഷം ചെയ്തിട്ടുണ്ട്. നടന്‍ നൂബിന്‍ ജോണിയാണ് ബിന്നിയുടെ ഭര്‍ത്താവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് സീരിയല്‍ താരമാണ് നൂബിന്‍. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ 2022 ഓഗസ്റ്റില്‍ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിന്‍ മോഡലിങ്ങിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്.
9 റെന ഫാത്തിമ
ബിഗ് ബോസ് സീസണ്‍ 7ലെ ഏറ്റവും പ്രായം കുറഞ്ഞ പോരാളിയായാണ് റെന ഫാത്തിമയെ അവതരിപ്പിച്ചത്. 19 വയസ്സ് മാത്രം പ്രായം, വിദ്യാര്‍ത്ഥി, പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് പോയി തുടങ്ങി, ഒടുവില്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി, തന്റെ ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി സമ്പാദിച്ച് ജീവിക്കുന്ന മിടുമിടുക്കി. അതാണ് റെന ഫാത്തിമ.
കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ വൈറലാവുകയായിരുന്നു. പിന്നീടങ്ങോട്ടാണ് എന്തുകൊണ്ട് തനിക്ക് ദിവസവും ഓരോ വീഡിയോ ചെയ്തുകൂടാ എന്ന് റെന ചിന്തിച്ചത്. വീട്ടുകാരില്‍ നിന്നും റെനക്ക് സപ്പോര്‍ട്ട് തന്നെയാണ് കിട്ടിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്. പ്രണയം തമാശയായി കൊണ്ടുപോകാന്‍ റെനക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയം വീട്ടില്‍ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്തു.
ഏതായാലും വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇരുവരും കൂടി മണാലി വിസിറ്റ് ചെയ്യാന്‍ പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിലവില്‍ റെന ഫാഷണ്‍ വ്ളോഗ്ഗുകളും, അതോടൊപ്പം ഡെയിലി വ്ളോഗ്ഗുകളും ചെയ്യുന്നുണ്ട്. വളരെ കൂളും എനെര്‍ജെറ്റിക്കുമായ റെന ബിഗ്ബോസ് ഹൗസില്‍ എത്തിയാല്‍ എന്തെല്ലാമായിരിക്കും സംഭവിക്കുക? കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം റെനക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ ? തളര്‍ന്ന് പോകുമോ ?പുറത്ത് ഒരുപാട് ആരാധകരും ഹേറ്റേഴ്സ് കുറവുമുള്ള റെനക്ക് ഇനി ഹേറ്റേഴ്സ് കൂടുമോ ? അതോ കപ്പടിച്ചാവുമോ റെനയുടെ മടക്കം ...കാത്തിരുന്നു കാണാം.
10. രഞ്ജിത് മുന്‍ഷി
മുന്‍ഷിയിലെ ബാര്‍ബര്‍ ഭാഗ്യം നടന്‍ എന്ന നിലയിലും ടെലിവിഷന്‍ ഫിഗര്‍ എന്ന നിലയിലും ശ്രദ്ധേയന്‍. സിനിമ- ടെലിവിഷന്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ് രഞ്ജിത് മുന്‍ഷി. 1993ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന സിനിമയില്‍ അരങ്ങേറിയതു മുതല്‍ സിനിമയിലും ടെലിവിഷനിലുമായി രഞ്ജിത് ഉണ്ട്. വംശം എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് ടെലിവിഷനിലെ തുടക്കം. നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായെങ്കിലും ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന ജനപ്രിയ രാഷ്ട്രീയ- സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മുന്‍ഷിയിലെ ബാര്‍ബര്‍ ഭാഗ്യം നടന്‍ എന്ന നിലയിലും ടെലിവിഷന്‍ ഫിഗര്‍ എന്ന നിലയിലും രഞ്ജിത്തിനെ അടയാളപ്പെടുത്തി. മുന്‍ഷിയുടെ ജനപ്രീതി തന്നെയാണ് മുന്‍ഷി രഞ്ജിത് എന്ന പേര് അദ്ദേഹത്തിനു നേടിക്കൊടുത്തതും.
കൊല്ലം കരുനാഗപ്പള്ളിയില്‍ ജനിച്ച രഞ്ജിത് ശാസ്താംകോട്ടയിലെ ഡിബി കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ രഞ്ജിത്ത്, പിന്നീട് എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. മേഘം എന്ന ടെലിവിഷന്‍ സീരിയലാണ് മുന്‍ഷി കഴിഞ്ഞാല്‍ രഞ്ജിത്തിന് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തത്. താരോത്സവം, നക്ഷത്രദീപങ്ങള്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലും ഭാഗമായി. കോമഡിയും സ്വഭാവ റോളുകളും ഒരുപോലെ വഴങ്ങുമെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മോനായി അങ്ങനെ ആനയായി, മിന്‍സ്റ്റര്‍ ബീന്‍- ദി ലാസ്റ്റ് റയറ്റ്, നാടകമേ ഉലകം, നോട്ട് ഔട്ട്, രഘുവിന്റെ സ്വന്തം റസിയ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവ രഞ്ജിത്തിന്റെ ശ്രദ്ധേയമായ സിനിമകളില്‍ ചിലതാണ്. അനൂപ മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ രവീന്ദ്രാ നീ എവിടെയാണ് രഞ്ജിത് അഭിനയിച്ച് അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം.
11. ശാരിക കെ ബി.
യുട്യൂബ് അവതാരകയായ ശാരിക കെ ബി. ആണ് പതിനൊന്നാമത്തെ മത്സരാര്‍ത്ഥിയായി ബിഗ് ബോസില്‍ പ്രവേശിച്ചത്. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂര്‍ച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനും, ആവശ്യാനുസരണം ഇടപെടാനുമൊക്കെയുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും ധാരാളമാണ്.
പ്രോഗ്രാമിന്റെ പേര് പോലെ തന്നെ അതിഥികള്‍ക്ക് എപ്പോഴും ശാരികയുടെ അഭിമുഖം 'ഹോട് സീറ്റ്' തന്നെയാണ്. ധീരവും വിമര്‍ശനാത്മകവുമായ ചോദ്യങ്ങള്‍ തന്നെയാണ് അതിന് കാരണവും. അവതാരകയ്ക്ക് പുറമെ വ്‌ലോഗര്‍ കൂടിയായ ശാരിക, മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടുന്നത് രേണു സുധിയുമായി നടത്തിയ അഭിമുഖമാണ്. രേണുവിനോട് ചോദിച്ച ചോദ്യങ്ങളും പിന്നാലെ ഇരുവര്‍ക്കും ഇടയില്‍ നടന്ന വന്‍ തര്‍ക്കങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
ഇത്തരത്തില്‍ ശക്തമായ നിലപാടുകളും മറയില്ലാത്ത ചോദ്യങ്ങളും ചോദിക്കുന്ന ശാരികയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. പലപ്പോഴും ഫെമിനിസ്റ്റ് എന്ന പട്ടം ചര്‍ത്തി കിട്ടാറുള്ള ശാരിക, താന്‍ കുലീനയായ സ്ത്രീയില്‍ നിന്നും ബോള്‍ഡായ പക്വതയുള്ള സ്ത്രീയായി മാറിയത് ജീവിതം പല സാഹചര്യങ്ങളിലൂടെയും തന്നെ കൊണ്ടുപോയപ്പോഴാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു.