- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരന് ഗ്രൂപ്പില്ല; പിടിയും കൊടിക്കുന്നിലിനും സിദ്ദിഖിനുമുള്ളത് എ ഗ്രൂപ്പ് പാരമ്പര്യം; കെവി തോമസ് യുഡിഎഫ് കൺവീനറാകാനും സാധ്യത; എകെ ആന്റണിയുടെ നിലപാടുകൾക്കൊപ്പം നിർണ്ണായകമായത് രാഹുലിന്റെ തീരുമാനങ്ങളും; എല്ലാ അർത്ഥത്തിലും അവഗണിക്കുന്നത് ചെന്നിത്തലയെ മാത്രം
ന്യൂഡൽഹി: വിഡി സതീശനെ മുകളിൽ നിന്ന് നിയമിച്ചവർ കെപിസിസി അധ്യകഷനേയും നിയമിച്ചു. ഇതിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരേയും. നൽകുന്ന സന്ദേശം ഗ്രൂപ്പ് രാഷ്ട്രീയത്തിന് എതിരും. കെപിസിസി പ്രസിഡന്റ് പദവിയിലേക്കു സജീവമായി പരിഗണിക്കപ്പെട്ടവർ എന്ന നിലയിലാണു കൊടിക്കുന്നിൽ സുരേഷിനും പി.ടി. തോമസിനും വർക്കിങ് പ്രസിഡന്റ് പദവി നൽകിയത്. മലബാറിൽ നിന്നുള്ള ന്യൂനപക്ഷ പ്രതിനിധിയും യുവ സാന്നിധ്യവും എന്ന നിലയിൽ ടി. സിദ്ദിഖിനും നറുക്കുവീണു. അങ്ങനെ സിദ്ദിഖിനും നേട്ടമാവുകയാണ് പുനഃസംഘടന.
ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി ഇക്കുറി വേണ്ടെന്നു രാഹുൽ നിർദ്ദേശിച്ചിരുന്നു. തീരുമാനം അടിച്ചേൽപിക്കുന്നത് ഒഴിവാക്കാനും താൽപര്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളെയും ജനപ്രതിനിധികളെയും ഭാരവാഹികളെയും ഫോണിൽ വിളിച്ച് അഭിപ്രായം തേടിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരുടെയും പേരു നിർദ്ദേശിച്ചില്ല. സുധാകരനെ എതിർക്കാത്തത് സമ്മതം മൂളലായി ഹൈക്കമാണ്ട് വിലയിരുത്തി. അപ്പോഴും വർക്കിങ് പ്രസിഡന്റുമാരുടെ നിയമനം ആരും പ്രതീക്ഷിച്ചില്ല. തീർത്തും നിരാശനാകുന്നത് ചെന്നിത്തലയാണ്. വർക്കിങ് പ്രസിഡന്റുമാരിൽ ഒരാൾ പോലും ഐ ഗ്രൂപ്പിൽ നിന്നില്ല.
പിടി തോമസിന് ഗ്രൂപ്പില്ലെന്നാണ് വയ്പ്. എന്നാൽ ഉമ്മൻ ചാണ്ടിയോടായിരുന്നു എന്നും രാഷ്ട്രീയ അടുപ്പം. അതുകൊണ്ട് തോമസിന് ചാർത്തിക്കൊടുക്കുന്ന എ ഗ്രപ്പിന്റെ പരിവേഷമാണ്. കൊടിക്കുന്നിലിന് എകെ ആന്റണിയോടാണ് താൽപ്പര്യം. അതിനാൽ കൊടിക്കുന്നിലിനേയും എ ഗ്രൂപ്പിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. ടി സിദ്ദിഖ് ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനും. എല്ലാ അർത്ഥത്തിലും ഗ്രൂപ്പ് മാനേജരായ നേതാവ്. വയനാട് ലോക്‌സഭാ സീറ്റ് രാഹുലിന് വേണ്ടി മത്സരിക്കാൻ വിട്ടുകൊടുത്ത നേതാവാണ് സിദ്ദഖ്. കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ജയിച്ച് എംഎൽഎയുമായി. ഈ നേതാവിനെ ചേർത്തു നിർത്താനാണ് രാഹുലിന്റെ തീരുമാനം.
ആരാകണം കെപിസിസി പ്രസിഡന്റ് എന്ന ചർച്ചകളിൽ ജനപ്രതിനിധികളിൽ ഒരു വിഭാഗം സുധാകരനെ പിന്തുണച്ചപ്പോൾ, ചിലർ എതിർനിലപാടെടുത്തു. മറ്റുള്ളവർ തീരുമാനം ഡൽഹിക്കു വിട്ടു. എ.കെ. ആന്റണി, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടി. സുധാകരനു പുറമേ കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ്, പി.ടി. തോമസ് എന്നിവരുടെ പേരുകളാണു ഹൈക്കമാൻഡ് പരിഗണിച്ചത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നു മനസ്സിലാക്കിയ ഹൈക്കമാൻഡ്, അതു മാനിച്ചുള്ള തീരുമാനത്തിലേക്കു നീങ്ങി. മറുനാടൻ മലയാളി നടത്തി ഓൺലൈൻ സർവ്വേയിൽ അടക്കം സുധാകരന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നേർക്കുനേർ നേരിടാൻ, കണ്ണൂരിലെ തീവ്ര രാഷ്ട്രീയത്തിന്റെ വക്താവായ സുധാകരൻ തന്നെയാണ് ഉചിതമെന്നും രാഹുൽ കണക്കുകൂട്ടി. വിവരം രാഹുൽ തന്നെ സുധാകരനെ നേരിട്ടു വിളിച്ചറിയിച്ചു. അന്തരിച്ച മുൻ വർക്കിങ് പ്രസിഡന്റ് എം.ഐ. ഷാനവാസിന്റെ പകരക്കാരനായും സിദ്ദിഖിനെ പരിഗണിച്ചു. സാമുദായിക സന്തുലനവും ഉറപ്പാക്കി. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവായ കെ.വി. തോമസിനെ യുഡിഎഫ് കൺവീനറായി പരിഗണിച്ചേക്കും.
കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ കെഎസ്‌യുവിലൂടെയാണു രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. പിന്നീട് സംഘടനാ കോൺഗ്രസ് വഴി ജനതാ പാർട്ടിയിലെത്തി. 2 തിരഞ്ഞെടുപ്പുകളെ നേരിട്ടതു ജനതാ പാർട്ടിക്കാരനായാണ്. വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ 1992ൽ ഡിസിസി പ്രസിഡന്റ് സ്ഥാനം. കെപിസിസി നിർവാഹക സമിതിയംഗം, ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ പദവികൾ വഹിച്ചശേഷം 2018 സെപ്റ്റംബറിലാണു കെപിസിസി വർക്കിങ് പ്രസിഡന്റായത്. അന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടു.
നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 11 തിരഞ്ഞെടുപ്പു മത്സരങ്ങൾ. നിയമസഭയിലേക്ക് 8 മത്സരങ്ങളിൽ 4 ജയം. 1991 ൽ എടക്കാട് മണ്ഡലത്തിൽ തോറ്റെങ്കിലും തിരഞ്ഞെടുപ്പു കേസ് ജയിച്ചതിനെ തുടർന്ന് 1992 ൽ എംഎൽഎ ആയതടക്കമാണിത്. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വനം, കായികവകുപ്പു മന്ത്രി.
മറുനാടന് മലയാളി ബ്യൂറോ