- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് രണ്ടു മാസം മുമ്പ്; മറ്റൊരു ജോലി കണ്ടെത്തി വിദേശത്ത് പോകാൻ ശ്രമിക്കുന്നതിനിടെ കൊലപാതകം; പെറ്റ് ഷോപ്പു നടത്തുന്ന ബിജെപിക്കാരനെ കുത്തിയത് ആളു മാറിയോ? എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി; ചാവക്കാട്ടെ സംഘർഷത്തിലാക്കി ബിജുവിന്റെ കൊലപാതകം
തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവന്റെ കൊലയെ തുടർന്ന് തൃശൂരിൽ ആകെ അതീവ ജാഗ്രത. എസ്ഡിപിഐ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും തൃശൂരിൽ തലപൊക്കാനുള്ള സാധ്യത പൊലീസ് കാണുന്നു ഈ സാഹചര്യത്തിലാണ് കരുതൽ.
മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്പര ചന്ദ്രന്റെ മകൻ ബിജു (35) വാണ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമിസംഘം ബൈക്കിൽ കടന്നുകളഞ്ഞു. കുത്തേറ്റ് നിലത്തുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാപ്പറമ്പ് സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പ്രവാസിയായ ബിജു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്ത് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കൊലപാതകം ആള് മാറി ചെയ്തതാണെന്നും പറയപ്പെടുന്നു. ദുബായിലായിരുന്ന ബിജു രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്.
സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് ബിജെപി ആരോപണം. കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണെന്ന് സുരേന്ദ്രൻ പറയുന്നു. മുൻപ് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്. സംഭത്തിൽ സിപിഎം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്. മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ബിജു ചാപ്പറമ്പ് സെന്ററിൽ പെറ്റ്ഷോപ്പ് നടത്തിവരുകയായിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താൻ കൊലപാതകം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനു ശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുവായൂർ എസിപി കെ.ജി. സുരേഷിനാണ് അന്വേഷണ ചുമതല. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. അമ്മ: തങ്കമണി. ഭാര്യ: റിയ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വയറിനു ആഴത്തിൽ കുത്തേറ്റ് റോഡിൽ വീണു രക്തം വാർന്നു കിടന്ന ബിജുവിനെ നാട്ടുക്കാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുമാറി കുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിക്കൂറുകൾക്ക് മുൻപ് സംഭവ സ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി ഒരു സംഘം വാക്കേറ്റത്തിലേർപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. ഇതാണ് ആളുമാറിയുള്ള ആക്രമണത്തിലേക്ക് സൂചന നൽകുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.