- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രാഹ്മണർക്ക് എതിരെ അപകീർത്തികരമായ പരാമർശം: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് അറസ്റ്റിൽ; നന്ദകുമാർ ബാഗേലിനെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് റായ്പൂർ കോടതി; മുഖ്യമന്ത്രിയുടെ 86 കാരനായ പിതാവ് ആണെങ്കിൽ കൂടി നിയമത്തിന് അതീതൻ അല്ലെന്ന വാദത്തിൽ ഉറച്ച് ബാഗേൽ
ന്യൂഡൽഹി: ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാർ ബാഗേലിനെ അറസ്റ്റു ചെയ്തു. റായ്പൂർ പൊലീസ് നന്ദ് കുമാർ ബഗേലിനെ കോടതിയിൽ ഹാജരാക്കി. നേരത്തെ, ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് 86 കാരനായ നന്ദ് കുമാർ ബഗേലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. റായ്പൂർ കോടതി അദ്ദേഹത്തെ 15 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
'ആരും നിയമത്തിന് അതീതരല്ല. അത് മുഖ്യമന്ത്രിയുടെ 86 കാരനായ പിതാവ് ആണെങ്കിൽ കൂടി. മുഖ്യമന്ത്രി എന്ന നിലയിൽ വിവിധ സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദം പുലരേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ഒരുസമുദായത്തിന് എതിരെ അദ്ദേഹം മോശം പരാമർശം നടത്തിയെങ്കിൽ, ഞാൻ ഖേദിക്കുന്നു. നിയമ നടപടി തീർച്ചയായും ഉണ്ടാകും' , ഇതാണ് ഭൂപേഷ് ബാഗേൽ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
ഞാനും പിതാവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ എല്ലാവർക്കും അറിയാം. ഞങ്ങളുടെ രാഷ്ട്രീയ ചിന്തകളും, വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഒരു മകൻ എന്ന നിലയിൽ അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ, ക്രമസമാധാനം തകർക്കുന്ന ഇത്തരം അബദ്ധങ്ങൾക്ക് അദ്ദേഹത്തോട് പൊറുക്കാൻ ആവില്ല, ഭൂപേഷ് ബാഗേൽ പറഞ്ഞു.
റായ്പൂരിലെ ബ്രാഹ്മണ സമൂഹമാണ് നന്ദ് കുമാർ ബഗേലിനെതിരേ പരാതി നൽകിയത്. ഡിഡി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നന്ദ് കുമാർ ബാഗേൽ ബ്രാഹ്മണരെ വിദേശികൾ എന്ന് വിശേഷിപ്പിച്ചതായി ആരോപിച്ചു. ബ്രാഹ്മണർ സ്വയം പരിഷ്‌ക്കരിക്കുകയോ ഗംഗയിൽ നിന്ന് വോൾഗയിലേക്ക് പോകാൻ തയ്യാറാകുകയോ വേണമെന്നും അദ്ദേഹം പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, ഛത്തീസ്‌ഗഢ് സർക്കാർ എല്ലാ ജാതി-മത-സമുദായങ്ങളെയും അവരുടെ വികാരങ്ങളെയും മാനിക്കുന്നതായും എല്ലാവർക്കും തുല്യപ്രാധാന്യം നൽകുന്നതായും മുഖ്യമന്ത്രി ഊന്നി പറഞ്ഞു. പാർട്ടിയിൽ തന്റെ എതിരാളി ടികെ സിങ് ദിയോയിൽ നിന്ന് വെല്ലുവിളി നേരിടുന്നതിനിടെയാണ് ഭൂപേഷ് ബാഗേലിനെ കുടുംബ നാടകം കൂടി പ്രശ്‌നമായത്. മുഖ്യമന്ത്രി പദത്തിൽ ബാഗേലിന്റെ കാലാവധി പാതി പൂർത്തിയായെന്നും, ഇനി തന്നെ കസേരയിൽ ഇരുത്തണമെന്നും ആിരുന്നു ടികെ സിങ് ദിയോയുടെ ആവശ്യം. എന്നാൽ, ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പം ആണെന്ന് ബാഗേൽ വാദിച്ചതോടെ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പദത്തിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ