- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവയ്ക്കൽ സുരേന്ദ്രൻ കൊലക്കേസ്: ജയിലിൽ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല; ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി
തിരുവനന്തപുരം: സംഘം ചേർന്ന് ഭവനം കൈയേറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ചെറുവയ്ക്കൽ സുരേന്ദ്രൻ കൊലക്കേസിൽ 68 ദിവസങ്ങളായി ജയിലിൽ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറാണ് ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഒന്നാം പ്രതി ചെറുവയ്ക്കൽ വില്ലേജിൽ തുറുവിക്കൽ പുലയനാർകോട്ട ശ്രീജ ഭവനിൽ ചന്ദ്രന്റെ (53) ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. പ്രതിയുടെ ആദ്യ ജാമ്യഹർജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.
2021 ഓഗസ്റ്റ് 12 ന് വൈകിട്ട് 6 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രനെ കൊലപ്പെടുത്തണമെന്ന പൊതു ലക്ഷ്യം പുരോഗമിപ്പിക്കുന്നതിനായി പ്രതികൾ കൂടി ചേർന്ന് മഞ്ചാടി ജംഗ്ഷന് സമീപമുള്ള സുരേന്ദ്രന്റെ വീട്ടിൽ ഭവന ഭേദനം നടത്തി അതിക്രമിച്ചു കയറി മൃഗീയമായി ദേഹോപദ്രവം ഏൽപ്പിക്കുകയും തേങ്ങ കൊണ്ട് ആക്രമിക്കുകയും ചെയ്തു. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താൽ 8.30 മണിയോടെ മരണപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിക്ക് ക്രിമിനൽ പഞ്ചാത്തലമില്ലെന്നും മറ്റു യാതൊരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്നും 2016 ൽ ആൻജിയോ പ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്നും 68 ദിവസങ്ങളായി ജയിലിൽ കഴിയുന്ന പ്രതിയുടെ തുടർ കസ്റ്റഡി കൊണ്ട് യാതൊരു കാര്യവുമില്ലെന്നുമുള്ള പ്രതിയുടെ ജാമ്യഹർജിയിലെ വാദങ്ങളെ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം: എ. ഹക്കീം ശക്തമായി എതിർത്തിരുന്നു.
ഒന്നാം പ്രതിയുടെ ബോധപൂർവ്വമായ ക്രിമിനൽ പ്രവൃത്തികളുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് അദ്ദേഹം വാദിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മെഡിക്കൽ കോളേജ് പൊലീസ് ഹാജരാക്കിയ സി ഡി ഫയലിൽ പ്രതിക്കെതിരായ കുറ്റാരോപണത്തിന് വളരെയധികം അടിസ്ഥാനമുണ്ട്.
മുഖ്യ പ്രതി പരസ്യമായി ചെയ്ത കൃത്യങ്ങൾ ഗൗരവമേറിയതും ഒന്നാം പ്രതിയുടെ ഭാഗത്തു നിന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ കൃത്യവുമാണെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവവും , പ്രതിയുടെ പങ്കാളിത്തം എന്നിവ പരിഗണിക്കുമ്പോൾ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.