മുബൈ: അതിർത്തിയിൽ ചൈന നടത്തിയ അതിക്രമങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ. ചൈനയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് അനുമതി വൈകുന്നതാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ചൈന പ്രകോപനം കൂടാതെ അതിർത്തിയിൽ അക്രമം അഴിച്ചുവിട്ടതിനെ തുടർന്നാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. പല ചൈനീസ് ഉത്പന്നങ്ങളും തുറമുഖങ്ങളിൽ കെട്ടികിടക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻറേർഡ്) പോലുള്ള ഏജൻസികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതുമൂലം ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ചൈനീസ് കമ്പനികൾക്കും മൊബൈൽ അടക്കം തങ്ങളുടെ ഉൽപ്പന്നങ്ങൾ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനു തിരിച്ചടിയായി രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ സ്വീകരിക്കുന്ന കർശന നിലപാടുകളുടെ ഫലമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചൈനീസ് വാണിജ്യ വിദേശകാര്യ മന്ത്രാലയങ്ങളും ഇതേപറ്റി പ്രതികരിച്ചില്ല.

അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട് ഫോൺ വിൽക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസർ, എംഐ കമ്യൂണിറ്റ് ആപ് തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും തദ്ദേശിയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രതീരുമാനത്തിന്റെ തുടർച്ചയായി ചൈനയിൽ നിന്ന് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് നിയന്ത്രണം കർക്കശമാക്കുമെന്നുമാണ്‌ റിപ്പോർട്ട്.

കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവുടെ ഇറക്കുമതിക്ക് ലൈസൻസ് നിർബന്ധമാക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്പന്നങ്ങൾക്ക് സ്റ്റാൻറേർഡ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്താനുള്ള കാലതാമസമാണ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി അനുമതി വൈകുന്നതിലുള്ള പ്രധാനകാരണം. ചൈനയിൽ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ​ഗാൽവാനിലെ ഏറ്റുമുട്ടലിന് ശേഷമാണ് ഇന്ത്യ വ്യാപാര രം​ഗത്തും ചൈനയോട് നിലപാട് കടുപ്പിച്ചത്.

ഗൽവാനിലെ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വേണ്ടി വീര ചരമം പ്രാപിച്ചത് 20 സൈനികരാണ്. അതിന്റെ ഇരട്ടി നഷ്ടം ചൈനയ്ക്കുണ്ടായി. എന്നിട്ടും അതിർത്തിയിൽ നിന്ന് അവർ പിന്മാറിയില്ല. പിന്നീട് സോഷ്യൽ മീഡിയയിലെ സർജിക്കൽ സ്‌ട്രൈക്. ചൈനീസ് ആപ്പ് കമ്പനികൾക്ക് ഇന്ത്യയിൽ നിരോധനം വന്നു. ടിക് ടോക് പോലും കഷ്ടത്തിലായി. പിന്നെ പതിയെ അതിർത്തിയിൽ നിന്ന് ചൈന പിന്മാറി. സൈനിക തല ചർച്ചയും തുടങ്ങി. ഇതിനിടയിലും ഇന്ത്യ സമ്മർദ്ദം തുടരുകയാണ്.

അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരെ തന്ത്രപരമായി നേരിടുകയാണ് ഇന്ത്യ. ചൈനീസ് അതിർത്തി സംഘർഷത്തിനു പിന്നാലെ വാണിജ്യ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രാലയം രംഗത്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ചൈനയാണ്. ഇന്ത്യയിലെ വാണിജ്യ-വ്യാപാര മോഹങ്ങളെയാണ് അത് തകർക്കുന്നത്. അതിർത്തിരാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി.

ദേശസുരക്ഷ കണക്കിലെടുത്തു ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് പുതിയ നടപടിയെന്ന് മന്ത്രാലയ അധികൃതർ പറഞ്ഞു. ചൈന, നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മർ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു കച്ചവടവും അനുവദിക്കില്ല. പാക്കിസ്ഥാനുമായി നേരത്തെ തന്നെ വലിയ കച്ചവട ബന്ധങ്ങൾ ഇന്ത്യയ്ക്കില്ല. ഇന്ത്യയെക്കാൾ മികച്ച സമ്പദ് വ്യവസ്ഥയുള്ളത് ചൈനയ്ക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം അവരെ മാത്രമേ ബാധിക്കുകയുള്ളൂ. ഇതോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതി വലിയ തോതിൽ കുറയും.

ഇനി മുതൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിൽ (ഡിപിഐഐടി) രജിസ്റ്റർ ചെയതെങ്കിൽ മാത്രമേ പദ്ധതി അപേക്ഷ സമർപ്പിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളു. വിദേശകാര്യ, ആഭ്യന്തര, ധന മന്ത്രാലയങ്ങളിൽനിന്നു രാഷ്ട്രീയ, സുരക്ഷാ അനുമതി മുൻകൂട്ടി വാങ്ങുകയും വേണം. ഡിസംബർ 31 വരെ കോവിഡ് മരുന്നുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.