- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യവിവരാവകാശ കമ്മീഷണർ പദവിയിൽ നിന്ന് വിൻസൻ എം പോൾ പടിയിറങ്ങുമ്പോൾ പകരം ആര്? ബെഹ്റയോ വിശ്വാസ് മേത്തയോ? ചീഫ് സെക്രട്ടറിയുടെ പേരുവെട്ടാൻ നീക്കമെന്ന് സംശയിച്ച് ഒരുവിഭാഗം; ഐഎഎസുകാരുടെ രാത്രി കൂട്ടായ്മകളിൽ സർക്കാർ രഹസ്യം ചോരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് കെട്ടിച്ചമച്ചതോ?
തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മിഷണർ പദവിയിൽ നിന്ന് അടുത്തയാഴ്ച വിൻസൻ എം പോൾ പടിയിറങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് ആരെത്തും എന്ന കാര്യത്തിൽ ഭരണവൃത്തങ്ങളിൽ ചർച്ച സജീവം. ചീഫ് സെക്രട്ടറി വിശ്വാസ മേത്ത, ഡിജിപി ലോക്നാഥ് ബഹ്റ, നെതർലൻഡ്സിൽ അംബാസഡർ ആയ വേണു രാജാമണി എന്നീ മൂന്നു പേരുകളാണ് തസ്തികയിൽ സജീവമാകുന്നത്. ഈ മൂന്നു പേരുകളിൽ ആരെ നിയമിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. അടുത്ത ഫെബ്രുവരി വരെ കാലാവധിയുണ്ട് 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക്. വരുന്ന ജൂണിലാണ് ബെഹ്റ വിരമിക്കുന്നത്. പൊലീസ് മേധാവി പദവിയിൽ മൂന്നു വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ഡിജിപി പദവിയിൽ മൂന്നു വർഷം തികച്ചതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബഹ്റയ്ക്ക് പടിയിറങ്ങെണ്ടി വരും. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സർക്കാരിനു ഇടയേണ്ടി വരും. അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബഹ്റയെ മാറ്റാനുള്ള സാധ്യത അധികരിക്കുകയാണ്. രാജാമണി കൂടി പദവിയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ബെഹ്റ- വിശ്വാസ് മേത്ത പേരുകൾ തന്നെയാണ് സജീവമാകുന്നത്.
ബെഹ്റ ഈ തസ്തികയിൽ കണ്ണ് വയ്ക്കുന്നു എന്ന സൂചനകൾ വരുമ്പോൾ തന്നെ വിശ്വാസ് മേത്തയുടെ പേരു വെട്ടാനുള്ള കളികളും അണിയറയിൽ ശക്തമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഈ കഴിഞ്ഞ ദിവസം വന്ന ഇന്റലിജൻസ് റിപ്പോർട്ട് വിശ്വാസ് മേത്തയെ ലക്ഷ്യംവെച്ചുള്ള റിപ്പോർട്ട് ആണെന്ന സംസാരം അണിയറയിൽ ശക്തമാണ്. കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരുമായി ഐഎഎസ് ഉദ്യോഗസ്ഥർ അടുപ്പം വയ്ക്കുന്നു എന്നും സർക്കാർ രഹസ്യങ്ങൾ പുറത്തു പോകുന്നുവെന്നുമാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്ന സുരേഷുമായി ഉള്ള വഴിവിട്ട ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്കു ചോർന്നു കിട്ടിയത് ഐഎഎസ് ഉദ്യോഗസ്ഥരും റോയുടെ ഉദ്യോഗസ്ഥനായ കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വഴുതക്കാട്ടെ ആർടെക്ക് കല്യാണി ഫ്ളാറ്റിൽ ഐഎഎസുകാർ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സർക്കാർ ഫയലുകളിലെ രഹസ്യങ്ങൾ പോലും ചോർന്നതെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനക്കാരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കാണു സംഗമത്തിൽ മുൻതൂക്കം. റിപ്പോർട്ട് ചീഫ് സെക്രട്ടറിയെ ലക്ഷ്യംവെച്ചുള്ളതായിരുന്നു എന്നാണ് സംസാരം. ഐഎഎസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളിലുള്ള ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയുടെ വഴിമുടക്കലാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് എന്നാണ് സൂചനകൾ. പല ഉദ്യോഗസ്ഥരും ഈ രീതിയിൽ തന്നെയാണ് റിപ്പോർട്ടിനെ കാണുന്നതും. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇവർ പെരുമാറുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് ഐഎഎസുകാരുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യും വിധമാണ് എന്നാണ് മിക്ക ഉദ്യോഗസ്ഥരും കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ചിലരുടെ സൃഷ്ടിയാണ് എന്ന സംശയം ചില ഉദ്യോഗസ്ഥർക്കുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥർ വഴിയാണ് ലൈഫ് മിഷൻ, ശിവശങ്കർ ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കിട്ടിയത് എന്ന് വരുമ്പോൾ സ്വാഭാവികമായും മുഖ്യമന്ത്രി ഐഎഎസുകാർക്ക് എതിരാകും. സർക്കാരിന്റെ നിലനിൽപ്പ് തന്നെ വെള്ളത്തിലാക്കി തുടർ ഭരണ സാധ്യതകൾ പൂർണമായി അടച്ച അന്വേഷണമാണ് സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ പ്രശ്നങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പദവി നഷ്ടമായതിനു പിന്നിൽ ഇഡി, എൻസിബി ഏജൻസികൾ നടത്തിയ അന്വേഷണമായിരുന്നു. സ്വർണ്ണക്കടത്ത് പിണറായി സർക്കാരിനെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയെ പിടിച്ചു കുലുക്കിയത് മകൻ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ-മയക്കുമരുന്ന് കടത്ത് ബന്ധങ്ങളാണ്.
സ്വാഭാവികമായും കേന്ദ്ര ഏജൻസികൾക്ക് എതിരെ അതിരൂക്ഷമായ വികാരമാണ് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കുമുള്ളത്. ഈ സമയത്ത് തന്നെയാണ് ബഹ്റയുടെ പേരിനൊപ്പം മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പേരുകൂടി കടന്നുവരുന്നത്. ഈ വികാരം മാത്രം മതി ചീഫ് സെക്രട്ടറിയുടെ പേര് വെട്ടാനും ബഹ്റയുടെ പേര് പ്രതിഷ്ടിക്കാനും. അതുകൊണ്ട് തന്നെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇന്റലിജൻസ് റിപ്പോർട്ടിനു നേരെ തിരിയുന്നത്. ഈ രണ്ടു പേരുകൾ കഴിഞ്ഞു മാത്രമേ രാജാമണിക്ക് സാധ്യത വരുന്നുള്ളൂ. ഒട്ടുവളരെ നടപടിക്രമങ്ങളാണ് മുഖ്യ വിവരാവകാശ കമ്മിഷണർ പോസ്റ്റിലേക്ക് വരുന്നത്.
മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിൽ നിന്ന് വിൻസെന്റ് പോൾ പടിയിറങ്ങിയാൽ തസ്തിക സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കണം. ഈ പോസ്റ്റിലേക്ക് അപേക്ഷകൾക്ക് മൂന്നാഴ്ച കാത്തിരിപ്പ്. അതുകഴിഞ്ഞ് പദവിയിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ അംഗങ്ങളായ സമിതി പേര് അംഗീകരിക്കണം. പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ വിയോജിപ്പ് രേഖപ്പെടുത്താം. ആളെ മാർഗനിർദ്ദേശം ചെയ്തു കഴിഞ്ഞാൽ ഫയൽ ഗവർണർക്ക് വിടണം. പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഗവർണർ പരിശോധിക്കും. ഗവർണറുടെ അനുമതി കൂടി ലഭിച്ച ശേഷമേ മുഖ്യ വിവരാവകാശ കമ്മിഷണറുടെ പേര് പ്രഖ്യാപിക്കാൻ സർക്കാരിനു കഴിയുകയുള്ളൂ.
ഒരു വിവരാവകാശ കമ്മിഷണറുടെ പോസ്റ്റ് നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിൽ പ്രതിക്കൂട്ടിലായ സിപിഎം നേതാവ് എ.എ.റഷീദിന്റെ പേരാണത്. റഷീദിന്റെ പേര് സർക്കാർ ഗവർണർക്ക് അയച്ചെങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ അനുമതി നൽകിയില്ല. അതിനു ശേഷമാണ് ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ. എ എ റഷീദിനു നൽകിയത്. പക്ഷെ പേര് ഗവർണർ മടക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിക്കാൻ മടിയായിരുന്നു. അതുകൊണ്ട് തന്നെ ഈ പോസ്റ്റിലേക്ക് വേറെ പേര് സർക്കാർ നിർദ്ദേശിച്ചില്ല. ഇതേ പേര് തന്നെയാണ് ഇപ്പോഴും വിവരാവകാശ കമ്മിഷണർ പോസ്റ്റിലേക്ക് ഉള്ളത്. ഈ പേര് ഇപ്പോഴും ഗവർണറുടെ പരിഗണനയിലാണ്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.