- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരുണാചലിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി; മിറം തരോമിനെ തിരിച്ചേൽപ്പിച്ചത് ഒരാഴ്ചയ്ക്ക് ശേഷം; വിവരം അറിയില്ലെന്ന് പിഎൽഎ ആദ്യം നടിച്ചെങ്കിലും വഴങ്ങിയത് ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലോടെ
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി. മിറം തരോമിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് കൈമാറിയത്. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ സ്വദേശിയുടെ കൈമാറ്റം. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരണിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അപ്പർ സിയാങ് ജില്ലയിൽ നിന്ന് ഈ മാസം 18ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എംപി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ മിറം തരോം പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
മിറം തരണിന്റെ സുഹൃത്ത് ജോണി യൈയിങ് ആണ് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്. സാങ്പൊ നദി അരുണാചലിലേക്ക് പ്രവേശിക്കുന്ന ലുങ്ത ജോർ മേഖലയിൽനിന്നാണ് മിറമിനെ പിടിച്ചുകൊണ്ടുപോയെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. 2020 സെപ്റ്റംബറിൽ അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിൽനിന്ന് അഞ്ച് യുവാക്കളെ പി.എൽ.എ തട്ടിക്കൊണ്ടുപോയിരുന്നു.
മിറമിനെ കൈമാറിയെന്ന വിവരം സ്ഥിരീകരിക്കാതിരുന്ന ചൈന പകരം ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണ് നൽകിയത്. ഉഭയകക്ഷി കരാറുകൾ കർശനമായി പാലിക്കണമെന്നും, അതിർത്തി മേഖലയിൽ സാധാരണ സാഹചര്യം നിലനിർത്തണമെന്നും ചൈനീസ് വക്താവ് കേണൽ ലോങ് ഷവോഹുവ ആവശ്യപ്പെട്ടു. പട്രോളിങ്ങിനിടെ ചൈനീസ് അതിർത്തി ഗാർഡുകളാണ് ഇന്ത്യൻ പൗരനെ കണ്ടെത്തിയത്. ഇയാൾ അനധികൃതമായി ചൈനീസ് മേഖലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലടക്കം മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും ചൈനീസ് വക്താവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ