പത്തനംതിട്ട: തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് കഞ്ചാവുമായി ആര്യങ്കാവ് തെന്മല പുനലൂരിൽ വന്ന സംഘത്തിന് പിന്നാലെ പൊലീസിന്റെ സിനിമയെ വെല്ലുന്ന ചേസ്. അഞ്ചു പൊലീസ് സ്റ്റേഷൻ അതിർത്തികളിലൂടെ പാഞ്ഞ മാഫിയ സംഘത്തെ ഒടുവിൽ പത്തനംതിട്ട എസ്‌പി ഓഫീസിന് സമീപം വെട്ടിപ്രത്ത് വച്ച് പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു. മാഫിയ സംഘം വന്ന വാഹനവും പൊലീസ് വാഹനവും കൂട്ടിയിടിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനും പൊലീസിന്റെ വാഹനത്തിനും സാരമായ കേടുപാടുണ്ടായി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ആറു കിലോ കഞ്ചാവും പിടികൂടി. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു.

വലഞ്ചുഴി കുരുട്ടിമെർക്ക് വീട്ടിൽ പിച്ചക്കനി മകൻ ഹാഷിം(32), വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ ഇസ്മായിൽ മകൻ അഫ്സൽ (27)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കൂടൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് തുടങ്ങിയ ചേസിങ് വെള്ളിയാഴ്ച പുലർച്ചെ പത്തനംതിട്ടയിലാണ് അവസാനിക്കുന്നത്. ഹ്യൂണ്ടായി ഇയോൺ കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന നാലംഗ സംഘം ആദ്യം വന്നു ചാടിയത് നൈറ്റ് പട്രോളിങ് നടത്തിക്കൊണ്ടിരുന്ന കൂടൽ പൊലീസിന്റെ മുന്നിലായിരുന്നു. എസ്ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടർന്നു. കൊടുമൺ, ഏനാത്ത്, അടൂർ സ്റ്റേഷൻ പരിധികളിലൂടെ പൊലീസ് ഇവർക്ക് പിന്നാലെ പാഞ്ഞു.

കമ്പത്തു നിന്നും മധുര, രാജപാളയം, ചെങ്കോട്ട, ആര്യങ്കാവ് വഴിയാണ് സംഘം കേരളത്തിലേക്ക് കടന്നത്. കഞ്ചാവുമായി ഇവർ വരുന്നുവെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചു. കാറിലുണ്ടായിരുന്നതെല്ലാം പത്തനംതിട്ടക്കാർ ആയിരുന്നു. കൊല്ലം ജില്ലാ അതിർത്തിയായ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പട്രോളിങ് സംഘം കാറിന് കൈകാണിച്ചു.

ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. എസ് ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള കൂടൽ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘം കൈകാണിച്ചുവെങ്കിലും നിർത്താതെ പാഞ്ഞ കാർ നേരെ കൊടുമണിലേക്കാണ് വന്നത്. ഇവിടെ നിന്ന് ഏഴംകുളം വഴി ഏനാത്ത് മിനിഹൈവേയിലൂടെ പാഞ്ഞു. അവിടെ നിന്ന് എംസി റോഡിൽ കടന്ന് അടൂർ വഴി പത്തനംതിട്ടയ്ക്ക് വിട്ടു.

ഓരോ സ്റ്റേഷനിലും സംഘത്തെക്കുറിച്ച് അറിയിപ്പ് കൊടുത്തിരുന്നു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിൽ വിവരം കൈമാറിയതിനെതുടർന്ന് എസ് ഐ രതീഷ് കുമാറിന്റെനേതൃത്വത്തിലുള്ള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. കൂടൽ പൊലീസ് പിന്തുടർന്ന് ഓടിച്ചു കൊണ്ടു വന്ന സംഘം റിങ് റോഡിൽ വെട്ടിപ്രത്ത് വച്ച് മറ്റൊരു റോഡിലേക്ക് തിരിയുമ്പോഴാണ് പിടിയിലാകുന്നത്. കൂടൽ പൊലീസിന്റെ വാഹനം കുറുകെയിട്ട് തടഞ്ഞു. കാർ പൊലീസ് ജീപ്പിലിടിച്ചു പിന്നാക്കം പോയി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. പിൻവശത്തെ ചില്ല് തകർന്നു. കാറിന്റെ മുൻഭാഗത്ത് ഭാഗികമായി കേടുപാട് സംഭവിച്ചു.

ഇതിനിടെ രണ്ടു പ്രതികൾ കാറിൽ നിന്ന രക്ഷപ്പെട്ടു. ജില്ലാ പൊലീസ് ആന്റി നർകോട്ടിക് സ്പെഷ്യൽ ഫോഴ്സ് ( ഡാൻസാഫ് ) സംഘത്തിലെ പൊലീസുദ്യോഗസ്ഥരും കൂടി ചേർന്ന് രണ്ടുപ്രതികളെ കയ്യോടെ പിടികൂടി. ഡിവൈ എസ്‌പി കെ സജീവിന്റെ നിർദേശപ്രകാരം, പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഇത്തരം സംഘങ്ങൾക്കെതിരെ ഡാൻസാഫ് ടീം, മറ്റ് പൊലീസുദ്യോഗസ്ഥർ എന്നിവർ ചേർന്ന് കർശന പരിശോധനയിലൂടെയും മറ്റും ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.