പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ചെറുകോൽ സർവീസ് സഹകരണ ബാങ്കിൽ പണമെടുക്കാനെത്തുന്ന നിക്ഷേപകരെ കാത്ത് ഒരു നോട്ടീസ് ഉണ്ട്. അതിൽ പറയുന്നത് ഇങ്ങനെ:

ബാങ്കിൽ നിലവിൽ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുകയാണ്. നിലവിൽ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം തിരികെ നൽകാൻ സാധിക്കുന്നില്ല. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെട്ടു വരുന്നതിനും കുടിശിക തിരിച്ചു വരുന്നതിനും സമയമെടുക്കുമെന്നതിനാൽ താങ്കളുടെ തുക ഇപ്പോൾ മടക്കി നൽകുവാൻ സാധിക്കുന്നതല്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് താങ്കളുടെ എസ്ബിയിൽ ഉള്ള തുക മടക്കി നൽകുന്നതാണ്. അതുവരെ ബാങ്കുമായി സഹകരിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.

ബാങ്കിൽ പണം എടുക്കാൻ എത്തുന്നവർക്ക് ഇത്തരത്തിൽ കത്തെഴുതി നൽകുകയാണ് ഇപ്പോൾ സെക്രട്ടറിയുടെ പ്രധാന ജോലി. കാലങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കിൽ പേരിന് പോലും യുഡിഎഫ് പ്രതിനിത്യമില്ല. ഇടത് മുന്നണിക്ക് പുറമെ ആകെയുള്ളത് ഒരു ബിജെപി അംഗം മാത്രമാണ്. ബാങ്കിൽ നിലവിൽ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുക ആണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ നിക്ഷേപകർക്ക് പണം മടക്കി നല്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരും സഹകരിക്കണമെന്നും ഭരണസമിതി പറയുന്നു.

വായ്പ നൽകിയ ഇനത്തിൽ വൻ തുക ലഭിക്കാനുണ്ടെന്നും ഈ കുടിശിക ലഭിച്ചാൽ നിക്ഷേപകർക്ക് പണം മടക്കി നല്കാമെന്നുമാണ് അധികൃതർ പറയുന്നത്. ബാങ്കിൽ എത്തുന്നവർക്ക് ഇത്തരത്തിൽ സഹകരിക്കണമെന്നുള്ള അപേക്ഷ ആണ് ഇപ്പോൾ നൽകുന്നത്. ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ഭരണം സിപിഎം ഏറ്റെടുത്തതോടെയാണ് കുഴപ്പങ്ങൾ തുടങ്ങിയതെന്ന് യുഡിഎഫ് പറയുന്നു.

എന്നാൽ വായ്പാ കുടിശിക ഉള്ളവർ എല്ലാ രാഷ്ട്രീയ പാർട്ടിയിലുമുള്ളതിനാൽ ആരും സമര രംഗത്തേക്ക് വരുന്നുമില്ല.നിക്ഷേപകർ എത്തുമ്പോൾ മിക്കപ്പോഴും ബാങ്ക് തുറക്കാറുമില്ല. വിവിധ സംഘടനകൾ സാമൂഹ്യ പ്രവർത്തന ഫണ്ട് ഇവിടെ സ്ഥിര നിക്ഷേപമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പഠന സഹായത്തിനും മറ്റുമുള്ള വലിയ തുകകളും ഇതിലുണ്ട്.

ഈ പണം നൽകാനും നിലവിലെ സ്ഥിതിയിൽ ബാങ്കിന് കഴിയുന്നില്ല. സംഘടനകൾ കത്തുകൾ ഭരണ സമിതിക്ക് നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ സിപിഎം ഭരിച്ചു കുളമാക്കിയതിൽ പ്രതിസന്ധി പുറത്തു വന്ന ഏറ്റവും അവസാനത്തെ ബാങ്കാണിത്. മറ്റെല്ലായിടത്തും സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഏരിയാ കമ്മറ്റിയംഗം, പ്രാദേശിക നേതാക്കൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് കോടികൾ തട്ടി മുങ്ങിയിരിക്കുന്നത്.

സീതത്തോട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിക്കൂട്ടിലുള്ളത് ജനീഷ് കുമാർ എംഎൽഎയാണ്. മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗം ജെറി ഈശോ ഉമ്മനാണ് കോടികളുടെ തട്ടിപ്പിന് ചുക്കാൻ പിടിച്ചത്. പെയ്ഡ് ന്യൂസ് പ്രമോഷൻ വഴി തന്റെ ഭാഗം ജെറി പതിവായി ന്യായീകരിക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് ഇടയിൽ ഇത് നെഗറ്റീവ് ഇംപാക്ട് ആണ് വരുത്തി വച്ചിരിക്കുന്നത്. കുമ്പളാംപൊയ്ക ബാങ്കിൽ തട്ടിപ്പ് നടത്തിയതിന് ജില്ലാ കമ്മറ്റിയംഗം മത്തായി ചാക്കോയെ തരം താഴ്‌ത്തിയിരുന്നു. പഴകുളം കിഴക്ക് ബാങ്ക് യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഭരണ സമിതിയെ പുറത്താക്കി സിപിഎം നേതാക്കളെ അഡ്‌മിനിസ്ട്രേറ്റർ ആക്കിയതോടെ അവിടെയും കോടികളുടെ തട്ടിപ്പ് അരങ്ങേറി.

ഓമല്ലൂർ, ചന്ദനപ്പള്ളി, വകയാർ തുടങ്ങിയ ബാങ്കുകൾക്കും തട്ടിപ്പിന്റെ കഥകൾ നിരവധി പറയാനുണ്ട്.