- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളക്കടത്തിലൂടെ ശിവശങ്കർ നേടിയത് വലിയ സമ്പാദ്യം; പണമെല്ലാം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത് സ്വപ്നയേയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ഇനി സ്വാഭാവിക ജാമ്യവുമില്ല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡിയുടെ നടപടി. ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശിവശങ്കറിനെതിരെ ചുമത്തിയത്.
കള്ളക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞ് കൊണ്ട് സഹായം ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിലൂടെ അനർഹമായ സ്വത്ത് സമ്പാദിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ കോഴപ്പണം കൈപ്പറ്റി. സ്വത്ത് കണ്ട് കെട്ടാൻ കോടതി നടപടി സ്വീകരിക്കണമെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം സ്വർണക്കടത്ത് കേസിൽ 1.85 കോടി രൂപ കണ്ടുകെട്ടിയെന്നും ഇ.ഡി അറിയിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിലെ സ്വർണവും പണവും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണ കേസിൽ ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കസ്റ്റംസും എൻഐഎയും ഇഡിയും സ്വർണക്കടത്തിന്റെ വിവിധ വശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട് ഈ സാഹചര്യത്തിൽ ശിവശങ്കർ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അതു അന്വേഷണത്തെ ബാധിക്കുമെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
സ്വർണക്കടത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കർ എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കർ ചെയ്തു കൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കർ നേടിയത്. ഈ സമ്പാദ്യമെല്ലം കൈകാര്യം ചെയ്യാൻ ശിവശങ്കർ സ്വപ്നയെ ആണ് ചുമതലപ്പെടുത്തിയത്.
സ്വപ്നയുടെ പേരിലുള്ള ലോക്കറിൽ നിന്നും ഇഡി കണ്ടെടുത്ത ഒരു കോടി രൂപയും ഒരു കിലോ സ്വർണവും ശിവശങ്കറിന്റേതാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പന് ശിവശങ്കറിന് നൽകിയ കോഴപ്പണമാണ് ഈ ഒരു കോടി രൂപയെന്നും കുറ്റപ്പത്രത്തിൽ പറയുന്നത്. ഇതോടൊപ്പം ശിവശങ്കറിന്റെ സ്വത്തുകൾ കണ്ടുകെട്ടാൻ കോടതി സഹായിക്കണമെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അധിക വിവരങ്ങൾ ചേർത്ത് മറ്റൊരു കുറ്റപത്രം കൂടി സമർപ്പിക്കുമെന്നും ഇഡി വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ധാരാളം ഡിജിറ്റൽ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്നും ഇഡി പറയുന്നു.
ഒരുകാലത്ത് മുഖ്യമന്ത്രി ഏതൊക്കെ ഫയൽ ഒപ്പിടണമെന്ന് വരെ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറാണ് സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ളത്. സ്പ്രിങ്ക്ളർ വന്നപ്പോൾ പോലും കൂസലില്ലാതെ നിന്ന ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ വിധി കുറിക്കപ്പെട്ട ദിവസം ജൂൺ 30 ആയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജിനുള്ളിൽ സ്വർണം മാത്രമല്ല ഉണ്ടായിരുന്നത്. സന്ദീപ്, സരിത്ത് സ്വപ്ന അവിടെ നിന്ന് ശിവശങ്കർ. ബന്ധങ്ങളുടെ ചങ്ങല ഉന്നതങ്ങളിലേക്ക് എത്തിയത് വളരെപ്പെട്ടെന്നാണ്. ആദ്യഘട്ടത്തിൽ ശിവശങ്കറിനെ ചേർത്തുപിടിച്ച മുഖ്യമന്ത്രിക്ക് പിന്നീട് കൈവിടേണ്ടി വന്നു. സ്പെയ്സ് പാർക്കിലെ നിയമനത്തിലടക്കം ക്രമക്കേട് പകൽപോലെ വ്യക്തമായി. അവിടെ ശിവശങ്കർ എന്ന സംസ്ഥാനത്തെ മുതിർന്ന ഐഎഎസുകാരന്റെ നാളുകൾ കുറിക്കപ്പെട്ടു. പിന്നീട് കേരളം കണ്ടത് സമാനതകളില്ലാത്ത മാരത്തൺ ചോദ്യം ചെയ്യലുകളായിരുന്നു. എൻഐഎ. ഓഫീസിലേക്ക്, കസ്റ്റംസ് ഓഫീസിലേക്ക്, ഇഡി ഓഫീസിലേക്ക് ശിവശങ്കറിന്റെ പ്രയാണമാണ് ഓരോ ദിവസവും കണ്ടത്. ലൈഫ് മിഷനിൽ സിബിഐ കൂടി എത്തി. ഇപ്പോൾ പൂർണമായും കുരുങ്ങിയ നിസ്സഹായാവസ്ഥയിലും.
സ്പ്രിങ്ളർ വിവാദം കത്തിത്തീരുന്നതിന് മുൻപാണ് ഇടതുസർക്കാരിനെ കീഴ്മേൽ മറിച്ചു കൊണ്ട് സ്വർണക്കടത്ത് കേസ് രംഗത്തു വരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ സ്വർണം കടത്തി കൊണ്ടു വന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ദേശീയ രാഷ്ട്രീയത്തിൽ പോലും ഓളം സൃഷ്ടിച്ചു. കേസിൽ സർക്കാർ സ്ഥാപനമായ സൈബർ പാർക്കിലെ പ്രധാനിയായ സ്വപ്ന സുരേഷ് അറസ്റ്റിലാവുകയും അവരുടെ സംരക്ഷകനാണ് എം.ശിവശങ്കർ എന്ന് വെളിപ്പെടുകയും ചെയ്തതോടെ മുഖ്യമന്ത്രിയടക്കം ആരോപണനിഴലിലായി. സ്വർണക്കടത്ത് വാളായി തനിക്ക് നേരെ വരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി കടന്നു പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും എം.ശിവശങ്കർ നീക്കം ചെയ്യപ്പെട്ടു. കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശിവശങ്കറിനെ വിശ്വസിച്ചുവെന്നും എന്നാൽ തന്റെ വിശ്വാസം അയാൾ ദുരുപയോഗം ചെയ്തുവെന്നും മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റിൽ തുറന്നു പറഞ്ഞു.
ഈ വിവാദങ്ങൾക്ക് പിന്നാലെ ഒരു വർഷത്തെ അവധിക്കായി ശിവശങ്കർ അപേക്ഷ നൽകി. കസ്റ്റംസ്, ഇഡി, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും ശിവശങ്കർ. കൊച്ചിയിലും തിരുവനന്തപുരത്തുമായി പോയ ആഴ്ചകളിൽ നൂറ് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടു. സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളും ഫോൺ വിളികളും വാട്സാപ്പ് ചാറ്റുകളുമെല്ലാം ശിവശങ്കറിനെതിരെന്ന് വ്യക്തമായതോടെ അദ്ദേഹം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് വ്യക്തമായിരുന്നു.
അദ്ദേഹത്തെ ഒരു തവണ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുവഭപ്പെട്ടതിനെ തുടർന്ന് അതു പരാജയപ്പെട്ടു. ഇതിനിടെ മുൻകൂർജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി അതു തടഞ്ഞു. ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. പലതരം വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച ഒരുപാട് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിന്റേത് പോലെ അസാധാരണമായ ഉയർച്ചയും വീഴ്ച്ചയും സംഭവിച്ച മറ്റൊരാളില്ലഎന്ന് തന്നെ പറയാം.
മറുനാടന് ഡെസ്ക്