പത്തനംതിട്ട: കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും പിടികൂടാൻ വിജിലൻസ് സംഘമെത്തിയപ്പോൾ ചെറുകോൽ വില്ലേജ് ഓഫീസിൽ നടന്നത് നാടകീയ രംഗങ്ങൾ. ഓഫീസർ പ്രമാടം സ്വദേശി രാജീവിനെയും ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസിനെയും കൈക്കൂലിപ്പണവുമായി ഉദ്യോഗസ്ഥർ പിടികൂടുന്നത് കണ്ട് അവിടെയുണ്ടായിരുന്ന മറ്റൊരു ഫീൽഡ് അസിസ്റ്റന്റ് മാവേലിക്കര സ്വദേശി സുധീർ നടത്തിയ പലായനത്തിന്റെ കഥ അന്വേഷണ സംഘത്തെയടക്കം ചിരിപ്പിച്ചു കളഞ്ഞു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ചീട്ടു കളിക്കാരെ പൊലീസ് ഓടിക്കുന്ന സീനിന് സമാനമായ സംഭവങ്ങളാണ് അവിടെ നടന്നത്. വയലത്തല സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് വിജിലൻസ് സംഘം കെണിയൊരുക്കിയത്. 5000 രൂപയായിരുന്നു ആവശ്യപ്പെട്ട കൈക്കൂലി. ഇത് വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റന്റിനും ഷാജി കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഈ സംഭവത്തിന് തൊട്ടു മുൻപ് മണ്ണെടുക്കാനുള്ള അനുമതി തേടിയെത്തിയവർ വില്ലേജ് ഓഫീസർക്കും രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർക്കും കൈക്കൂലി എത്തിച്ചു നൽകിയിരുന്നു. ബ്രൗൺ കവറിലിട്ട് ഓഫീസർക്ക് മൂവായിരം രൂപയും ഫീൽഡ് അസിസ്റ്റന്റുമാർക്ക് ആയിരം രൂപ വീതവുമാണ് നൽകിയത്. വില്ലേജ് ഓഫീസറെയും ഫീൽഡ് അസിസ്റ്റന്റിനെയും മണ്ണുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് പിടികൂടിയതെന്നും തനിക്ക് കിട്ടിയ കവറിലെ നോട്ടിലും നാഫ്തലിൻ പുരട്ടിയിട്ടുണ്ടാകുമെന്നും കരുതിയാണ് മറ്റൊരു ഫീൽഡ് അസിസ്റ്റന്റായ സുധീർ ഇറങ്ങിയോടിയത്.

മരണപ്പാച്ചിൽ നടത്തിയ ഇയാൾ തൊട്ടടുത്തുള്ള ഒരു വീട്ടിലെത്തി കൈയും കാലും മുഖവും മതി വരുവോളം കഴുകി. ടാപ്പിലെ വെള്ളം മടുമടാ കുടിച്ചു. വീട്ടുകാർ അന്തം വിട്ടു നിൽക്കേ ഇയാൾ ഇവിടെ നിന്നുമോടി. മെയിൻ റോഡിലെത്തിയ സുധീർ അതു വഴി വന്ന ഓട്ടോയിൽ കയറി. ഓട്ടോറിക്ഷ രണ്ടര കിലോമീറ്ററോളം ഓടിക്കഴിഞ്ഞപ്പോൾ വാഹനം നിർത്തിച്ചു.

ഇതിരിക്കട്ടെ എന്നു പറഞ്ഞ് കുറച്ചു പണമെടുത്ത് ഓട്ടോ ഡ്രൈവറുടെ പോക്കറ്റിൽ തിരുകി. വേഗം അവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു. രണ്ടര കിലോമീറ്റർ ഓട്ടത്തിന് അഞ്ഞൂറു രൂപയോ എന്നു കരുതി ഓട്ടോഡ്രൈവർ എടുത്തു നോക്കുമ്പോൾ അഞ്ഞൂറിന്റെ ഒന്നല്ല രണ്ട് നോട്ട്-ആയിരം രൂപ! കൈക്കൂലി കിട്ടിയ പണം അതേ പടി കൈയൊഴിയുകയായിരുന്നു തന്റെ ഓട്ടോയിൽ വന്ന് കയറിയ യാത്രക്കാരനെന്ന് വിജിലൻസ് സംഘം പിന്നാലെ എത്തിയപ്പോഴാണ് ഡ്രൈവർക്ക് മനസിലായത്.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ ചീട്ടുകളിക്കാരെ പൊലീസ് ഓടിക്കുമ്പോൾ അടുത്ത വീട്ടിൽ കയറി അവർക്കൊപ്പം ഊണുകഴിക്കുന്ന അസീസിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു സുധീറിന്റെ പലായനം. നിലവിൽ രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ സുധീർ പ്രതിയാകില്ല എങ്കിലും ഇയാൾക്കെതിരേ ഇറങ്ങിയോടിയതിനും അതിനുണ്ടായ സാഹചര്യം വിശദമാക്കിയും വിജിലൻസ് ഡിവൈ.എസ്‌പി ഹരിവിദ്യാധരൻ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.