പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ പങ്കെടുക്കണമെന്ന് കാട്ടി കുടുംബശ്രീയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ച എഡിഎസ് ചെയർപേഴ്സൺ ഖേദം പ്രകടിപ്പിച്ചു. ചിറ്റാർ പഞ്ചായത്ത് 10-ാം വാർഡിലെ എഡിഎസ് ചെയർപേഴ്സൺ ആണ് ശബ്ദസന്ദേശം വഴി ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

ഇന്നലെ ചിറ്റാർ ടൗണിൽ നടന്ന പരിപാടിക്ക് ആളെക്കൂട്ടാൻ വേണ്ടിയായിരുന്നു കുടുംബശ്രീ ഗ്രൂപ്പിൽ ചെയർപേഴ്സൺ ഭീഷണി സന്ദേശം ഇട്ടത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമെന്നും വരാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നുമായിരുന്നു ശബ്ദസന്ദേശം. ഇത് വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്നു.

ചിറ്റാർ പഞ്ചായത്ത് പത്താം വാർഡിലെ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മെസേജ് ഇട്ടതെന്നും ഇത് പാർട്ടിയുടെ പരിപാടിയാണെന്ന് അറിയില്ലായിരുന്നുവെന്നും പറയുന്ന ശബ്ദ സന്ദേശത്തിൽ വിവാദമായ മെസേജ് ഇട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുൻപിട്ട മെസേജ് പ്രകാരം ആരും പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്നും താത്പ്പര്യമുള്ളവർ മാത്രം പോയാൽ മതിയെന്നുമാണ് ശബ്ദ സന്ദേശം.

ഇന്ന് വൈകിട്ട് മൂന്നിന് ചിറ്റാർ ടൗണിൽ നടക്കുന്ന സെമിനാർ സിപിഎം നേതാവും മുന്മന്ത്രിയുമായ പികെ ശ്രീമതിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ചംഗങ്ങളെ വീതം പങ്കെടുപ്പിക്കണമെന്നും സെറ്റു സാരിയും മെറൂൺ ബ്ലൗസും ധരിച്ച് വരണമെന്നുമായിരുന്നു ആദ്യം അയച്ച ശബ്ദസന്ദേശം. വരാതിരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതാണ് വിവാദമായത്. പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയായ കെയു ജനീഷ് കുമാർ മുൻകൈയെടുത്താണ് സ്വന്തം നാടായ ചിറ്റാറിൽ ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചത്.

ശബ്ദസന്ദേശം മാധ്യമങ്ങൾ പുറത്തു വിട്ടതോടെ ഡിവൈഎഫ്ഐ നേതൃത്വം വെട്ടിലായി. ഒടുവിൽ കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കി തലയൂരുകയായിരുന്നു.