- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്; കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദ്ദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ? ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്; നീ നേരിട്ട് ചെയ്യണ്ട, നിന്റേതായിട്ട് ചെയ്യണ്ട': കെസിക്ക് എതിരെ സൈബർ ആക്രമണത്തിന് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി എന്നാരോപിച്ച് പരാതി; ഫോൺ സംഭാഷണവും പുറത്ത്
തിരുവനന്തപുരം: കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ രമേശ് ചെന്നിത്തല സൈബർ ആക്രമണത്തിന് നിർദ്ദേശം നൽകിയെന്ന് ആരോപിച്ച് പരാതി. ഇതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണം റിപ്പോർട്ടർ ടിവി പുറത്തുവിട്ടു. ചെന്നിത്തലക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറിമാരാണ് കെപിസിസിക്ക് പരാതി നൽകിയിരിക്കുന്നത്. കെ സി വേണുഗോപാൽ വിഭാഗം നേതാക്കളായ കെ പി ശ്രീകുമാർ, എം ജെ ജോബ് എന്നിവരാണ് പരാതി നൽകിയത്.ആറ്റിങ്ങലിലെ കോൺഗ്രസ് പ്രവർത്തകന് ടെലിഫോൺ വഴിയാണ് ചെന്നിത്തല നിർദ്ദേശം നൽകിയത്.
സംഭാഷണം ഇങ്ങനെ:
ഫോൺ വിളിച്ച കോൺഗ്രസ് പ്രവർത്തകൻ: ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദ്ദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ. ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല: കെപിസിസി അതെ, നീ നേരിട്ട് ചെയ്യണ്ട. നിന്റേതായിട്ട് ചെയ്യണ്ട.
കോൺഗ്രസ് പ്രവർത്തകൻ: പിള്ളേര് കൊണ്ടേ ചെയ്തിട്ടുള്ളൂ.
രമേശ് ചെന്നിത്തല: നിന്റെ അകത്തൊന്നും ചെയ്യണ്ട.
കോൺഗ്രസ് പ്രവർത്തകൻ: ഓക്കെ.. ഓക്കെ.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനെതിരെ പാർട്ടിയിൽ നിന്നു തന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിൽ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്.
'അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവർത്തികളിൽ നിന്നും പ്രവർത്തകർ പിന്തിരിയണം.''-സുധാകരൻ പറഞ്ഞു.
ഠസോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലിൽ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയപരാജയങ്ങളിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്.'' അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
കെ സി വേണുഗോപാലിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ച രണ്ട് പേരെ കോൺഗ്രസിൽ നിന്നും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. വെള്ളയിൽ ബ്ലോക്ക് പ്രസിഡന്റായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ റസാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ