ഷോളയാർ: സ്വകാര്യ ബസിനു മുന്നിലേക്കു പാഞ്ഞടുത്ത ഒറ്റയാൻ കബാലിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ഡ്രൈവർ ബസ് 8 കിലോമീറ്റർ സാഹസികമായി പിന്നോട്ടോടിച്ചു. ചാലക്കുടി വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ഇന്നലെ രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിയത്.

കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ വഴിമാറ്റി വിട്ടു. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നതോടെയാണ് യാത്രക്കാർക്കു ശ്വാസം നേരെവീണത്.

 

ആഴ്ചകളായി ആനമല പാതയിൽ ഈ ഒറ്റയാന്റെ ഭീഷണി ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണമുണ്ടായി. 2 വർഷമായി ഇടയ്ക്കിടെ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നും വനം ജീവനക്കാർ പറയുന്നു. ശല്യക്കാരനായ ഒറ്റയാന് കബാലിയെന്നു പേരിട്ടത് വനം ജീവനക്കാരാണ്.