പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരിയെ ഒന്നര കിലോമീറ്ററിനപ്പുറം റോഡരികിൽ കണ്ടെത്തി. നാടോടി സ്ത്രീ തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ചതാണെന്ന് അഭ്യൂഹം. സംഭവം സംബന്ധിച്ച് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു.

റാന്നി തെക്കേപ്പുറം പൂതമ്പാറ മരുതിവേലിക്കുഴിയിൽ അനിമോന്റെ മകൾ ഐറിനെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ കാണാതായത്. വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടയിൽ ഒന്നര കിലോമീറ്റർ അകലെ പാലച്ചുവട് സാൽവേഷൻ ആർമി പള്ളിക്കു സമീപം കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഓട്ടോറിക്ഷയിൽ എത്തിയവർ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത് കണ്ടവരുണ്ടെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ഇത് വെറും അഭ്യൂഹം മാത്രമാണോയെന്ന് പരിശോധിച്ചു വരികയാണ്. പ്രചരിക്കുന്ന കഥയിൽ നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നും ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ വച്ച് കുട്ടിയെ മറ്റൊരു ഉടുപ്പ് ധരിപ്പിച്ചുവെന്നും പറയുന്നു.

കുഞ്ഞ് കരയാതിരിക്കാൻ വായിൽ നിറയെ മിഠായി തിരുകിയത്രേ. കുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിൽ വഴിയിൽ ഉപേക്ഷിക്കാനിടയായ സാഹചര്യവും സഹിതം പൊലീസ് അന്വേഷണം തുടങ്ങി. അടുത്തടുത്ത് വീടുകൾ ഉള്ള പ്രദേശമാണ്. ഓട്ടോയിൽ വന്ന കഥയൊക്കെ ആരുടെയെങ്കിലും ഭാവനയിൽ വിരിഞ്ഞതാണോയെന്നും സംശയമുണ്ട്.