കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ പിൻവലിക്കണെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെ സമാന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വനിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവർക്കെതിരായ ആയിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. അത് പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടും സമാനമായ സമരം നടന്നു. നാമജപഘോഷയാത്ര നടത്തിയവരുടെ പേരിൽ ആയിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. അതും പിൻവലിക്കണം. ഈ രണ്ടുകാര്യങ്ങളും സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കും. ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി റാങ്ക് ഹോൾഡേഴസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നാട്ടിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് താൻ മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നത് പിൻവാതിൽ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് റാങ്ക് ലിസ്റ്റിലുള്ള തൊഴിൽരഹിതരോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകൾ കുന്നുകൂടി കിടക്കുമ്പോഴാണ് പാർട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ ശരവേഗത്തിൽ നീങ്ങിയത്. ഇതിനായി ശനിയും ഞായറും സെക്രട്ടറിയേറ്റ് പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തെ കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. 'പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ഇംഗ്ലീഷിൽ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തിൽ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്.' ചെന്നിത്തല പറഞ്ഞു.

മാണി സി.കാപ്പന്റെ യുഡിഎഫിലേക്കുള്ള വരവ് യുഡിഎഫിന് ഗുണം ചെയ്യും. എൽഡിഎഫ് ഒരു മുങ്ങുന്ന കപ്പലാണെന്ന് എല്ലാവർക്കും അറിയാം. സീറ്റുവിഭജനം ഉൾപ്പടെയുള്ള മറ്റുനടപടികൾ ആലോചിച്ച് തീരുമാനിക്കും. കാപ്പന്റെ യുഡിഎഫിലേക്കുള്ള വരവിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാനത്ത് വികസനം നടത്തുന്നതിന് പകരം ഇമേജ് വർധിപ്പിക്കാനും പിആർ ഏജൻസികളുടെ ശക്തി വർധിപ്പിക്കാനും വേണ്ടിയാണ് ഇപ്പോൾ പരസ്യങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് വാചകമടി വികസനം മാത്രമാണ്. ഒരു വൻകിട വികസന പദ്ധതിയും നടപ്പാക്കാതെ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികൾ ഏറ്റുപിടിക്കുന്നു എന്നതല്ലാതെ തങ്ങളുടേതായ ഒരു പദ്ധതിയും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

വർഗീയത സിപിഎമ്മിന്റെ അജണ്ടയായി മാറിയിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. അതാണ് യഥാർഥ വർഗീയത. അത് കേരളത്തിന് ആപത്താണ്. ബിജെപിയും സിപിഎമ്മും തമ്മിൽ വലിയ ഐക്യമുണ്ടായിട്ടുണ്ട്. അത് ജനങ്ങൾ അറിയണം. സുരേന്ദ്രന്റെ ജാഥയുടെ പേര് 'വിജയ'ജാഥയെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.