ആലപ്പുഴ: എൻ എസ് എസിന്റെ പിന്തുണയായിരുന്നു രാഷ്ട്രീയത്തിൽ എന്നും രമേശ് ചെന്നിത്തലയുടെ കരുത്ത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ താക്കോൽ സ്ഥാനമായ ആഭ്യന്തരത്തിൽ ചെന്നിത്തലയെ എത്തിച്ചതും എൻഎസ് എസും ജനറൽ സെക്രട്ടറി സുകമാരൻ നായരുമായിരുന്നു. അതുകൊണ്ട് തന്നെ ചെന്നിത്തലയെ വെട്ടാൻ എല്ലാ രാഷ്ട്രീയ ശത്രുക്കളും ഒരുമിക്കുകയാണ്. ഹരിപ്പാട്ട് ചെന്നിത്തലയെ വെട്ടി വീഴ്‌ത്താനാണ് നീക്കം.

ഹരിപ്പാട്ടു തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീർത്തു പറഞ്ഞതോടെ മത്സര മണ്ഡലം ഉറപ്പായി കഴിഞ്ഞു. ഹരിപ്പാട് എൻ എസ് എസിനും നല്ല വേരോട്ടമുണ്ട്. ഇതെല്ലാം ചെന്നിത്തലയ്ക്ക ഇത്തവണ വോട്ടായി മാറുമോ എന്ന സംശയം സജീവമാണ്. ഇതിനിടെയാണ് ചെന്നിത്തലയെ തോൽപ്പിക്കാൻ ഇടതു മുന്നണിയും തന്ത്രങ്ങൾ മെനയുന്നത്. ഹരിപ്പാട്ടെ ബിജെപി സ്ഥാനാർതഥി ആരാണെന്നതും നിർണ്ണായകമാണ്. കഴിഞ്ഞ തവണ വിവി രാജേഷിനെയാണ് ആദ്യം ബിജെപി ചെന്നിത്തലയ്‌ക്കെതിരെ സ്ഥാനാർത്ഥിയാക്കി. പിന്നീട് മാറ്റുകയും ചെയ്തു. ഇതിന് പിന്നിൽ പോലും എൻ എസ് എസ് ഇടപെടലുകൾ സംശയിച്ചിരുന്നു.

ഇത്തവണ എന്തോ കാരണം കൊണ്ട് എൻ എസ് എസിന് ചെന്നിത്തലയോട് താൽപ്പര്യക്കുറവുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ആർ എസ് എസും ചെന്നിത്തലയെ തോൽപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിപ്പാട്ടെ ഭൂരിപക്ഷ വോട്ടുകൾ ചെന്നിത്തലയെ കൈവിട്ടാൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സിപിഐയും ഇടതു പക്ഷവും വിലയിരുത്തുന്നു. അതുകൊണ്ട് കൂടുതൽ കരുത്തനായ സ്ഥാനാർത്ഥിയെ ചെന്നിത്തലയ്‌ക്കെതിരെ നിർത്തും. മതസാമുദായിക സമവാക്യങ്ങൾ സിപിഐയും പരിഗണിക്കും.

ഇത്തവണ ബിജെപിയും അതിശക്തനായ സ്ഥാനാർത്ഥിയെ ചെന്നിത്തലയ്ക്ക് എതിരെ നിർത്താൻ സാധ്യതയുണ്ട്. ഇത് മുതലെടുക്കാൻ സിപിഐയും. ആരാവും ഇത്തവണ രമേശിന്റെ എതിരാളിയായി ബിജെപിയിൽ നിന്ന് വരുന്നതെന്നത് നിർണ്ണായകമാണ്. അതിശക്തനായ സ്ഥാനാർത്ഥി എത്തിയാൽ ത്രികോണ പോരിന്റെ ചൂടെത്തും. അങ്ങനെ ചെന്നിത്തലയെ അട്ടിമറിക്കാമെന്നാണ് ഇടതിന്റേയും കണക്കു കൂട്ടൽ. എസ് എൻ ഡി പിയുടെ വോട്ടുകളും പഴയതു പോലെ ചെന്നിത്തലയ്ക്ക് കിട്ടില്ല.

ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രമേശ് ചെന്നിത്തല തന്റെ 26-ാം വയസ്സിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് മണ്ഡലത്തിൽ നിന്നായിരുന്നു വിജയം. നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 വയസ്സാണ്. 1982 ൽ എൻഎസ് യുവിന്റെ ദേശീയ പ്രസിഡന്റ് ആയ വർഷം തന്നെ ആയിരുന്നു നിയമസഭാ പ്രവേശനവും. ആ സർക്കാരിന്റെ അവസാന കാലത്ത്, 1986 ൽ രമേശ് ചെന്നിത്ത ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അന്ന് 30 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി എന്ന റെക്കോർഡ് ഇപ്പോഴും ചെന്നിത്തലയ്ക്ക് സ്വന്തമാണ്.

1987 ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിൽ എത്താൻ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനത്തിരിക്കാൻ കഴിഞ്ഞത് ഒരൊറ്റ വർഷം മാത്രമായിരുന്നു. അന്ന് യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ ഭാവി മറ്റൊന്നാകുമായിരുന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറി. എംപിയായി. അപ്പോഴും കേന്ദ്രമന്ത്രിയാകാൻ കഴിഞ്ഞില്ല. പിന്നെ കെപിസിസി അധ്യക്ഷനായി കേരളത്തിൽ. വീണ്ടും ഹരിപ്പാട് മത്സരിച്ച് ആഭ്യന്തര മന്ത്രിയായി. ഇത്തവണ മുഖ്യമന്ത്രി കസേര നോട്ടമിട്ടാണ് മത്സരം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഭീഷണിയുമാണ്. ഇതിനിടെയാണ് സ്വന്തം തട്ടകത്തിൽ പോര് മുറുകുന്നത്. ഹരിപ്പാട് ഇത്തവണ ജീവൻ മരണ പോരാട്ടമാണെന്ന് ചെന്നിത്തലയ്ക്കും അറിയാം.

എൽഡിഎഫിൽ സിപിഐയുടെ സീറ്റാണ് ഹരിപ്പാട്. കഴിഞ്ഞ തവണ മത്സരിച്ച പി.പ്രസാദ് വീണ്ടും ഇറങ്ങാൻ സാധ്യതയില്ല. ഇപ്പോൾ പാർട്ടിയുടെ ആലോചനയിൽ ജില്ലാ അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദിനാണു പ്രാമുഖ്യം. 2011ൽ കൃഷ്ണപ്രസാദ് രമേശ് ചെന്നിത്തലയോടു മത്സരിച്ചിട്ടുമുണ്ട്. അന്നു രമേശിനു കടുത്ത മത്സരം നൽകിയെന്നതും കൃഷ്ണപ്രസാദിന്റെ സാധ്യത കൂട്ടുന്നു. ആലപ്പുഴയിൽ കൃഷ്ണ പ്രസാദിന് മികച്ച ഇമേജാണ് ഇപ്പോഴുള്ളത്. ഇതെല്ലാം ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പ്രതിപക്ഷ നേതാവിനെതിരെ ചെറുപ്പക്കാർ എന്ന ചിന്തയിൽ എഐവൈഎഫ് സംസ്ഥാന നേതാക്കളുടെ പേരുകൾ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ, മണ്ഡലത്തിൽ കൂടുതൽ പരിചിതനെന്ന ആനുകൂല്യം കൃഷ്ണപ്രസാദിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കൃഷ്ണപ്രസാദിനെ ഹരിപ്പാട്ട് പരിഗണിച്ചിരുന്നു. അടുത്തിടെ ഹരിപ്പാട്ട് പാർട്ടി ജന്മദിന പരിപാടിയിലും മറ്റും കൃഷ്ണപ്രസാദിനെ പങ്കെടുപ്പിച്ചതും ചെന്നിത്തലയ്‌ക്കെതിരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമാണ്.

ാർട്ടി ഏൽപിച്ച വിവിധ ചുമതലകൾ ഇപ്പോൾത്തന്നെ കൃഷ്ണപ്രസാദ് വഹിക്കുന്നുമുണ്ട്. രമേശ് മണ്ഡലം മാറുമെന്ന അഭ്യൂഹത്തിനൊപ്പം പ്രചരിച്ച മറ്റൊരു വാർത്തയാണ് ഹരിപ്പാട് സീറ്റിൽ ഇത്തവണ സിപിഐ മത്സരിക്കില്ലെന്നത്. സിപിഎമ്മുമായി അരൂർ വച്ചുമാറും എന്നായിരുന്നു പ്രചാരണം. പക്ഷേ, 2 പാർട്ടിയും അതെല്ലാം തള്ളി. അരൂരും ചേർത്തലയും തമ്മിൽ വച്ചു മാറാൻ സിപിഎം നേതൃത്വത്തിനു താൽപര്യമുണ്ടെങ്കിലും ചേർത്തല വിട്ടുകൊടുക്കാൻ സിപിഐ ഒരുക്കമല്ല.