തിരുവനന്തപുരം: പൊട്ടിക്കരഞ്ഞ് കെപിസിസി.യിൽ നിന്ന് 20 വർഷം മുമ്പ് ഇറങ്ങിപ്പോയ താൻ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തിരിച്ചെത്തുന്നതെന്ന് ചെറിയാൻ ഫിലിപ്പ്. മാനസിക ചങ്ങല പൊട്ടിച്ചാണ് താൻ എ.കെ.ജി സെന്ററിൽ നിന്ന് തിരിച്ചുവരുന്നത്. അവിടെ നാവ് അനക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. കോൺഗ്രസിലായിരുന്നപ്പോഴാണ് താൻ കോൺഗ്രസിന്റെ കാൽ നൂറ്റാണ്ട് എന്ന രാഷ്ട്രീയ പുസ്തകം ഭയമില്ലാതെ രചിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനിൽ നിന്ന് കോൺഗ്രസ് മെംബർഷിപ്പ് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട 20 വർഷം മാർക്‌സിസത്തെക്കുറിച്ച് പഠിച്ചു. കിട്ടാവുന്ന മാർക്‌സിസ്റ്റ് രചനകൾ വായിക്കുകയും സൈദ്ധാന്തികരുമായി സംവദിക്കുകയും ചെയ്തു. പാലിൽ വെള്ളം ചേർക്കുന്നതുപോലെ സിപിഎം മാർക്‌സിസത്തിൽ വെള്ളം ചേർത്ത് അതിനെ ഇല്ലാതാക്കി എന്നാണ് താൻ കണ്ടെത്തിയത്. ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നേടുക എന്നതു മാത്രമാണ് ലക്ഷ്യം. അടവുനയ പാർട്ടിയായി സിപിഎം അധഃപതിച്ചു.കോൺഗ്രസ് തകർന്നു എന്ന പറയുന്നതിൽ കാര്യമില്ല. കോൺഗ്രസിനെ ഒരു ജലദോഷം ബാധിച്ചിട്ടുണ്ട്. എന്നാൽ സിപിഎമ്മിനെ ബാധിച്ചിരിക്കുന്നത് മാരകമായ രക്താർബുദമാണ്. ബംഗാളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നെങ്കിൽ കേരളത്തിൽ ചില്ലുകൊട്ടാരം പോലെ തകരും. ശിഷ്ടജീവിതം താൻ കോൺഗ്രിനുവേണ്ടി വിനിയോഗിക്കും.

കെപിസിസി നല്കുന്ന ഏതു ജോലിയും ചെയ്യാൻ തയാറാണ്. ഇവിടെ കിടക്കുന്ന വട്ടമേശയിൽ താൻ മുമ്പ് ഉറങ്ങിയിട്ടുണ്ട്. ആ അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും ചെറിയാൻ പറഞ്ഞു.കോൺഗ്രസിന്റെ മഹത്വം എന്താണെന്ന് സിപിഎമ്മിന് അകത്ത് നിന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ചെറിയാൻ ഫിലിപ്പെന്ന് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിടാൻ ഒരുങ്ങുന്നവർക്ക് ഒരു റോൾ മോഡലാണ് ചെറിയാൻ ഫിലിപ്പ്. സമീപകാലത്ത് കോൺഗ്രസിൽ ചിലർ വിട്ടുപോയി.

എ.കെ.ജി സെന്ററിന്റെ പടിക്കെട്ട് കയറുമ്പോൾ കാലൊന്ന് ഇടറിയാൽ ചുമലിൽ താങ്ങാൻ പോലും ആളില്ലാതെയാണ് അവരെല്ലാം കോൺഗ്രസിൽ നിന്നും പോയത്. കോൺഗ്രസിൽ നിന്ന് എല്ലാ സുഖവും ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് ചിലർ കോൺഗ്രസ് വിട്ടുപോയത്. അവിടെ പോയവർക്ക് സിപിഎം നൽകിയ പരിഗണന നാം കണ്ടതാണെന്നും ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ച ചടങ്ങിൽ സുധാകരൻ പറഞ്ഞു.ചെറിയാൻ ഫിലിപ്പ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നേതാക്കളുടെ വിശ്വസ്തനുമായിരുന്നു. അദ്ദേഹം കോൺഗ്രസ് വിട്ടപ്പോൾ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നിയത്. എന്നാൽ ഇന്ന് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ആഹ്ലാദവും അഭിമാനവുമുണ്ട്. ചെറിയാന്റെ മടങ്ങിവരവ് കോൺഗ്രസിന് മുതൽക്കൂട്ടും കരുത്തുമാണെന്നും സുധാകരൻ പറഞ്ഞു.