ഷാർജ: മിന്നുന്ന തുടക്കമിട്ട് ഓപ്പണർമാരായ റിതുരാജ് ഗെയ്ക്വാദും ഫാഫ് ഡൂപ്ലെസിയും. സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളർമാരുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് എം എസ് ധോണിയുടെ സൂപ്പർ ഫിനിഷിങ്. ആരാധകർ കാണാൻ മോഹിച്ച ഒരുപിടി കാഴ്ചകൾ സമ്മാനിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. 24 റൺസ് വഴങ്ങി ഹൈദരാബാദിന്റെ നിർണായക മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ് ഹെയ്‌സൽവുഡാണ് കളിയിലെ താരം

ആവേശകരമായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ചെന്നൈ അവസാന ഓവറിൽ രണ്ട് പന്ത് ശേഷിക്കെയാണ് മറികടന്നത്. ധോനിയുടെ തകർപ്പൻ സിക്സിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു.

ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൂപ്പർ കിങ്സിനെ സമ്മർദ്ദത്തിലാക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് വിജയം സമ്മാനിച്ചത്. സ്‌കോർ: സൺറൈസേഴ്സ് 20 ഓവറിൽ ഏഴിന് 134. ചെന്നൈ 19.4 ഓവറിൽ നാലിന് 139.

പതിനൊന്ന് മത്സരങ്ങളിൽ നി്ന്നും 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. അത്ര തന്നെ മത്സരങ്ങളിൽ രണ്ട് ജയം മാത്രം നേടിയ സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

റിതുരാജ് ഗെയ്ക്വാദും ഫാഫ് ഡൂപ്ലെസിയും നൽകുന്ന നല്ല തുടക്കങ്ങളാണ് സീസണിൽ ചെന്നൈയുടെ വിജയക്കുതിപ്പിന് അടിത്തറയിടുന്നത്. ഹൈദരാബാദിനെതിരെയും അതിന് വ്യത്യാസമുണ്ടായില്ല. ഓപ്പണിങ് വിക്കറ്റിൽ ഗെയ്ക്വാദും ഡൂപ്ലെസിയും ചേർന്ന് 10 ഓവറിൽ 75 റൺസടിച്ചപ്പോഴെ ഹൈദരാബാദ് പ്രതീക്ഷ കൈവിട്ടു. ഗെയ്ക്വാദിനെ(38 പന്തിൽ 45) മടക്കി ജേസൺ ഹോൾഡർ ചെന്നൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. എന്നാൽ മൊയീൻ അലിയെ(17) കൂട്ടുപിടിച്ച് പോരാട്ടം തുടർന്ന ഡൂപ്ലെസി ചെന്നൈയെ 100 കടത്തി.

ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്നതിനിടെ ഡൂപ്ലെസിയും(36 പന്തിൽ 41), മൊയീൻ അലിയും(17), സുരേഷ് റെയ്‌നയും(2) മടങ്ങിയത് ചെന്നൈയെ ആശങ്കയിലാഴ്‌ത്തി. എന്നാൽ ഒരറ്റം കാത്ത അംബാട്ടി റായുഡു(13 പന്തിൽ 17*) അവസാന ഓവറുകളിലെ സമ്മർദ്ദം അതിജീവിച്ചു. ജേസൺ റോയ് ക്യാച്ച് കൈവിട്ടതിലൂടെ ജീവൻ ലഭിച്ച ധോണി(11 പന്തിൽ 14*) അവസാന ഓവറിൽ സിദ്ധാർത്ഥ് കൗളിനെ സിക്‌സിന് പറത്തി ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശനം രാജകീയമാക്കി. സൺറൈസേഴ്സിന് വേണ്ടി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റെടുത്തപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് പവർ പ്ലേയിൽ ഓപ്പണർ ജേസൺ റോയിയുടെ വിക്കറ്റ് നഷ്ടമായതോടെ തുടക്കത്തിലെ തിരിച്ചടിയേറ്റു. പവർ പ്ലേക്ക് പിന്നാലെ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മടങ്ങിയതോടെ ഹൈദരാബാദ് റൺസ് കണ്ടെത്താനാകാതെ വലഞ്ഞു. ഏഴ് പന്തിൽ രണ്ട് റണ്ണെടുത്ത റോയിയെ ഹേസൽവുഡ് പുറത്താക്കിയപ്പോൾ 11 പന്തിൽ 11 റൺസെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.വൃദ്ധിമാൻ സാഹയും പിന്നാലെ പുറത്തായെങ്കിലും നോ ബോളായതിനാൽ രക്ഷപ്പെട്ടു.

മൂന്നാം ഓവറിൽ ദീപക് ചാഹറിനെ രണ്ട് സിക്‌സിന് പറത്തിയ സാഹ ഒടുവിൽ പത്താം ഓവറിൽ ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഹൈദരാബാദ് സ്‌കോർ 74ൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. 46 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയാണ് സാഹ 44 റൺസെടുത്തത്.

അഭിഷേക് ശർമയും(18), അബ്ദുൾ സമദും(18) മികച്ച രീതിയിൽ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാനായില്ല. ഇരുവരെയും മടക്കി ഹേസൽവുഡാണ് ഹൈദരാബാദിന് ഇരട്ടപ്രഹരമേൽപ്പിച്ചത്. വാലറ്റത്ത് റാഷിദ് ഖാൻ(13 പന്തിൽ 17*) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 134ൽ എത്തിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഡ്വെയ്ൻ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാർദുലും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.