കോഴഞ്ചേരി: ക്രിസ്തുമതത്തിന്റെ വിമർശകനായിരുന്ന ചട്ടമ്പിസ്വാമി ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെ സമൂഹം വർഗീയ വാദിയാക്കുമായിരുന്നുവെന്ന് മാർഗദർശക മണ്ഡലം സംസ്ഥാന കാര്യദർശി സദ്സ്വരൂപാനന്ദ. വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ സമൂഹത്തിന്റെ ഉള്ളിലുള്ള രോഗങ്ങളെ വിലയിരുത്തി പരിഹാര നടപടി സ്വീകരിച്ച വ്യക്തിയാണ് ചട്ടമ്പി സ്വാമിയെന്നും മനുഷ്യനെ വിഭജിക്കുന്ന ഒന്നിനോടും അദ്ദേഹം യോജിച്ചിരുന്നില്ലെന്നും തിരിച്ചടിച്ചു. വന്ദേ വിദ്യാധിരാജം എന്ന പേരിൽ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദർശനം അനുഭവമാണെന്നും അത് രൂപപ്പെടുവാൻ നിരവധി ഘടകങ്ങളുണ്ടെന്നും ഇതാണ് ചട്ടമ്പി സ്വാമിയുടെ ദാർശനിക മുഖം ലോകം അംഗീകരിക്കാൻ കാരണമെന്നും കാര്യദർശി സത്സ്വരൂപാനന്ദ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ശങ്കരാചാര്യർക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദാർശനികനാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമി. ക്രിസ്തു മതത്തെ വിമർശിച്ചതോടൊപ്പം ക്രിസ്തു മത സാരം എന്തെന്ന് വ്യക്തമാക്കുന്ന പുസ്തകവും അദ്ദേഹം രചിച്ചു. കലഹമായിരുന്നില്ല ലക്ഷ്യം. ജനങ്ങൾ വിശ്വാസത്തിന്റെ പേരിൽ പറ്റിക്കപ്പെടാതിരിക്കുക എന്നതായിരുന്നു.

അന്ന് അദ്ദേഹം നടത്തിയ ഉദ്യമം ഇന്ന് നടത്തിയിരുന്നെങ്കിൽ വർഗീയവാദി എന്ന് ചിലർ വിളിച്ചേനേ. കേരള സമൂഹത്തിന്റെ കാപട്യമാണ് ഇത് വെളിവാക്കുന്നത്. അറിവിനെ ബഹുമാനിക്കുന്ന സമൂഹത്തിന് പകരം കക്ഷി രാഷ്ട്രീയത്തെ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് അപചയമാണ്. വേദങ്ങൾ നൽകുന്ന അറിവ് എല്ലാവർക്കും അർഹതപ്പെട്ടതാണ്. ഇത് ശരിയായ അർഥത്തിൽ ഗ്രഹിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

ഹിന്ദു മതത്തിന്റെ നവീകരണത്തിൽ വലിയ ഇടപെടൽ നടത്തിയ സന്യാസി ശ്രേഷ്ഠനാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമിയെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിപൂർണ കലാനിധി എന്നാണ് ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെക്കുറിച്ച് പറഞ്ഞത്. സമൂഹത്തിന്റെ
ഉള്ളിലുള്ള രോഗങ്ങളെ വിലയിരുത്തി പരിഹാര നടപടി സ്വീകരിച്ച വ്യക്തിയാണ്. മനുഷ്യനെ വിഭജിക്കുന്ന ഒന്നിനോടും ചട്ടമ്പിസ്വാമി യോജിച്ചിരുന്നില്ല. വെള്ളവും വെളിച്ചവും പോലെ വിദ്യാഭ്യാസവും ആവശ്യമാണെന്ന് ചട്ടമ്പി സ്വാമി ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. ഇന്ന് ചട്ടമ്പി സ്വാമി ഉണ്ടായിരുന്നെങ്കിൽ സങ്കുചിത താത്പര്യങ്ങൾക്കെതിരെ പ്രതികരിച്ചേനെ.

ചട്ടമ്പിസ്വാമിയെ പഠിക്കാനും മനസിലാക്കാനും സ്വാമികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളത്. ചട്ടമ്പിസ്വാമിയുടെ പേരിൽ ഒരു ഗവേഷണ കേന്ദ്രമായി അത് ഉയർന്ന് വരേണ്ടതാണ്. തലമുറകൾ ഓർമിക്കുന്ന തരത്തിൽ ഈ കേന്ദ്രം മാറും എന്ന് പ്രതീക്ഷിക്കുകയാണ്. എല്ലാവരെയും തുല്യരായി കാണാൻ കഴിയുന്ന ദർശനത്തിന് ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്. നേരായ വഴിയിലേക്ക് സഞ്ചരിക്കാൻ മതങ്ങൾ രൂപപ്പെട്ടു.

പ്രപഞ്ചത്തിന്റെ ചൈതന്യമാണ് എല്ലാവരിലും ഉള്ളത് എന്നും മന്ത്രി പറഞ്ഞു. സ്വാമി നിഗമാനന്ദ തീർത്ഥപാദർ, മുൻ എംഎ‍ൽഎ രാജു ഏബ്രഹാം, കെ.ജയവർമ്മ, പ്രകാശ് കുമാർ ചരളേൽ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തി.