തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മുമ്പ് കോൺഗ്രസ് പാർട്ടി വിട്ട് ഇടതുമുന്നണിയിൽ അഭയം തേടിയ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലെയ്ക്ക് തിരികെ കൂടണയുമോ എന്ന ചർച്ചകൾ ചൂട് പിടിക്കുമ്പോൾ രാഷ്ട്രീയമാറ്റത്തിന്റെ വ്യക്തമായ സൂചനകൾ നൽകി ചെറിയാൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 'കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല' എന്ന ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് തിരിച്ചുപോക്കിന്റെ അടയാളമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ചെറിയാൻ ഫിലിപ്പിന് ലഭിക്കുമെന്ന് കരുതിയിരുന്ന രാജ്യസഭാംഗത്വം ഇടതുമുന്നണി നിഷേധിച്ചതോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുപോക്ക് വീണ്ടും ചർച്ചയായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു. എ കെ ആന്റണി കുറച്ചുനാൾ മുമ്പുതന്നെ ഒരു പൊതുപരിപാടിയിൽ വച്ച് ചെറിയാൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ആ ക്ഷണം ചെറിയാൻ നിരസിക്കുകയാണ് ഉണ്ടായത്.

'എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ പ്രതികരിച്ചത് തെറ്റായി പോയി' എന്ന കഴിഞ്ഞ ദിവസത്തെ ചെറിയാന്റെ തുറന്നുപറച്ചിലും രാഷ്ട്രീയമാറ്റത്തിന്റെ ആദ്യചുവടുവയ്‌പ്പായി കാണുന്നവരുണ്ട്. അതിന് പിന്നാലെയാണ് മുന്നറിയിപ്പിന്റെ സ്വഭാവമുള്ള പുതിയ പോസ്റ്റും ഇന്ന് ചെറിയാൻ ഫിലിപ്പിന്റെ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ടത്.