- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സ്ഥലം വലിയ കുന്നിൽപുറത്തല്ല; ചെറിയ കുന്നുകളുണ്ടെങ്കിലും വലിയ കുഴികളോ വലിയ കുന്നുകളോ ഇല്ല; ഭൂമി നിരത്തിയും നികത്തിയും സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു ഭാഗത്തും കുഴികളുണ്ടാകില്ല; ചെറുവള്ളിക്കായി ശബരിമല വിമാനത്താവളത്തിൽ പുതിയ വാദങ്ങളുമായി കേരളം
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഇനി സർക്കാരിന് വേറെ ഭൂമി കണ്ടത്തേണ്ടി വരും. ഇതിനിടെയിലും ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റിൽ തന്നെ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ർ നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് ആദ്യം വിലയിരുത്തിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ എങ്ങനേയും കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് കരുതി മുമ്പോട്ടു പോയി.
അതിനിടെ എങ്ങനേയും ചെറുവള്ളിയിൽ തന്നെ വിമാനത്താവളം കൊണ്ടു വരാനുള്ള ശ്രമം തുടരും. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിച്ചാൽ കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേതു പോലെ ടേബിൾടോപ് റൺവേ വേണ്ടിവരുമെന്ന ഡിജിസിഎയുടെ ആശങ്ക അസ്ഥാനത്തെന്നു കേരളം മറുപടി നൽകും. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്നിൽപുറത്തല്ല. ചെറിയ കുന്നുകളുണ്ടെങ്കിലും വലിയ കുഴികളോ വലിയ കുന്നുകളോ ഇല്ല. ഭൂമി നിരത്തിയും നികത്തിയും സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു ഭാഗത്തും കുഴികളുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടും. ഇതിന് പിന്നിൽ ചെറുവള്ളി ഭൂമിക്ക് പിന്നിലുള്ള താൽപ്പര്യങ്ങളാണെന്ന വാദം ശക്തമാണ്.
പുതിയ വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ ദൂരപരിധിയിൽ മറ്റു വിമാനത്താവളങ്ങൾ പാടില്ല എന്ന നിബന്ധന ചെറുവള്ളിയിലെ വിമാനത്താവളത്തിന് തടസ്സമാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 88 കിലോമീറ്റർ മാത്രമാണ് അകലം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 120 കിലോമീറ്ററും. കേന്ദ്ര സർക്കാരിന്റെ നിബന്ധനയാണ് 150 കിലോമീറ്റർ പരിധിയിൽ മറ്റു വിമാനത്താവളങ്ങൾ പാടില്ലെന്നത്. എന്നാൽ പുതിയ വിമാനത്താവളം ആവശ്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയാൽ നിബന്ധനയിൽ ഇളവു ലഭിക്കും. ഇതിനും ശ്രമിക്കും.
ശബരിമല വിമാനത്താവളത്തിന്റെ സ്‌പെഷൽ ഓഫിസർ വി.തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം, കൺസൽറ്റന്റ് സ്ഥാപനമായ ലൂയി ബഗ്‌റിന്റെ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നു മറുപടികൾ തയാറാക്കും. ഡിജിസിഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയമാണു കേരളത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഡിജിസിഎയുടെ ചോദ്യങ്ങൾക്കു ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കഴിയുമെന്നു വി.തുളസീദാസും എം.ജി.രാജമാണിക്യവും പറഞ്ഞു.
ചെറുവള്ളിയിലെ എസ്‌റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന വാദം നേരത്തെ ചർച്ചയായിരുന്നു. ബീലീവേഴ്‌സ് ചർച്ചിന്റെ ഭൂമിയിൽ മതിയായ പരിശോധന പോലും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പദ്ധതിയുമായി മുമ്പോട്ട് പോയി. കൺസൾട്ടൻസി നൽകി പണം തട്ടാനുള്ള ശ്രമാണ് ഇതെന്ന വാദം നേരത്തെ ശക്തമായിരുന്നു. ഇത് ശരിയവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ. സാധ്യതാ പഠന റിപ്പോർട്ടിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) റിപ്പോർട്ട് തള്ളിക്കളയാൻ കാരണമായത് ഈ അലംഭാവമാണ്. അതുകൊണ്ട് തന്നെ പുതിയൊരു ഏജൻസിയെ വീണ്ടും പഠനത്തിന് നിയോഗിക്കും. അതിന് ശേഷം വീണ്ടും കമ്മീഷൻ തട്ടലാണ് ചിലരുടെ ശ്രമം.
2017ലാണു വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനു ലൂയി ബഗ്‌റിനു കരാർ നൽകിയത്. സാങ്കേതികസാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായിരുന്നു 4.6 കോടിയുടെ കരാർ. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണു സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും 2018 നവംബറിലാണു കമ്പനി റിപ്പോർട്ട് കൈമാറിയത്. 38 പേജ് മാത്രമുള്ള റിപ്പോർട്ടിനു കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ഏതാണ്ട് ഒരു കോടിയോളം രൂപ നൽകി.
15 മാസത്തോളം സർക്കാർ തുടർനടപടികളൊന്നുമെടുത്തില്ല. റിപ്പോർട്ട് സമഗ്രമല്ലെന്നു വിമർശനമുണ്ടായി. പിന്നീട് ഇതേ റിപ്പോർട്ട് തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് വിശ്വസനീയമല്ലെന്ന ഡിജിസിഎയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത് ഈ പിഴവാണ്.
മറുനാടന് മലയാളി ബ്യൂറോ